തിരുവനന്തപുരം: എൻഎസ്എസുമായുള്ള ശീത സമരത്തിന്റെ മഞ്ഞുരുക്കാനുള്ള നീക്കവുമായി സർക്കാർ. ശബരിമല വിഷയത്തിൽ എൻഎസ്എസുമായി ചർച്ച നടത്താൻ സർക്കാരിന് തുറന്ന മനസെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ല. തിരുവനന്തപുരത്ത് എൻഎസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിലൂടെ ഇടഞ്ഞ് നിൽക്കുന്ന സംഘടനയെ അനുനയിപ്പിക്കാൻ ആകുമെന്നാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. എൻഎസ്എസ് മഹനീയ പാരമ്പര്യമുള്ള സംഘടനയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. മേലാംകോട് എൻഎസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സർക്കാരിനെതിരെ സുകുമാരൻ നായർ രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെയാണ് എൻഎസ്എസുമായി ചർച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപള്ളി വ്യക്തമാക്കിയത്.

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമില്ല. സാമൂഹ്യവിരുദ്ധരെ ഒഴിവാക്കാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള മേലാംകോട് എൻഎസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണം സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യംവച്ചെന്നും കടകംപള്ളി പറഞ്ഞു. അതേസമയം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വങ്ങളിലെ ഉദ്യോഗ സംവരണത്തിന്റെ പേരിൽ ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ ആരോപിച്ചിരുന്നു. കരയോഗ മന്ദിരങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് ആരാണെന്നറിയാം. ഈ കളി വേണ്ട. ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് എൻഎസ്എസിനും സമുദായാംഗങ്ങൾക്കും ഉണ്ടെന്ന് ഇക്കൂട്ടർ ഓർക്കണമെന്നും ജനറൽ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.