പാലക്കാട്: ഏതു കുറ്റവാളിയും അയാളറിയാതെ ഒരുതെളിവ് അവശേഷിപ്പിക്കും. 'ദൃശ്യത്തിലെ' ജോർജ് കുട്ടിയെ പോലെ ക്രിമിനൽ ബുദ്ധി കാട്ടിയാൽ പിടിക്കപ്പെടില്ലെന്ന് കരുതുന്ന
കുറ്റവാളികൾ ഏറുന്നോ?  അങ്ങനെയങ്കിൽ അവർ കേരള പൊലീസിന്റെ അന്വേഷണ മികവിനെ കുറച്ചുകാണുകയായിരിക്കും. നാലരവർഷം മുമ്പ് നടന്ന കടമ്പഴിപ്പുറം, കണ്ണുകുറുശ്ശിയിൽ വൃദ്ധദമ്പതികളുടെ കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത് ക്രൈംബ്രാഞ്ചിലെ മിടുമിടുക്കരാണ്. ഏതു കുറ്റവാളിയും അവശേഷിപ്പിക്കുന്ന
ആ നിർണായക തെളിവുകൾ തേടിയുള്ള ഷെർലക് ഹോംസ് അന്വേഷണ രീതി തന്നെയാണ് ക്രൈംബ്രാഞ്ചിന് തുണയായത്.

കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവർഷമായി നടത്തിയ അന്വേഷണത്തിനാണ് ഫലം കണ്ടിരിക്കുന്നത്. റബർ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ നടന്ന കൊലപാതകം വൃദ്ധ ദമ്പതികളെ അടുത്ത് പരിചയമുള്ള ആരോ ആണ് ചെയ്തത് എന്ന് ക്രൈംബ്രാഞ്ച് ആദ്യമേ കണക്കുകൂട്ടി. തുടക്കത്തിൽ സംശയിച്ചവരുടെ പട്ടികയിൽ ഇല്ലാതിരുന്ന അയൽവാസിയാണ് ഒടുവിൽ പിടിയിലായത്. ഒരുതരത്തിൽ, കോവിഡ് വ്യാപനവും അന്വേഷണത്തിന് സഹായകമായി. കാരണം ചെന്നൈയിൽ ചായക്കട നടത്തിയിരുന്ന ആൾ നാട്ടിലെത്തിയതോടെ സംശയ ലിസ്റ്റിൽ പെടുകയായിരുന്നു. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു കെ രാജേന്ദ്രൻ (49) ആണ് നാലര വർഷത്തിനുശേഷം അറസ്റ്റിലായത്. 2016 നവംബർ 14നായിരുന്നു നാട് ഞെട്ടിയ ക്രൂരമായ കൊലപാതകം. കണ്ണുകുറുശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (55), ഭാര്യ അമ്മുക്കുട്ടി (52) എന്നിവരെ കിടപ്പുമുറയിലിട്ട് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായ ഈ കൊലപാതകം നടന്നത് മോഷണ ശ്രമത്തിന് ഇടയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മക്കൾ വിദേശത്തായതിനാൽ ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമ്മുക്കുട്ടി ധരിച്ച ആറരപ്പവൻ സ്വർണവും 4,000 രൂപയും നഷ്ടപ്പെട്ടിരുന്നു.

ഒറ്റപ്പെട്ട വീട്ടിലെ പാതിരാ കൊലപാതകം

റബർ തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീടിനെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് കൊല നടത്തിയതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഉറപ്പിച്ചിരുന്നുവെന്ന് പറഞ്ഞല്ലോ. കൊലയ്ക്ക് ശേഷം വീടിനുമുന്നിലെ കുടിവെള്ള ടാപ്പിൽ കൊലയാളി കൈയും ശരീരവും കഴുകിയതായി കണ്ടെത്തി. ദമ്പതിമാർ ഉറങ്ങുന്ന മുറിയിലേക്കുതന്നെ ഓടുപൊളിച്ച് ഇറങ്ങിയതും അടുത്തുപരിചയമുള്ള ആരോ എന്ന സൂചന നൽകി.

