പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫി (Nature and wildlife photography) പോലെ ദൃശ്യവൽക്കരണത്തിന്റെ സാങ്കേതിക-കലാസാധ്യതകൾ ഇത്രമേൽ വിസ്മയകരമാംവിധം ഉപയോഗപ്പെടുത്തുന്ന മാദ്ധ്യമ മേഖല മറ്റൊന്നില്ല. 1888കളിലാരംഭിച്ച നാഷണൽ ജിയോഗ്രഫിക് മാഗസിൻ എന്ന വിശ്വവിഖ്യാതമായ പ്രസിദ്ധീകരണം (പിന്നീട് സൊസൈറ്റിയും) ജോർജ് ഷിറാസിന്റെ ചിത്രങ്ങളിലൂടെ 1906ൽ തുടക്കമിട്ട ഈ ഫോട്ടോഗ്രാഫിക് വിപ്ലവം ഫോട്ടോജേണലിസത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഇന്നും. ഈ മാദ്ധ്യമവിസ്മയത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടിന്റെ ചരിത്രമാകട്ടെ അച്ചടിയിൽനിന്ന് ടെലിവിഷനിലേക്കും നവമാദ്ധ്യമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഫോകസ് കമ്പനി നാഷണൽ ജിയോഗ്രഫിക് മാഗസിൻ സ്വന്തമാക്കിയതിനെത്തുടർന്ന് 2002 ലാണ് നാഷണൽ ജിയോഗ്രഫിക് ചാനൽ നിലവിൽ വരുന്നത്. പക്ഷെ അതിനു മുൻപുതന്നെ 1985ൽ ഡിസ്‌കവറി ചാനലും 2001 ൽ അവരുടെതന്നെ ചാനലായ അനിമൽ പ്ലാനറ്റും സംപ്രേഷണമാരംഭിച്ചിരുന്നു. പ്രകൃതി-വന്യജീവി-ശാസ്ത്ര-സാങ്കേതിക-പര്യവേക്ഷണ-വിജ്ഞാന-ഡോക്യുമെന്ററികളിലൂടെ ഈ ചാനലുകൾ നടത്തുന്ന മാദ്ധ്യമ ഇടപെടലുകളും സൃഷ്ടിക്കുന്ന മാദ്ധ്യമവിസ്മയങ്ങളും പ്രാഥമികമായും ശ്രദ്ധിക്കുന്നത് അവയുടെ ദൃശ്യവൽക്കരണത്തിന്റെ അത്ഭുതകരമായ പ്രൊഫണലിസത്തിലാണ്.

അഗ്നിപർവത മുഖങ്ങളിലും ധ്രുവപ്രദേശങ്ങളിലും സമുദ്രാന്തർഭാഗങ്ങളിലും മഹാഗിരിശൃംഗങ്ങളിലും മരുപ്പരപ്പുകളിലും കൊടും വനാന്തരങ്ങളിലും വിദൂര ജനപദങ്ങളിലും നിന്ന് ഈ മാസികയും ചാനലുകളും എത്തിക്കുന്ന ദൃശ്യാനുഭവങ്ങളുടെ ലോകം ഒന്നു വേറെതന്നെയാണ്. നിശ്ചലവും ചലിതവുമായ കാമറയുടെ സാങ്കേതികത, കല, മാദ്ധ്യമപരത എന്നിവ ന്യൂസ് ഫോട്ടോഗ്രഫിയിലോ സിനിമയിലോപോലും ഇത്രമേൽ ചേർന്നിണങ്ങുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതി-വന്യജീവി ചിത്രീകരണത്തിന്റെ ദൃശ്യ-വാങ്മയങ്ങൾ തീർക്കുന്ന ഒരു അത്ഭുതലോകം തന്നെയാണ് അവ തുറന്നിടുന്നത്.

