കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ സാഹിത്യ പേജുകളിൽ മുൻപന്തിയിലുള്ള കടലാസ് തങ്ങളുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ ഉണ്ണി ആർ, റഫീഖ് അഹമ്മദ്, സിനിമാതാരം വിനയ് ഫോർട്ട്, അശ്വതി ശ്രീകാന്ത്, സംവിധായകരായ ബേസിൽ ജോസഫ്, ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് പുസ്തകം ഓൺലൈനായി പ്രകാശനം ചെയ്തത്. കടലാസിൽ വന്ന തിരഞ്ഞെടുത്ത 145 എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിലുള്ളത്. എല്ലാ പേജുകളും കളർ ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപവും വളരെ വ്യത്യസ്തമാണ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നിൽ ബിബിൻ ജോസ് എന്ന ഒരു വൈദികനാണ്. എഴുത്തും കലയും നവമാധ്യമങ്ങളിലക്ക് കൂടി വഴിമാറുന്ന ഈ കാലഘട്ടത്തിൽ ഒരു വ്യത്യസ്തമായ പാതയിലൂടെ എഴുത്തു കൂട്ടായ്മയെ വളർത്തിയെടുക്കുകയാണ് അദ്ദേഹം.

2013 കേരളപ്പിറവി ദിനത്തിലാണ് കടലാസ് സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കമിട്ടത്. ഫേസ്‌ബുക്ക് ആയിരുന്നു കടലാസിന്റെ ആദ്യ ഇടം. പിന്നീടത് ഇൻസ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്കും വഴിമാറി. ഏഴു വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ എഴുത്ത് യാത്രയിൽ അറിയപ്പെടാത്ത മൂവായിരത്തിൽപ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താൻ സാധിച്ചു. ജാതിമതഭേദമന്യേ എല്ലാവരുടെയും കഴിവുകളെ വിളിച്ചുപറയുകയാണ് കടലാസ്. അതുകൊണ്ടുതന്നെ 'ഒളിച്ചുവയ്ക്കാൻ ഉള്ളതല്ല, വിളിച്ചുപറയാൻ ഉള്ളതാണ് കല' എന്നതാണ് കടലാസിന്റെ ടാഗ്ലൈൻ.

മൂന്നുവർഷം മുമ്പ് മൂന്നരലക്ഷം ഫോളോവേഴ്‌സ് എത്തി നിന്നപ്പോൾ ഹാക്ക് ചെയ്യപ്പെട്ടതാണ് ഈ പേജ്. എന്നിട്ടും തളരാതെ മുൻപോട്ട് പോവുകയാണ് കടലാസ്. എഴുത്തുകാരിലൂടെ കലകളിലൂടെ മറ്റൊരു ലോകത്തിന്റെ നിർമ്മിതിക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കടലാസ്.