- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ സംസാരിച്ച ശേഷം ഉദ്യോഗാർത്ഥികളുടെ മുഖത്തുനിന്ന് കുറ്റബോധം താൻ വായിച്ചെടുത്തു; അവരുടെ മനസു വിഷമിച്ചെങ്കിൽ അത് കുറ്റബോധം മൂലം; റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരെയും എടുത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? ഒഴിവുകൾക്ക് അനുസരിച്ചല്ലേ ആളുകളെ എടുക്കാറുള്ളത്; ലയ രാജേഷിന്റെ ആരോപണത്തോട് പ്രതികരിച്ചു മന്ത്രി കടകംപള്ളി
തിരുവനന്തപുരം: തന്നെ കാണാൻ വന്ന ഉദ്യോഗാർത്ഥികളുടെ മനസ് വിഷമിച്ചെങ്കിൽ അത് കുറ്റബോധം മൂലമാണെന്ന പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ സംസാരിച്ച ശേഷം ഉദ്യോഗാർത്ഥികളുടെ മുഖത്തുനിന്ന് കുറ്റബോധം താൻ വായിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ നേതാക്കളായല്ല ഉദ്യോഗാർത്ഥികൾ എന്ന നിലയിലാണ് അവരോട് സംസാരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പിന്നീട് പറഞ്ഞു. സർക്കാർ നല്ലത് മാത്രമെ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സംസാരത്തിൽ ഉദ്യോഗാർത്ഥികൾക്ക് സങ്കടം ഉണ്ടായെങ്കിൽ അത് സ്വഭാവികം മാത്രമാണ്. അത് കുറ്റബോധത്തിൽ നിന്ന് ഉണ്ടായ സങ്കടം ആണെന്നും മന്ത്രി പറഞ്ഞു.
പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് ഒരാളെ പോലും എടുക്കാതെ പട്ടിക റദ്ദാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുള്ളകാര്യം ഓർക്കുന്നുണ്ടോയെന്ന് ഉദ്യോഗാർത്ഥികളോട് ചോദിച്ചു. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരെയും എടുത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ. ഒഴിവുകൾക്ക് അനുസരിച്ചല്ലേ ആളുകളെ എടുക്കാറുള്ളത്. നിങ്ങൾ ഇന്ന് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മനസാക്ഷിക്ക് നിരക്കുന്നതാണോയെന്ന് ഉദ്യോഗാർഥികളോട് താൻ ചോദിച്ചതായും മന്ത്രി പറഞ്ഞു.
ഒരു നല്ല സർക്കാരിനെതിരെ സമരം ചെയ്തതിലുള്ള കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടാകാം എന്നും യൂത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും ഒക്കെ കളിപ്പാവയായി മാറിയിട്ടുണ്ടോയെന്ന് ഉദ്യോഗാർത്ഥികൾക്ക് തോന്നുണ്ടാകാം എന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് അവർക്ക് സങ്കടം തോന്നുന്നത് സ്വഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനുവാദം വാങ്ങിയിട്ടോ, ചോദിച്ചിട്ടോ താൻ പറഞ്ഞിട്ടോ അല്ല ഉദ്യോഗാർത്ഥികൾ തന്നെ കാണാൻ വന്നതെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. ലയയും റിജുവു ഉൾപ്പെടെ മൂന്ന് പേർ ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ മന്ത്രിയുടെ സമീപനം തങ്ങളെ ഞെട്ടിച്ചുവെന്നാണ് ചർച്ചയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
583 ാം റാങ്കുള്ള ലയയ്ക്ക് റാങ്ക് ലിസ്റ്റ് പത്ത് വർഷം നീട്ടിയാലും ജോലി ലഭിക്കുമെന്ന് വിചാരിക്കുന്നുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. നല്ലത് മാത്രം ചെയ്തൊരു സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുക്കളുടെ കൈയിലെ കരുവായിട്ടല്ലേ നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം ഉദ്യോഗാർത്ഥികളോട് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ സമീപനം തങ്ങളെ ഞെട്ടിച്ചുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