ലോകോത്തര നിലവാരമോ പ്രസിദ്ധിയോ പിടിച്ചുപറ്റിയ പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ഡോക്യുമെന്ററി നിർമ്മാതാക്കളും ഇന്ത്യയിലും കേരളത്തിലും ഇല്ലെന്നുതന്നെ പറയാം. മേല്പറഞ്ഞ മാസികയ്‌ക്കോ ചാനലുകൾക്കോ വേണ്ടി ഇന്ത്യയിലെത്തുന്ന ഫോട്ടോഗ്രാഫർമാരും സാഹസികരായ ഡോക്യുമെന്ററി നിർമ്മാതാക്കളും അവതാരകരും ഏതാണ്ടൊന്നടങ്കം വിദേശികളാണ്. എങ്കിലും നമുക്കുമുണ്ട് പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫിയിൽ കഴിവുതെളിയിച്ച ചുരുക്കം ചില വനസഞ്ചാരികളും ഗവേഷകരും. അവരിലൊരാളാണ് എൻ.എ. നസീർ. കേരളത്തിൽ നിന്നുണ്ടായ ഏറ്റവും പ്രശസ്തനായ പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫറാണ് നസീർ. ഡിജിറ്റൽ കാമറകൾ എല്ലാവരെയും ഫോട്ടോഗ്രാഫറന്മാരാക്കിയ ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെന്നല്ല നാളിതുവരെയും ഇത്രമേൽ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്ത വന്യജീവി മാദ്ധ്യമപ്രവർത്തനം മലയാളത്തിൽ മറ്റൊരാൾ നടത്തിയിട്ടില്ല.

നാലു ഘടകങ്ങളാണ് നസീറിന്റെ പ്രകൃതി-വന്യജീവി ഫോട്ടോഗ്രഫിയെ ജനപ്രിയവും കലാത്മകവും അതിലുപരി കാലികപ്രസക്തവുമാക്കുന്നത്. ഒന്ന്, മൂന്നുപതിറ്റാണ്ടിലധികമായി നസീർ തുടർന്നുവരുന്ന നിരന്തരമായ വനയാത്രകളുടെയും ഫോട്ടോഗ്രഫിയുടെയും പരിസ്ഥിതി രാഷ്ട്രീയം. അസാമാന്യമായ പ്രകൃതി-പരിസ്ഥിതി ബോധവും പ്രതിബദ്ധതയുമുള്ള സഞ്ചാരിയും അസാധാരണമായ പ്രണയം വനത്തോടു പ്രകടിപ്പിക്കുന്ന സൗന്ദര്യാരാധകനുമാണ് നസീർ. അതുകൊണ്ടുതന്നെ തന്റെ എണ്ണമറ്റ കാനനയാത്രകളിൽ ഒരുതരം അവധൂത വ്യക്തിത്വം വെളിപ്പെടുത്തുംവിധം അഹിംസാത്മകമാണ് നസീറിന്റെ സമീപനങ്ങൾ. പ്രാഥമികമായും താനൊരു വന്യജീവി ഫോട്ടോഗ്രഫറല്ല, കൊതിതീരാത്ത വനസഞ്ചാരിയും കാടിന്റെ കാമുകനുമാണെന്ന് നസീർ ആവർത്തിച്ചു പറയും.

രണ്ട്, കാടിനെക്കുറിച്ചും കാടിന്റെ ജൈവ-അജൈവ ചേതനകളെക്കുറിച്ചും നസീറിനുള്ള ശാസ്ത്രീയവും ആധികാരികവുമായ ജ്ഞാനം. സസ്യ, ജന്തുലോകങ്ങളെക്കുറിച്ച്, പക്ഷി, മൃഗ, പ്രാണികളുടെ ജീവസന്ധാരണത്തെക്കുറിച്ച്, കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കുറിച്ച്, പുല്ലിനും പുഴുവിനും പുലിക്കും പൂമരങ്ങൾക്കുമുള്ള പ്രാണസഞ്ചാരങ്ങളെക്കുറിച്ച്, പർവതങ്ങൾക്കും താഴ്‌വരകൾക്കും മഴക്കാടുകൾക്കും പുൽമേടുകൾക്കും മുൾക്കാടുകൾക്കും തെളിനീരുറവകൾക്കുമിടയിൽ സഹസ്രകാതങ്ങൾ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് നസീറിനുള്ള തിരിച്ചറിവുകൾ വനപാലകരും വനഗവേഷകരും തോറ്റുപോകുംവിധം വിപുലവും മൗലികവുമാണ്. നിസംശയം പറയാം, പഞ്ചേന്ദ്രിയങ്ങളുംകൊണ്ട് കാടിനെ അറിയുകയാണ് എൻ.എ. നസീർ.

