കൊച്ചി: കടവന്ത്രയെ ഞെട്ടിച്ച കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രണയിച്ച് വിവാഹിതനായ തമിഴ്‌നാട്ടുകാരനായ പൂക്കച്ചവടക്കാരൻ മലയാളി ഭാര്യയെയും രണ്ട് കൊച്ചു മക്കളെയും ഉറക്കഗുളിക നൽകി മയക്കിയ ശേഷം കഴുത്തിൽ ഷൂലേസ് ചുറ്റിമുറുക്കി ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിന്റെ ആഘാതത്തിലാണ് നാട്ടുകാർ മുഴുവനും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം കടവന്ത്ര കെ.പി.വള്ളോൻ റോഡ് മട്ടമ്മൽ ടെമ്പിൾ ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് കൃഷ്ണഗിരി ജില്ലക്കാരനായ നാരായണനാണ് (41) ഭാര്യ ജോയമോൾ (33), മക്കളായ ലക്ഷ്മികാന്ത് നാരായണൻ (8), അശ്വന്ത് നാരായണൻ (4) എന്നിവരെ കൊന്നത്. എറണാകുളം നഗരത്തിലെ പ്രമുഖ പൂമൊത്ത വ്യാപാര സ്ഥാപനമായ മാതാ ഫ്‌ളവറിസ്റ്റ് ഉടമയാണ് നാരായണൻ.അടുപ്പക്കാർക്കെല്ലാം പ്രിയങ്കരനായിരുന്ന ഇയാൾ വെള്ളിയാഴ്ച രാത്രി പുതുവത്സരാശംസാ സന്ദേശങ്ങൾക്ക് പിന്നാലെ ,വാട്ട്‌സ്ആപ്പിൽ 'സോറി' എന്നു കൂടി അയച്ചിരുന്നു.

ബംഗളുരു, ഊട്ടി, മൂവാറ്റുപുഴ, പാലാ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ പൂക്കടകളുണ്ടായിരുന്ന നാരായണൻ കുറച്ചുനാളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആറ് ലക്ഷം രൂപ കടബാദ്ധ്യതയുള്ളതായി നാരായണൻ പൊലീസിനോട് പറഞ്ഞു. എറണാകുളത്തെ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. കടവന്ത്ര ജംഗ്ഷനിലെ പൂക്കടയ്ക്ക് മാസവാടക അമ്പതിനായിരം രൂപയാണ്. വീട്ടുവാടക 14000 രൂപ. ജീവനക്കാരുടെ ശമ്പളം പുറമേ. കോവിഡ് സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിലായി ജീവിതം. ലോക്ക് ഡൗണിന് പിന്നാലെ കച്ചവടം പുനരാരംഭിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല.

ലോട്ടറി ഏജൻസി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. റിസോർട്ട് വാങ്ങാനും ശ്രമിച്ചിരുന്നു. ഇതാകും കടബാദ്ധ്യതയിലേക്ക് നയിച്ചതെന്ന ഊഹത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയെന്ന വാർത്ത കടവന്ത്രയെ നടുക്കി. പുതുവർഷരാവിൽ സമീപത്തെ വീടുകളിലെ കുട്ടികൾക്കൊപ്പം കളിച്ചിരുന്ന കുഞ്ഞുങ്ങൾ ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകിട്ടും വീടിന് തൊട്ടടുത്തുള്ള മട്ടമ്മൽ ഭഗവതി ക്ഷേത്രത്തിൽ തൊഴാനെത്തിയിരുന്നു.

ഭാര്യയുടെയും മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷമാണ് നാരായണൻ ആത്മഹത്യാശ്രമം നടത്തിയത്. കഴുത്തിലും രണ്ട് കൈകളിലും ഇടതു കണങ്കാലിലുമുള്ള ഞരമ്പുകൾ ബ്‌ളേഡു കൊണ്ട് മുറിച്ച നിലയിലാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തരചികിത്സയ്ക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നാരായണൻ കടവന്ത്രയിൽ പുഷ്പവ്യാപാരം തുടങ്ങിയിട്ട് പത്തുവർഷത്തിലേറെയായി. മൂന്ന് ടെമ്പോ ട്രാവലറുകളും സ്വന്തമായുണ്ടായിരുന്നു. പെരുമ്പളം കപ്പക്കടവിൽ പരേതനായ ജോയിയുടെയും ശാന്തയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ജോയമോൾ. നാരായണന്റെ കടയിലെ അക്കൗണ്ടന്റായിരുന്നു. പെരുമ്പളത്തെ ജോയയുടെ കുടുംബവീട്ടിൽ നാരായണൻ വീടും വച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ജോയമോളെ സഹോദരിയും ഭർത്താവും പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് നാരായണനെ ബന്ധപ്പെട്ടപ്പോൾ ജാേയ ഉറങ്ങുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നി ബന്ധു എത്തുമ്പോൾ കഴുത്തിൽനിന്ന് രക്തം വാർന്ന നിലയിൽ നാരായണൻ കസേരയിലിരിക്കുകയായിരുന്നു. ജോയമോളെയും മക്കളെയും മരിച്ച നിലയിൽ കിടപ്പുമുറിയിലും കണ്ടെത്തി. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.