- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീ പിടിക്കാൻ കടമ്പനാട് പഞ്ചായത്തിൽ സിപിഎം കളി; അഞ്ചാം വാർഡിൽ ചട്ടം ലംഘിച്ച് രൂപീകരിച്ചത് മൂന്നു പുതിയ യൂണിറ്റുകൾ; എഡിഎസും സിഡിഎസും എതിർത്തു: രാജശാസനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്: കലക്ടറെയും കോടതിയെയും സമീപിച്ച് കുടംബശ്രീ അംഗങ്ങൾ
കൊല്ലം: കടമ്പനാട് പഞ്ചായത്തിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ സിപിഎമ്മിന്റെ ശ്രമം. ചട്ടം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ പുതുതായി രൂപീകരിച്ചു. പ്രസിഡന്റും ലോക്കൽ കമ്മറ്റി അംഗവും ചേർന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഇങ്ങനെ യൂണിറ്റ് രൂപീകരിക്കാൻ കഴിയില്ലെന്ന് കുടുംബശ്രീ ചെയർപേഴ്സണും എഡിഎസും സിഡിഎസും അറിയിച്ചപ്പോൾ താൻ പറയുന്നത് അനുസരിച്ചാൽ മതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ രാജശാസനം.
കോൺഗ്രസിലെ ശിവദാസനാണ് അഞ്ചാം വാർഡിലെ പഞ്ചായത്തംഗം. അഞ്ചു കുടുംബശ്രീ യൂണിറ്റുകളാണ് വാർഡിലുള്ളത്. ഇതിൽ രണ്ടെണ്ണത്തിന് മാത്രമാണ് സിപിഎമ്മിന് മുൻതൂക്കമുള്ളത്. ശേഷിച്ച മൂന്നെണ്ണം പാർട്ടിക്ക് അതീതമാണ്. ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടി സിപിഎം ഏരിയാ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് നേരിട്ടെത്തി മൂന്നു യൂണിറ്റ് രൂപീകരിച്ചത്. വരാൻ പോകുന്ന എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ യൂണിറ്റുകളുടെ രൂപീകരണം. ഇങ്ങനെ രൂപീകരിക്കുന്ന യൂണിറ്റുകൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. അതിന് മുന്നോടിയായി വാർഡിൽ മൂന്നു മാസം പ്രവർത്തിക്കണം.
ഇവയുടെ പ്രവർത്തനം മികച്ചതാണെന്ന് തോന്നിയെങ്കിൽ മാത്രമേ എഡിഎസ് ഇതിന്റെ രജിസ്ട്രേഷനായി ശിപാർശ ചെയ്യുകയുള്ളൂ. വാർഡ് തല കുടുംബശ്രീ സമിതി അറിയാതെയാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി മൂന്നു യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ എഡിഎസ് അംഗങ്ങളുടെ യോഗം ചേർന്ന ദിവസം പ്രസിഡന്റ് പുതിയ മൂന്നു യൂണിറ്റുകളും രൂപീകരിച്ചു കൊണ്ടുള്ള പേപ്പറുകൾ കുടുംബശ്രീ ചെയർപേഴ്സൺ അജു ബിജുവിന് കൈമാറി. ഇത് അഞ്ചാം വാർഡ് എഡിഎസുകാരെ കൊണ്ട് ഒപ്പിട്ട് വാങ്ങണമെന്നും നിർദേശിച്ചു.
അങ്ങനെ ചെയ്യാൻ തനിക്ക് അധികാരമില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞപ്പോൾ താൻ പറഞ്ഞത് അങ്ങു ചെയ്താൽ മതിയെന്നായി പ്രസിഡന്റ്. 17 വാർഡിലെയും എഡിഎസ് മീറ്റിങ് നടന്നപ്പോൾ കുടുംബശ്രീ ചെയർപേഴ്സൺ പുതിയ യൂണിറ്റുകളുടെ കാര്യം അവതരിപ്പിച്ചു. തങ്ങൾ അറിയാതെ രൂപീകരിച്ച യൂണിറ്റുകൾ അനുവദിക്കാൻ പറ്റില്ലെന്ന് അഞ്ചാം വാർഡിൽ നിന്ന് വന്നവർ പറഞ്ഞു. രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ മുന്നു യൂണിറ്റുകളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഒരേ കൈയക്ഷരത്തിലാണെന്ന് കണ്ടെത്തി. പ്രസിഡന്റ് ഈ വിഷയത്തിൽ നാറുമെന്ന് മനസിലാക്കിയ പാർട്ടി ഏരിയാ-ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടു.