മൂന്ന്, അനന്തവൈവിധ്യമുള്ള ജന്തു, സസ്യ, ഭൂഭാഗങ്ങളെക്കുറിച്ചെഴുതുന്ന കാവ്യാത്മകവും വൈജ്ഞാനികവുമായ നസീറിയൻ വനസാഹിത്യം. കൈവെള്ളയിലെന്നപോലെ പരിചിതമായ പശ്ചിമഘട്ട വനപ്രദേശങ്ങളുടെ അകങ്ങളിലും ആഴങ്ങളിലും നിന്ന് നസീർ കണ്ടെത്തുന്ന മൃഗ-പക്ഷികളുടെ വാങ്മയചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് 'കാടിനെ ചെന്നുതൊടുമ്പോൾ', 'കാടും കാമറയും' എന്നീ പുസ്തകങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'മലമുഴക്കി' എന്ന പംക്തിയിൽ എഴുതുന്ന നിരവധിയായ ലേഖനങ്ങളും. സമസ്തവികാരങ്ങളും രസഭാവങ്ങളും കൊണ്ട് മനുഷ്യരെപ്പോലും തോല്പിക്കുന്ന മൃഗപക്ഷിപ്രാണികളുടെ ജീവിതസന്ദർഭങ്ങൾ നസീർ അനുപമമാംവിധം ആർജ്ജവമുള്ള വാക്കുകളിൽ പകർന്നുവയ്ക്കുന്നു. കാടെഴുത്തിന്റെ കഥനസൗഭഗം.


നാല്, വനകാമനകൾക്ക് കൊമ്പും ചിറകും മുളപ്പിക്കുംവിധം മൂർത്തതയുള്ള ദൃശ്യങ്ങളിലൂടെ കാടിന്റെ കഥ പറയുന്ന കാമറയുടെ കല. അതിസാഹസികമാണ് നസീറിന്റെ മിക്ക വനയാത്രകളും. പ്രകൃതിയോടും കാലാവസ്ഥയോടും മാത്രമല്ല, മരണത്തിന്റെ വക്കിലെത്തിക്കുന്ന ആവേശങ്ങളോടും മല്ലടിച്ചുകൊണ്ടാണ് തന്റെ ഓരോ കാനനവാസവും നസീർ മുഴുമിപ്പിക്കുന്നത്. ഒപ്പം, കാമറയുടെ സാങ്കേതികമെന്നപോലെ സർഗാത്മകവുമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഫോട്ടോഗ്രഫിയെ ഒരേസമയംതന്നെ കലയും ജീവിതവുമാക്കി മാറ്റുന്ന അസാധാരണമായ ഒരു ജൈവരാസപ്രക്രിയയ്ക്കു സ്വയം തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നു, നസീർ.

സ്വാഭാവികമായും കേരളത്തിൽ മറ്റൊരു ഫോട്ടോഗ്രാഫർക്കും കഴിയാത്തവിധം കാടിന്റെ തൃഷ്ണാബിംബങ്ങളും ദൃശ്യജീവിതവും പകർത്തിവയ്ക്കുവാൻ, മറ്റൊരു വനയാത്രികനും കഴിയാത്തവിധം കാടിന്റെ ജീവനസംഗീതവും ഹൃദയതാളവും ഒപ്പിയെടുക്കാൻ നസീറിനു കഴിയുന്നു. അച്ചടി മാദ്ധ്യമപ്രവർത്തനത്തിൽ മുൻപൊരിക്കലുമുണ്ടാകാത്ത പ്രാതിനിധ്യം വന്യജീവിറിപ്പോർട്ടിംഗിനും ഫോട്ടോഗ്രഫിക്കും വന്നുഭവിച്ച കാലത്തിന്റെ താരപദവി കൈവരിക്കാൻ അതുവഴി നസീറിനു കഴിയുകയും ചെയ്തു.

മുപ്പത്തിരണ്ടു ലേഖനങ്ങളിലും ഇവയ്ക്കകമ്പടിയാകുന്ന ഫോട്ടോകളിലും കൂടി (അതോ, തിരിച്ചോ?) സഹ്യസാനുക്കളുടെ വനജീവചരിത്രം പൂരിപ്പിക്കുന്ന 'കാടും കാമറയും' എന്ന ഈ പുസ്തകത്തിലും നസീറിനു പറയാനുള്ളതു മറ്റൊന്നല്ല. 'കാടിനെ ചെന്നുതൊടുമ്പോൾ' എന്ന മുൻ പുസ്തകത്തിലേതുപോലെ കാവ്യാത്മകവും വ്യക്ത്യനുഭവതീവ്രവുമല്ല ഈ പുസ്തകത്തിലെ രചനകൾ. പക്ഷെ അവയെക്കാൾ ദൃശ്യസമ്പന്നവും വൈവിധ്യപൂർണവുമാണ് പശ്ചിമഘട്ടത്തിന്റെ പിക്ചർ ആൽബം തന്നെയായി മാറുന്ന 'കാടും കാമറയും'. ഒപ്പംതന്നെ, ഈ പുസ്തകം നിർവഹിക്കുന്ന മറ്റൊരു ദൗത്യം കൂടിയുണ്ട്. അത് വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് അതെപ്പറ്റി നൽകുന്ന നിരവധിയായ നിർദ്ദേശോപദേശങ്ങളും അറിവനുഭവങ്ങളുമാണ്.