'ദൃശ്യം' മോഡൽ ആസൂത്രണം

പൊലീസ് അന്വേഷണം വരുമ്പോൾ സ്ഥലത്തുണ്ടായാൽ താനും കുരുങ്ങുമെന്ന് ഇയാൾക്ക് അറിയാമായിരുന്നു. അത് കണക്കുകൂട്ടി ദൃശ്യം സിനിമയിലെ പോലെ സംഭവ തലേന്ന് രാവിലെ ചെന്നൈക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ബസ്സിൽ വെച്ച് അയൽവാസിയായ സ്ത്രീക്ക് ടിക്കറ്റും എടുത്തുനൽകി. തുടർന്ന്, പാലക്കാടുവരെ ബസ്സിലെത്തിയശേഷം രാത്രി തിരിച്ച് കടമ്പഴിപ്പുറത്തെത്തി. കൊലയ്ക്ക് പിറ്റേന്ന് ചെന്നൈയിലക്ക് മടങ്ങുകയും ചെയ്തു. എന്നാൽ, കൂടാതെ, ദമ്പതിമാർ കൊല്ലപ്പെടുന്നതിന് തലേന്ന് കടമ്പഴിപ്പുറത്തുനിന്നുപോയ ഇയാൾ കൊലപാതകം പുറത്തറിഞ്ഞ 15-ന് രാത്രി 11.30-ന് ചെന്നൈയിലെ ലോഡ്ജിൽ മുറിയെടുത്തത് വിനയായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ റെയിൽവേസ്റ്റേഷനിലാണ് തലേന്ന് രാത്രി ഉറങ്ങിയതെന്ന് പറഞ്ഞ നുണയും തിരിച്ചടിയായി. ഇതോടെ ഇയാളെ കുറിച്ച് സംശയം ഏറുകയായിരുന്നു.

'കോവിഡും' അന്വേഷണത്തെ തുണച്ചു

നിരവധി പേരുടെ മൊഴിയും വിരലടയാളവും ശേഖരിച്ചു. ലക്ഷക്കണക്കിന് ഫോൺവിളികളും പരിശോധിച്ചു. ഒടുവിൽ സംശയമുള്ളവരെ വേഷം മാറി മാസങ്ങളോളം നിരീക്ഷിച്ചശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തിൽ, പട്ടികയിൽ ഇല്ലാതിരുന്നതിനാൽ രാജേന്ദ്രനെ സംശയിച്ചിരുന്നില്ല. ചെന്നൈയിലെ കോയമ്പേടിൽ ഒമ്പതാംക്ലാസ് പഠനകാലംമുതൽ അച്ഛനോടൊപ്പം ചായക്കട നടത്തിവരികയായിരുന്നു രാജേന്ദ്രൻ. ചൂടുവെള്ളവും മറ്റും സ്ഥിരമായി കൈയിൽ തട്ടി കൈരേഖയിൽ മാറ്റം വന്നതോടെ ആദ്യഘട്ടത്തിൽ സാമ്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. പിന്നീട് കോവിഡ് അടച്ചിടലിനെത്തുടർന്ന് ചായക്കടകൾ പൂട്ടിയതോടെ രാജേന്ദ്രൻ തിരിച്ച് കടമ്പഴിപ്പുറത്തെത്തി. ഇതോടെ രാജേന്ദ്രന്റെ കൈരേഖയ്ക്ക് സംഭവസ്ഥലത്തെ കൈരേഖകളുമായുള്ള സാമ്യം പൊലീസ് തിരിച്ചറിയുകയായിരുന്നു.

എന്തിന് അരു കൊല?

വളരെക്കാലം ദാരിദ്ര്യത്തിൽ കഴിഞ്ഞ ഗോപാലകൃഷ്ണനും ഭാര്യയും മക്കൾ വിദേശത്ത് ജോലി നേടിയതോടെയാണ് കൂലിപ്പണി അവസാനിപ്പിച്ചത്. നോട്ടുനിരോധനം നടന്ന സമയം കടമ്പഴിപ്പുറം രജിസ്റ്റർ ഓഫീസിനടുത്ത് മക്കൾക്ക് വീടുവയ്ക്കാൻ സ്ഥലം വാങ്ങാൻ ഇവർ പണം നൽകിയിരുന്നു. ഇതോടെ ദമ്പതികളുടെ കൈയിൽ ധാരാളം പണമുണ്ടെന്ന് നാട്ടുകാർക്കിടയിൽ സംസാരമായതാണ് പ്രതിയെ മോഷണത്തിന് പ്രേരിപ്പിച്ചത്. ചെന്നൈയിൽ ഹോട്ടൽ നടത്തിയിരുന്ന പ്രതിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഗോപാലകൃഷ്ണന്റെ വീടും പരിസരവും അടുത്തറിയുന്ന പ്രതി മോഷണത്തിനാണ് ഓട് പൊളിച്ചിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ഒന്നും ലഭിക്കാതായതോടെ കൊല നടത്തുകയായിരുന്നു.

