തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്ന് ഇരയുടെ വെളിപ്പെടുത്തൽ. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര മറുനാടനോട് പറഞ്ഞു. ഈ ഓഡിയോകൾ മറുനാടന് കിട്ടി.

പേയാടുള്ള ഒരാളാണ് വിളിച്ചത്. കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ അവർക്കറിയാം. അത് പരിഹരിക്കുന്നതിനാവശ്യമായ സഹായം ചെയ്യാം എന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞത് എന്റെ സാമ്പത്തികപ്രശ്നങ്ങൾ കൊണ്ടുതന്നെയാണ് ഞാൻ ഈ കെണിയിൽ പോയി ചാടിയത്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. നിങ്ങളുടെ അമ്മയ്ക്കോ ഭാര്യയ്ക്കോ സഹോദരിക്കോ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്നാണ്. സംസാരിക്കുന്നതിന്റെ കോൾ റെക്കോർഡ് കയ്യിലുണ്ടെന്നും അവർ വിശദീകരിച്ചു.

കലാപ്രേമിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചിരുന്നു. റഷീദ് തരാനുള്ള പണം വാങ്ങിത്തരാം. കലാപ്രേമിയിൽ ജോലിയും തരാം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാൻ ഞാൻ ഒരുക്കമല്ല. പരാതി നൽകിയിട്ട് ഒരു മാസത്തോളമായി. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കുറച്ചുദിവസം കൂടി പൊലീസ് നടപടികൾ നിരീക്ഷിച്ചിട്ട് എന്തുവേണമെന്ന് പരിശോധിക്കുമെന്നും ഇര മറുനാടനോട് വിശദീകരിച്ചു. ഇതിനൊപ്പമാണ് ഇടനിലക്കാരുടെ ഓഡിയോയും പുറത്തു വരുന്നത്. മകനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി അടക്കം അതിലുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാർ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഇതിൽ പറയുന്നുണ്ട്.

കടവിൽ റഷീദിനെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഇത്രയും ക്രൂര മനസാണെന്ന് അറിയില്ലായിരുന്നു. ഞാൻ കടവിൽ റഷീദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അയാൾ എന്റെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയത്. മാധ്യമം ഓഫീസിന്റെ പുറകിൽ ഒരു ഇടുങ്ങിയ മുറിയായിരുന്നു ഈ സ്ഥാപനത്തിന്റെ ഓഫീസ്. എനിക്ക് അത് അത്ര കംഫർട്ട് ആയി തോന്നിയില്ല. അങ്ങനെയാണ് ഞാൻ അവിടെ ജോലി നിർത്തിയത്. ഞാൻ ജോലി നിർത്തി ഇറങ്ങുമ്പോൾ എനിക്ക് മൂന്ന് മാസത്തെ ശമ്പളവും കടമായി വാങ്ങിയ 50000 രൂപയും തരാനുണ്ടായിരുന്നു. അത് ഉടൻതന്നെ തരാമെന്നാണ് അയാൾ പറഞ്ഞത്. അതിനിടെ ഒന്നുരണ്ടുതവണ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് എന്നെ സ്റ്റാച്യുവിലേയ്ക്ക് വിളിച്ചുവരുത്തിയെങ്കിലും അയാൾ വന്നില്ല. പിന്നെ എന്നെ ഓഫീസിലേയ്ക്ക് വിളിച്ചെങ്കിലും ഒറ്റയ്ക്ക് പോകണ്ടെന്ന് കൂട്ടുകാർ പറഞ്ഞതുകൊണ്ട് ഞാൻ പോയില്ല.