വനയാത്രകൾക്കു സഹായകമാകുന്ന വേഷവിധാനങ്ങൾ മുതൽ വനയാത്രകളിൽ പാലിക്കേണ്ട മര്യാദകളും കരുതലുകളുംവരെ; വന്യജീവിഫോട്ടോഗ്രഫിയുടെ സർഗാത്മക സാധ്യതകൾ മുതൽ കാമറകളുടെ സാങ്കേതിക വൈവിധ്യം വരെ ഓരോന്നും നസീർ വിശദമായവതരിപ്പിക്കുന്നു. ഈ ലേഖനങ്ങളുടെ താൽപര്യങ്ങളിലൊന്നായി വനസഞ്ചാരത്തിന്റെ ധാർമികതകൾക്കൊപ്പം വന്യജീവിഫോട്ടോഗ്രഫിയുടെ സാങ്കേതികപാഠങ്ങളും ഗ്രന്ഥത്തിലുടനീളം അണിനിരക്കുന്നു എന്നു ചുരുക്കം.

പശ്ചിമഘട്ടത്തിലുടനീളമുള്ള ഒരു ഡസനോളം വന്യജീവിസങ്കേതങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം നടത്തിയ സഞ്ചാരങ്ങളുടെ ദൃശ്യരേഖകളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളും ചിത്രങ്ങളും. കടുവയെക്കുറിച്ച് കേരളത്തിൽ നിന്നുണ്ടായ, വ്യക്തമായ, ആദ്യചിത്രങ്ങൾ നസീർ സ്വന്തമാക്കിയ പറമ്പിക്കുളം യാത്രയുടെ അനുഭവങ്ങളിലാണ് തുടക്കം. തുടർന്നങ്ങോട്ട് കരടി (പറമ്പിക്കുളം), നീർനായ (പെരിയാർ), മീൻപിടിയൻ മൂങ്ങ (പറമ്പിക്കുളം), മലമുഴക്കി വേഴാമ്പൽ (പറമ്പിക്കുളം), കരിങ്കുരങ്ങ് (പറമ്പിക്കുളം), കാട്ടുകോഴി (പെരിയാർ, ഷോളയാർ), മലയണ്ണാൻ (മുതുമല), കഴുകൻ (നീലഗിരി), മ്ലാവ് (മുണ്ടൻതുറ, മുതുമല), പുള്ളിപ്പുലി (മുതുമല, മസനഗുഡി), പുള്ളിമാൻ (ചിന്നാർ....), ചെങ്കീരി (കൊടൈക്കനാൽ), നീലഗിരി മാർട്ടെൽ (പെരിയാർ), തവളവായൻ പക്ഷിയും കോഴിവേഴാമ്പലും ഉൾപ്പെടെയുള്ള നിരവധി പക്ഷികൾ (തട്ടേക്കാട്), കാട്ടുനായ് (പെരിയാർ), വെള്ളക്കാട്ടുപോത്ത് (ചിന്നാർ), ആന (മുതുമല), രാജവെമ്പാല (തട്ടേക്കാട്), കാട്ടുപന്നി (നിരവധി വനങ്ങൾ), കുറിക്കണ്ണൻ പുള്ള് (വയനാട്), സിംഹവാലൻ കുരങ്ങ് (ആനമല, നെല്ലിയാമ്പതി), വെള്ളിമൂങ്ങ (പെരിയാർ), തീക്കാക്ക (പൂയംകുട്ടി), വരയാട് (ഇരവികുളം, നെല്ലിയാമ്പതി)... എന്നിങ്ങനെ എത്രയെങ്കിലും ജീവികളുടെ പിന്നാലെ രാവും പകലും കാടും മലയും കയറിയിറങ്ങിയലയുകയാണ് നസീറിന്റെ ജീവിതദൗത്യം.

