സ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയിൽ നിന്നുള്ള എൻട്രിയാകാൻ മലയാളത്തിൽ നിന്ന് ഡോ. ബിജുവിന്റെ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന കാട് പൂക്കുന്ന നേരം എന്ന ചിത്രമാണ് മലയാളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 32 സിനിമകളാണ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ നിന്ന് ഒരു ചിത്രമാകും ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാവുക. സംവിധായകൻ കേതൻ മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഇന്ത്യയുടെ എൻട്രി തെരഞ്ഞെടുക്കുക.മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രമാണ് ജൂറിക്ക് മുന്നിലുള്ളത്.

കാട്ടിൽ ചിത്രീകരിച്ച സിനിമയിൽ റിമ കല്ലിങ്കലും ഇന്ദ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ഇന്ത്യയിൽ നിന്ന് ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്ന 32 സിനികളിൽ കൂടുതലും മറാഠിയിൽ നിന്നാണ്. കന്നഡ ചിത്രം തിഥി, ഹിന്ദി ചിത്രം തിത്ത്ലി എന്നിവയും മത്സര വിഭാഗത്തിലുണ്ട്..

കാനഡയിൽ നടക്കുന്ന മോൺട്രിയൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഫോക്കസ് ഓൺ വേൾഡ് സിനിമാ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രം നേരത്തെ ഓസ്‌കാർ നോമിനേഷനുള്ള ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. 2014ൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡയസും 2015ൽ ചൈതന്യ തമാന്നേയുടെ മറാഠി ചിത്രം കോർട്ടും ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രികൾ. മോഹൻലാൽ നായകനായ ഗുരു, സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്നിവയും ഇന്ത്യൻ എൻട്രിയായി നോമിനേഷൻ നേടാനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

കാട് പൂക്കുന്ന നേരം ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ് നോമിനേഷനായുള്ള ഔദ്യോഗിക മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യൻ ഓസ്‌കാർ എന്നറിയപ്പെടുന്ന ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിനായി ഏഷ്യാ- പസഫിക് റീജിയനിലെ എഴുപതില്പരം രാജ്യങ്ങളിൽ നിന്നായി 150 ചിത്രങ്ങളാണ് നോമിേനഷനുകൾക്കായി മത്സരിക്കുന്നത്. കസാഖിസ്ഥാൻ യുറേഷ്യാ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു . യൂറോപ്പിലെയും ഏഷ്യയിലെയും സിനിമകൾക്കായുള്ള മത്സര വിഭാഗമാണ് മേളയിലുള്ളത്