കുറച്ചുകാലം കഴിഞ്ഞ് അവിടെ ഓഫീസിലേയ്ക്ക് ആളെ ആവശ്യമുണ്ട്. തരാനുള്ള പണവും തരാമെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. മാർക്കറ്റിങും റിപ്പോർട്ടിങ്ങും ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനപ്പോൾ മറ്റ് ചില സ്ഥാപനങ്ങൾക്ക് വേണ്ടി വർക്ക് ചെയ്തിരുന്നതുകൊണ്ട് വരാൻ പറ്റില്ല എന്ന് അറിയിച്ചു. പിന്നീട് ആ സ്ഥാപനത്തിലെ സ്റ്റാഫുകൾ എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു. സമ്മർദ്ദം ഏറിയപ്പോൾ, ഒന്നു പോയിനോക്കു സാമ്പത്തിക പ്രശ്നങ്ങളുള്ള സമയമല്ലേ എന്ന് ഒരു സുഹൃത്താണ് എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാൻ അവിടെപോയത്. പിന്നീട് നടന്നതൊക്കെയാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്. നടന്ന കാര്യങ്ങൾ മാത്രമാണ് പൂർണമായും എഫ്ഐആറിലുള്ളത്. ഒരു വാക്ക് പോലും നുണയല്ലെന്നും ഇര പറഞ്ഞു.

കടവിൽ റഷീദിനെതിരെ പീഡനശ്രമത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത വാർത്ത കഴിഞ്ഞ ദിവസം മറുനാടനാണ് പുറത്തുവിട്ടത്. ഗൗതം അദാനിയുടെ മകന്റെ പങ്കാളിത്തമുണ്ടെന്ന് റഷീദ് അവകാശപ്പെടുന്ന സ്വന്തം ഓൺലൈൻ സ്ഥാപനത്തിന്റെ ഓഫീസിൽ വച്ചാണ് മുൻ ജീവനക്കാരിക്കെതിരെ പീഡനശ്രമം ഉണ്ടായത്. പ്രതികൾക്ക് ആവലാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശവും കരുതലും ഉണ്ടായിരുന്നുവെന്നാണ് എഫ് ഐ ആർ പറയുന്നത്. ജാമ്യം നിഷേധിക്കാൻ പോന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അപ്പോഴും ബലാത്സംഗ ശ്രമത്തിന് വേണ്ടിയുള്ള ചാർജ്ജുകൾ ഒഴിവാക്കുകയും ചെയ്തു. നേരത്തെ പ്രസ് ക്ലബ്ബിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെ അപമാനിച്ചെന്ന ആരോപണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കടവിൽ റഷീദ്. ഐപിസി 354, 354(ഡി), 341, 294(ബി), 323, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം.... മോളെ... അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും-എന്നായിരുന്നു കടവിൽ റഷീദിന്റെ ആക്രോശമെന്ന് എഫ് ഐ ആറിൽ പറയുന്നു. ആവലാതിക്കാരിയുടെ കഴുത്തിൽ കൈ കൊണ്ട് ഞെക്കി പിടിച്ച് ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും കുതറിമാറാൻ ശ്രമിച്ച ആവലാതിക്കാരിയെ രണ്ടാം പ്രതിയുടെ നേർക്ക് തള്ളിയിട്ടു കൊണ്ട് ഇവളെ എന്തു വേണോ ചെയ്‌തോ എന്ന് പറഞ്ഞു കൊണ്ട് മുറിക്ക് പുറത്തേക്ക് തള്ളിയെന്നാണ് റിപ്പോർട്ട്.

രണ്ടാം പ്രതിയും ആവലാതിക്കാരിയെ ബലമായി പിടിച്ചു വലിച്ച് ശരീരത്തോട് ചേർക്കാൻ ശ്രമിച്ചതിൽ പരാതിക്കാരിയുടെ വസ്ത്രങ്ങൾ കീറിയെന്നും റിപ്പോർട്ട് പറയുന്നു. എന്നിട്ടും ബലാത്സംഗ ശ്രമത്തിന് ചുമത്തേണ്ട വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു. കോടതിയിൽ നിന്ന് ജാമ്യം കിട്ടാനും അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടാനും വേണ്ടിയാണ് ഇതെന്ന സംശയവും ശക്തമാണ്. കലാപ്രേമിയെന്ന പത്രത്തിന്റെ പേരിലാണ് കടവിൽ റഷീദ് തിരുവനന്തപുരത്ത് അറിയപ്പെടുന്നത്.