കാടാണ് നസീറിന്റെ കാമനാലോകം. കാമറയും അതിന്റെ കാഴ്ചയും പിന്നീടേവരുന്നുള്ളു. ഓരോ ജീവിയുടെയും വംശചരിത്രവും ഭൂ, കാലാവസ്ഥ ബന്ധങ്ങളും ഇരപിടിയൻ രീതികളും അതിജീവനശേഷികളും പരിസ്ഥിതി പ്രാധാന്യവും ഭാവവൈവിധ്യങ്ങളുമടങ്ങുന്ന ജീവചരിത്രമാണ് ഓരോ ലേഖനവും. അങ്ങേയറ്റം ആർജ്ജവത്തോടെ കാടിനെയും പ്രകൃതിയെയും സസ്യജന്തുസമ്പത്തുക്കളെയും പഞ്ചേന്ദ്രിയങ്ങളും കൊണ്ടടുത്തറിഞ്ഞ്, പശ്ചിമഘട്ടത്തിന്റെ ഹരിതഭൂപടം നമ്മുടെ കാലത്തിനുവേണ്ടി സംക്ഷേപിക്കുകയാണ് സഹ്യന്റെ ഈ മകൻ.


പുസ്തകത്തിൽ നിന്ന്

വെള്ളക്കാട്ടുപോത്ത്

'എഴുപതുവർഷം മുൻപ് ഒരു സായിപ്പ് കണ്ട വെള്ളക്കാട്ടുപോത്തിന്റെ ഒരൊറ്റച്ചിത്രംപോലും എടുക്കുവാൻ പിന്നെ ആരും എത്തിയില്ലേ?'

അല്പം പരിഹാസവും അദ്ഭുതവും കലർന്ന സ്വരത്തിൽ എന്റെ സുഹൃത്ത് ജലീൽ ചോദിച്ചു. 2004 ലെ ഒരു ജൂൺമാസമായിരുന്നു അത്. ചിന്നാർ വന്യജീവിസങ്കേതത്തിന്റെ ഇന്റർപ്രെട്ടേഷൻ സെന്ററിനുള്ളിൽ ഫോട്ടോഗ്രാഫ് ഏതുമില്ലാത്ത ഒരു ഒഴിഞ്ഞ ഫ്രെയിമിനു മുന്നിൽ നില്ക്കുകയായിരുന്നു ഞങ്ങൾ. അതിനു ചുവട്ടിൽ 'വെള്ളക്കാട്ടുപോത്ത്' എന്ന് എഴുതിയിരുന്നു.
മൂന്നാർ വൈൽഡ് ലൈഫ് വാർഡനായ ജയിംസ് സക്കറിയ ആവശ്യപ്പെട്ടിട്ടായിരുന്നു ഞങ്ങൾ ചിന്നാറിൽ എത്തിച്ചേർന്നത്. അദ്ദേഹത്തിന് കാട് എന്നു പറഞ്ഞാൽ ജീവിതവും അന്വേഷണവുമായിരുന്നു. അത്യപൂർവ ജീവികളോട് ഒരു പ്രത്യേക മമതതന്നെ അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങളെ വെള്ളക്കാട്ടുപോത്തിന്റെ ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിനായി ക്ഷണിച്ചതും.