പ്രസിഡന്റിന് തട്ടു കേടുണ്ടാകാത്ത വിധം പ്രശ്നം പരിഹരിക്കണമെന്ന് ഇവർ കുടുംബശ്രീ ചെയർപേഴ്സന് നിർദ്ദേശം നൽകി. ഒരാഴ്ച മുൻപ് വീണ്ടും ചേർന്ന എഡിഎസ് യോഗത്തിൽ വിഷയം അവതരിപ്പിച്ചു. അംഗങ്ങൾ എതിർക്കുകയും ചെയ്തു. താൻ പറയുന്നതു പോലെ മിനുട്സ് എഴുതണമെന്ന് പ്രസിഡന്റ് വാശി പിടിച്ചു. യോഗത്തിനുണ്ടായിരുന്ന അസി. സെക്രട്ടറി ശ്രീലത ഇതിന് തയാറായില്ല. നിയമം വിട്ട് തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.
പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാൽ കുടുംശ്രീ ചെയർ പേഴ്സൺ പ്രസിഡന്റിനൊപ്പം നിലയുറപ്പിച്ചു. എഡിഎസുകൾ ഇത് അംഗീകരിച്ചില്ല. അവർ കോടതിയെ സമീപിച്ചിട്ടുണ്ട്.
നന്നായി പ്രവർത്തിച്ചിരുന്ന ജീവൻ കുടുംബശ്രീ യൂണിറ്റിലും പ്രസിഡന്റിന്റെ കൈ കടത്തൽ ഉണ്ടായി. ഒരു ദിവസം പ്രസിഡന്റ് യോഗം വിളിച്ചു ചേർത്ത് യൂണിറ്റിൽ തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പേരുകൾ പ്രഖ്യാപിച്ചു. ശേഷിച്ച ഭാരവാഹികളെ നിങ്ങൾ തെരഞ്ഞെടുത്തോളാൻ പറയുകയും ചെയ്തു. 14 അംഗ കുടുംബശ്രീയിൽ നാലു പേർ മാത്രം പ്രസിഡന്റിന്റെ നടപടിക്കൊപ്പം നിന്നു. 10 പേർ എതിർത്തു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റിനോ പഞ്ചായത്ത് അംഗത്തിനോ അവകാശമില്ലെന്നും എഡിഎസോ സിഡിഎസോ നിർദേശിക്കാതെ ഒരു തെരഞ്ഞെടുപ്പ് തങ്ങൾ അംഗീകരിക്കില്ലെന്നും ഭൂരിപക്ഷ അംഗങ്ങൾ പറഞ്ഞു. തുടർന്ന് ഇവർ സിഡിഎസിന് പരാതി നൽകി. ഇതിനിടെ രണ്ട് അംഗങ്ങളെ ആനുകൂല്യം നൽകില്ലെന്ന് പറഞ്ഞ് വിരട്ടി തന്റെ പക്ഷത്തേക്ക് പ്രസിഡന്റ് ചേർത്തുവെന്ന് പറയുന്നു. ഇതോടെ യൂണിറ്റിലെ ആറു പേർ പ്രസിഡന്റിനൊപ്പവും എട്ടു പേർ മറുപക്ഷത്തുമായി. സിഡിഎസിന് നൽകിയ പരാതിയിൽ ഹിയറിങ് നടത്തിയത് മൂന്നാഴ്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ചേംബറിലാണ്. താൻ പറഞ്ഞത് അംഗീകരിച്ചാൽ മതിയെന്ന് പ്രസിഡന്റ് അംഗങ്ങളോട് തട്ടിക്കയറിയെന്ന് പറയുന്നു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ എംഡിസിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതേ രീതിയിൽ തന്നെ മറ്റു കുടുംബശ്രീ യൂണിറ്റുകളിലും ഇവർ തെരഞ്ഞെടുപ്പിന് ശ്രമിച്ചു. ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടി ചില അംഗങ്ങളെ കൈയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും ഇങ്ങോട്ടു പറയണ്ട താൻ പറയുന്നത് കേട്ടാൽ മതിയെന്നാണ് പ്രസിഡന്റിന്റെ രാജശാസനം. നിയമവും ചട്ടവുമൊന്നും തനിക്ക് ബാധകമല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്നാൽ ഇന്ത്യൻ പ്രസിഡന്റിനേക്കാൾ വലിയ പദവിയാണെന്ന് പ്രിയങ്ക പ്രതാപ്് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
22 വയസു മാത്രമുള്ള പ്രിയങ്ക പ്രതാപ് കസേരയിൽ കയറിയതിന് ശേഷം തൊട്ടതെല്ലാം വിവാദമാണ്. പാർട്ടിയുടെ പിൻസീറ്റ് ഡ്രൈവിങ്ങാണ് ഇവരെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്. സിപിഎം ഏരിയാ നേതാവിന്റെയും കടമ്പനാട്ടെ ലോക്കൽ നേതാവിന്റെയും വചനങ്ങൾക്ക് അനുസരിച്ച് മാത്രമാണ് പ്രസിഡന്റ് മുന്നോട്ടു പോകുന്നത്. ഇവർ പിന്നിലുണ്ടെന്ന ധൈര്യത്തിൽ യാതൊരു പക്വതയും പാകതയുമില്ലാത്ത രീതിയിലാണ് പ്രിയങ്ക പെരുമാറുന്നത് എന്ന് പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