ദമ്പതിമാരുടെ കൈവശം മക്കൾക്ക് വീടും സ്ഥലവും വാങ്ങാൻ ലക്ഷ്യമിട്ട് കരുതിയിരുന്ന പണവും സ്വർണവുമുണ്ടെന്നും ഇത് ചെന്നൈയിൽ തനിക്കുണ്ടായ 1.9 ലക്ഷത്തിന്റെ കടബാധ്യത തീർക്കുന്നതിനായി ഉപയോഗപ്പെടുത്താനാവുമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തങ്കമണിയുടെ കൈവശമുണ്ടായിരുന്ന ആറരപ്പവൻ സ്വർണാഭരണത്തിനു പുറമേ ബാക്കി കൈയിലുണ്ടായിരുന്ന സ്വർണവും പണവും ഇവർ സൂക്ഷിച്ചിരുന്നത് വീടിന്റെ ചിമ്മിനിയുടെ താഴെയായിരുന്നു. മക്കൾക്ക് വീടുവെക്കുന്നതിനായി ദമ്പതിമാർ കടമ്പഴിപ്പുറം രജിസ്ട്രാർ ഓഫീസിനടുത്ത സ്ഥലത്തിന് അഡ്വാൻസും നൽകിയിരുന്നു. ഇത് എവിടെയാണെന്നറിയാനാവും ദമ്പതിമാരെ പ്രതി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറയുന്നു. ഇയാളുടെ പേരിൽ മുമ്പ് കേസുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതിക്രൂരമായ രീതിയിൽ കൊലപാതകം

ഗോപാലകൃഷ്ണനെയും അമ്മുക്കുട്ടിയെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം നിരവധിതവണ വെട്ടുകയും കുത്തുകയും ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ മുഖം വെട്ടേറ്റ് വികൃതമായ നിലയിലായിരുന്നു. ചെറുതും വലുതുമായ എൺപതോളം വെട്ടാണ് ശരീരത്തിലുണ്ടായിരുന്നത്. മുതുകിൽ മൂർച്ചയേറിയ ആയുധംകൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. തങ്കമണിയുടെ തലയുടെ പിൻഭാഗത്തും ചെവിയുടെ മുകളിലും ആഴത്തിൽ വെട്ടേറ്റിരുന്നു. നെഞ്ചിൽ മൂർച്ചയേറിയ ആയുധംകൊണ്ട് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ ശരീരത്തിൽ നാൽപ്പതോളം വെട്ടേറ്റിരുന്നു.

മിടുമിടുക്കരുടെ അന്വേഷണം

കേസിൽ അഞ്ചു മാസം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്കെത്താൻ സാധിച്ചില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് നാട്ടുകാർ സംയുക്ത സമരസമിതിയും ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ഒറ്റപ്പാലം മുൻ എംഎൽഎ പി ഉണ്ണി നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തുടർന്ന്, 2019ൽ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറി.

20ന് ചെന്നൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം 27-ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവാൻ പ്രതിയോട് നിർദ്ദേശിക്കയായിരുന്നു. വ്യാഴാഴ്ച രാത്രി രാജേന്ദ്രനെ കടമ്പഴിപ്പുറത്തെ വാടകവീട്ടിൽനിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. തുടർന്നായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.


എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.എപി. കെ.എസ്. സുദർശൻ, പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പി. കെ. സലിം, ഡിവൈ.എസ്‌പി.മാരായ എം വി മണികണ്ഠൻ, സി.എം. ഭവദാസ്, എസ്‌ഐ.ടി. അംഗങ്ങളായ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്‌ഐ. കെ.എ. മുഹമ്മദ് അഷ്റഫ്, എഎസ്ഐ. മാരായ എം. ഹബീബ്, പി. സുദേവ്, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ. മാരായ കെ. സതീഷ്‌കുമാർ, കെ. രമേഷ്, കെ. സജിന, സി.വി. ഷീബ, സി.പി.ഒ. എച്ച്. ഷിയാവുദ്ദീൻ, എഎസ്ഐ.മാരായ സുദേവൻ, കെ. രാമകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഴുവൻ പേരെയും റിവാർഡുകൾ കാത്തിരിക്കുന്നു.