ഒരു വെല്ലുവിളിയുടെ അന്വേഷണത്തിലായിരുന്നു ഞങ്ങൾ എത്തിയതും. പതിനേഴു വർഷം മുൻപ് എന്റെ സുഹൃത്തായ മാർക്ക് ദാവിദാറിൽനിന്നുമാണ് ഞാൻ ആദ്യമായി വെള്ളക്കാട്ടുപോത്തിനെക്കുറിച്ചു കേൾക്കുന്നത്. അദ്ദേഹത്തിന്റെ പിതാവായ പ്രസിദ്ധ വന്യജീവി എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ ഇ.ആർ.സി. ദാവിദാർ വെള്ളക്കാട്ടുപോത്തിനെ തേടിപ്പോയ ചരിത്രവും മറ്റും പിന്നീടാണ് ഞാൻ അറിയുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ചിന്നാർ ഉൾപ്പെട്ട താഴ്‌വരയുടെ പേര് 'മഞ്ചംപട്ടി' (ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗത്തിനു മാത്രമാണ് ആ പേര്)വാലി എന്നായിരുന്നു. മഴനിഴൽപ്രദേശമായ അവിടെ ദുർഘടമായ മുൾക്കാടുകൾ നിറഞ്ഞതായിരുന്നു. 1923-ൽ റാണിക്കാർ എന്ന സാഹസികനായ വെള്ളക്കാരൻ മഞ്ചംപട്ടി താഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കൂട്ടം കാട്ടുപോത്തുകളെ കണ്ടു. അതിൽ പകുതിയും വെള്ളനിറമുള്ളവയും! ഈ അദ്ഭുതക്കാഴ്ചയെക്കുറിച്ച് മൂന്നാറിലെ തന്റെ സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞെങ്കിലും അവരാരും അതു വിശ്വസിച്ചില്ല. ദുർഘടംപിടിച്ച ആ വനപ്രദേശത്തേക്ക് അവരാരും ഇറങ്ങിച്ചെല്ലുവാൻ തുനിഞ്ഞതുമില്ല. റാണിക്കാർ വീണ്ടും മഞ്ചംപട്ടി താഴ്‌വരയിലേക്ക് പോയി തിരിച്ചുവന്നത് ഒരു വെള്ളക്കാട്ടുപോത്തിന്റെ വെട്ടിയെടുത്ത തലയുമായിട്ടായിരുന്നു. 1929-ൽ ജിം വില്യംസ് എന്ന മറ്റൊരു വെള്ളക്കാരൻ മഞ്ചംപട്ടിയിൽവച്ച് വെള്ളക്കാട്ടുപോത്തിനെ കാണുകയും അക്കാര്യം BNHS-ൽ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. 1951-ൽ ആംഗസ്റ്റ് ഹട്ടൻ എന്ന സ്‌കോട്ടിഷുകാരനും വെള്ളക്കാട്ടുപോത്തിനെ കണ്ട വിവരം റിപ്പോർട്ടു ചെയ്തിരുന്നു. 1979-ൽ ആചഒട ന്റെ സഹകരണത്തോടെ ഇ.ആർ.സി. ദാവിദാർ ഇവയെ അന്വേഷിച്ചു ചെന്നെങ്കിലും അദ്ദേഹത്തിനു കണ്ടെത്താനായില്ല. അക്കാലത്ത് കാട്ടുപോത്തുകളെ ബാധിച്ച ഒരു രോഗത്താൽ അവയൊക്കെ ചത്തൊടുങ്ങിയിരിക്കാം എന്ന നിഗമനത്തിൽ എത്തി. 2000-ൽ അഭിഭാഷകനായ വി. അജിത്തും ചില വന ഉദ്യോഗസ്ഥന്മാരും ചിന്നാറിൽവച്ച് ചെറിയൊരു വെള്ളക്കാട്ടുപോത്തിനെ കണ്ടതായി ആചഒട ൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അധികം വ്യക്തതയില്ലാത്ത ഒരു ചിത്രം അതിനൊപ്പം ഹിന്ദു ദിനപത്രത്തിൽ വരികയും ഉണ്ടായി. ഇത്രയും വിവരങ്ങളാണ് വെള്ളക്കാട്ടുപോത്തിനെക്കുറിച്ച് ഞങ്ങൾക്കു ലഭിച്ചത്.

വഴികാട്ടികളായ വിജയനും ശിവകുമാറും (ഹിൽപുലയാസ്) ചിന്നാറിന്റെ മുൾക്കാടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി.

