ചെന്നൈ: ഉലകമായകൻ കമൽ ഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്ന മാസ് കോമ്പോ. എന്നാൽ ഇരുവരും ഒന്നിക്കുന്നത് ഓൺ സ്‌ക്രീനിലല്ല എന്ന് മാത്രം. കമൽ ഹാസൻ നിർമ്മിക്കുന്ന കദരംകൊണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് സിനിമ ലോകവും ആരാധകരും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉലകനായകൻ പുറത്തുവിട്ടു. നല്ല കട്ട കലിപ്പ് ലുക്കിലാണ് പോസ്റ്ററിൽ വിക്രത്തെ കാണാൻ സാധിക്കുന്നത്. ദേഹമാസകലം ടാറ്റു ചെയ്ത് ഹോളിവുഡ് ലുക്കിൽ നിൽക്കുന്ന വിക്രത്തിന്റെ കൈയിൽ വിലങ്ങുകളും ഉണ്ട്.

കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിം ഇന്റർനാഷലാണ് ചിത്രം നിർമ്മിക്കുക. രാജേഷ് എം സെൽവയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴകത്തെ മികച്ച താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ വിക്രത്തെ കമലിന്റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കമലും വിക്രവും ഒന്നിക്കുന്നത് ആരാധകരെ സംബന്ധിച്ചടുത്തോളം ആഹ്‌ളാദകരമാണ്.

ചിത്രത്തിൽ കമൽ അഭിനയിക്കുമോയെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേൻ. പൂജ കുമാർ ആണ് നായികയായെത്തുന്നതെന്നാണ് വിവരം.