- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും കരിച്ചു കൊന്നു; കടയ്ക്കാവൂരിൽ ക്രൂരത അമ്മയെ മകന്റെ പീഡനക്കാരിയാക്കിയും; പൊലീസിനെ പരാതി അറിയിച്ചിട്ടില്ലെന്ന സിഡബ്ല്യൂസി അംഗത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരം; മൊഴി ചൊല്ലി പുനർ വിവാഹം കഴിച്ചവനെ വെറുതെ വിട്ടതും ചർച്ചയിൽ; ആ പീഡന കേസിലുള്ളത് അച്ഛന്റെ ക്രൂര മനസ്സ്; മറുനാടൻ പുറത്തു കൊണ്ടു വന്ന സത്യം ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാജനേയും ഭാര്യയേയും കത്തിച്ചു കൊന്ന പൊലീസ് കടയ്ക്കാവൂരിൽ അമ്മയ്ക്കെതിരെ ഉണ്ടാക്കിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കേസ്. ആ അമ്മയുടെ ഭാഗത്താണ് ന്യായമെന്ന വാദം ശക്തിപ്പെടുത്തി പുതിയ വെളിപ്പെടുത്തൽ. കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ നോക്കുന്ന സിഡബ്ല്യൂസിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നായിരുന്നു രേഖകളിൽ പൊലീസ് പറഞ്ഞത്. എന്നാൽ ഇത് ശരിയല്ലെന്ന് പൊലീസ് പരാതിക്കാരിയായ പേരു നൽകിയ വ്യക്തി തന്നെ വെളിപ്പെടുത്തി. ഇതോടെ കേസ് കെട്ടിചമച്ചതാണെന്ന വാദം ശക്തമാകുകയാണ്.
കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ പറഞ്ഞു. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കുന്നു.
'പൊലീസ് കുട്ടിക്ക് കൗൺസിലിങ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗൺസിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയത് ആരാണോ അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്ന കോളത്തിൽ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നൽകി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു. ഇടയ്ക്ക് മാത്രമേ കുട്ടിക്ക് കൗൺസിലിങ് നൽകാനായിട്ടുള്ളൂ എന്ന് ശിശുക്ഷേമസമിതി അധ്യക്ഷ പറയുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ കാര്യക്ഷമമായ കൗൺസിലിങ് റിപ്പോർട്ട് നൽകാനാകും. പൊലീസ് നിലവിലെ എഫ്ഐആറിലെ പിഴവ് തിരുത്തണമെന്നും അഡ്വ. സുനന്ദ ആവശ്യപ്പെടുന്നു.
മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. മകൾക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിന്റെ ക്രൂരതയാണ് യുവതിയെ ജയിലിൽ അടച്ചത്.
കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിനുള്ളിൽ കഴിയുന്ന വാർത്തയുടെ മറുഭാഗം അന്വേഷിച്ചു വിവരം പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. പൊലീസും പരാതിക്കാരനായ യുവതിയുടെ ഭർത്താവും അമിത താൽപ്പര്യം പ്രകടിപ്പിച്ച ഈ കേസിന് പിന്നിൽ ചില പകപോക്കലുകൾ ഉണ്ടെന്നാണ് മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത്. ബോധപൂർവമായി യുവതിയെ കുടുക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് ശരി വയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലും. ഇപ്പോൾ മറ്റ് മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുക്കുകയാണ്.
ഈ ആരോപണം ബന്ധുക്കളും യുവതിയുടെ സുഹൃത്തുക്കളും ആവർത്തിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയകുട്ടി വെളിപ്പെടുത്തി. യുവതിയെ കേസിൽ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകരോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ഉണ്ടാക്കിയ കള്ളക്കേസാണ് ഇതെന്നാണ് ഇളയ കുഞ്ഞ് ആരോപിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ തെറ്റായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബുദ്ധിമുട്ടിച്ചെന്നും ഇളയ കുട്ടി പറഞ്ഞു. മാതാവിനെതിരെ മൊഴി കൊടുക്കാൻ തയ്യാറാകാതിരുന്നതു കൊണ്ടാണ് സഹോദരനെ കൊണ്ട് നിർബന്ധിച്ചു മൊഴി കൊടുപ്പിച്ചതെന്നും ഇളയകുട്ടി പ്രതികരിച്ചു.
കുട്ടികളെ പിതാവ് മർദ്ദിക്കുന്ന പതിവുണ്ടായിരുന്നു എന്നുമാണ് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കളും പറയുന്നത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് ഇവർ പറയുന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചത്. പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആൺകുട്ടികളും 6 വയസുള്ള പെൺകുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. രാജ്യത്തെ നിയമം അനുസരിച്ച് മൊഴി ചൊല്ലൽ നിയമ വിരുദ്ധമാണ്. വലിയ വീഴ്ചകൾ ഇക്കാര്യത്തിൽ പൊലീസിന് സംഭവിച്ചു. മൊഴി ചൊല്ലിയ ഭർത്താവിന് വേണ്ടി ഭാര്യയെ അഴിക്കുള്ളിൽ അടയ്ക്കുകയായിരുന്നു കടയ്ക്കാവൂർ പൊലീസ്. ഇതിന് പിന്നിൽ വലിയ ഇടപെടൽ നടന്നിട്ടുണ്ട്.
ഇപ്പോൾ കുടുംബ കലഹത്തിലേക്കും പോക്സോ കേസിലേക്കും നീണ്ട ഈ ബന്ധം ഒരു പ്രണയവിവാഹമായിരുന്നു എന്നതും ശ്രദ്ധമായിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനമായതോടെ മൂന്ന് വർഷമായി ഭർത്താവുമായി വേർപെട്ടാണ് താമസം. മൊഴി ചൊല്ലി വിവാഹ മോചനം. ഇതിന് ശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭർത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും. എന്നാൽ മകനെ കൊണ്ട് ഭർത്താവ് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് യുവതിക്കൊപ്പമുള്ള കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നൽകിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. മകളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രായമായ ഈ മാതാപിതാക്കളും അവർക്കൊപ്പമുള്ള നാട്ടുകാരും. യുവതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവർക്ക് ഏതുവിധേനയും നീതി നേടിക്കൊടുക്കാൻ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്.
ഇളയകുട്ടിയുടെ വെളിപ്പെടുത്തലോടെ ഈ കേസ് കൂടുതൽ സമൂഹത്തിൽ ചർച്ചയാകുകയാണ്. ഈ വാർത്ത പുറത്തുവന്നപ്പോൾ വലിയ ഞെട്ടലാണ് കേരളത്തിൽ ഉണ്ടായത്. എന്നാൽ, പോക്സോ കേസ് എന്ന നിലയിൽ തീർത്തും അസ്വഭാവിക സംഭവം എന്ന നിലയിലാണ് ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മറുനാടൻ അന്വേഷിച്ചത്. ഏതെങ്കിലും ഒരു അമ്മയ്ക്ക് തന്റെ മകനോട് അങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് തീർത്തും അവിശ്വസനീയ കാര്യം ആയതു കൊണ്ടാണ് അത്തരമൊരു പരിശോധനക്ക് മറുനാടൻ മുതിർന്നത്. ഈ ഭാഗങ്ങൾ ശക്തമാകുന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.
യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.യുവതി ഇപ്പോൾ റിമാൻഡിലാണ്.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