2004 ലെ ജൂണിൽ മൂന്നാറിൽ കോരിച്ചൊരിയുന്ന മഴയിൽ കുതിരുമ്പോൾ ചിന്നാർക്കാടുകൾ ഉണങ്ങിവരണ്ട് കിടക്കുകയായിരുന്നു. പിന്നീടങ്ങോട്ട് പന്ത്രണ്ടു നാളുകൾ വെള്ളക്കാട്ടുപോത്തിനെ തേടിയുള്ള ഒരലച്ചിലായിരുന്നു. എപ്പോഴോ പെയ്ത മഴയിൽ പാറക്കെട്ടുകളിലെ ചെറിയ കുഴികളിൽ കെട്ടിക്കിടക്കുന്ന പല നിറങ്ങളിലുള്ള ജലമായിരുന്നു ഞങ്ങളുടെ ശുദ്ധജലം. കൊതുകുകളുടെ കൂത്താടിയും പലജാതി പുഴുക്കളും നിറഞ്ഞ ശുദ്ധജലം! കുളിക്കുന്ന കാര്യം ഞങ്ങൾ മറന്നിരുന്നു. അതിരാവിലെ ഏതെങ്കിലും മലയുടെ ഉച്ചിയിൽ വലിഞ്ഞുകയറും. താഴെ ഏതെങ്കിലും കാട്ടുപോത്തിൻകൂട്ടത്തെ കണ്ടാൽ ഉടനെ അവയ്ക്കു പിന്നാലെ ഇറങ്ങിച്ചെല്ലും, വെള്ളക്കാട്ടുപോത്തിനെ തേടി. ചിന്നാറിലെ മുൾച്ചെടികൾക്ക് ഒരു പ്രത്യേകതയുണ്ട്. അവയ്ക്ക് നമ്മളോട് വല്ലാത്തൊരു സ്‌നേഹമാണ്. നടക്കുന്ന വഴിയിൽ നമ്മുടെ കൈകാലുകളിൽ ചുറ്റിപ്പിടിച്ചു നിർത്തും. നമ്മൾ നീങ്ങുമ്പോൾ അറക്കവാൾകൊണ്ട് ചുറ്റിവലിച്ചപോലെ ആയിരിക്കും വേദന. ആ മുറിവിൽ കൊച്ചുകൊച്ചു മുള്ളുകൾ അതിനകം നിറഞ്ഞുകഴിഞ്ഞിരിക്കും.

പത്തുദിനങ്ങൾ കടന്നുപോയി. ആനകൾ, കാട്ടുനായ്ക്കൾ, മയിൽ, മുള്ളൻപന്നി, ചാമ്പമലയണ്ണാനുകളൊക്കെ ക്യാമറയിൽ നിറഞ്ഞു. അനേകം പൂമ്പാറ്റകളും പക്ഷികളും അതോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ, വെള്ളക്കാട്ടുപോത്ത് മാത്രം ഒഴിഞ്ഞുനിന്നു.
അടുത്തനാൾ ഓഹറപള്ളം എന്ന വലിയൊരു ചരുവിൽ ഞങ്ങൾ എത്തി. തലയ്ക്കു മുകളിൽ സൂര്യൻ നിന്നു കത്തിജ്വലിച്ചു. സമയം ഉച്ച 12 മണിയും. ഞങ്ങളുടെ നാലു പേരുടെയും മധ്യാഹ്നാഹാരം രണ്ടു ചെറുനാരങ്ങയും മൂന്നു മാമ്പഴവുമാണ്. കരുതിയിരുന്ന ജലമെല്ലാം എപ്പോഴേ തീർന്നിരുന്നു. ശരീരത്തിൽ വസ്ത്രങ്ങൾ വിയർത്തൊട്ടിക്കിടന്നു. മുറിവുകളിലൊക്കെ വല്ലാത്ത നീറ്റലാണ്. ഒരു ചെറുനാരങ്ങ പകുതി മുറിച്ച് ഞാനും ജലീലും പങ്കിട്ടെടുത്തു. വരണ്ട ചുണ്ടുകൾ ഒന്നു നനയ്ക്കുവാനായിരുന്നു അത്. അപ്പോഴാണ് അങ്ങ് താഴെ ഒരുകൂട്ടം കാട്ടുപോത്തുകൾ മേയുന്നത് കണ്ടത്. ബൈനോക്കുലറിലൂടെ വിജയൻ താഴേക്കു നോക്കി.
'സാറെ വെള്ളക്കാട്ടുപോത്ത്!'

പിന്നെ താഴേക്കൊരു പാച്ചിലായിരുന്നു ഞങ്ങൾ. കാലൊന്നു തെറ്റിയാൽ മതി പൊടികാണില്ല. അതിനിടയിൽ ആ വെള്ളപ്പോത്തിന്റെ ചിത്രങ്ങൾ എടുക്കുവാൻ മറന്നില്ല. താഴെ എത്തിയപ്പോഴേക്കും അവ മുൾക്കാടുകളിലേക്ക് മറഞ്ഞുകഴിഞ്ഞിരുന്നു. എങ്കിലും അവ എന്റെ ക്യാമറയിൽ നിറഞ്ഞിരുന്നു. അത്രയും ദിനങ്ങളിൽ കാട് ഞങ്ങൾക്കു നല്കിയ പാഠങ്ങൾ ഉൾക്കൊണ്ട് അങ്ങ് താഴെ ഒഴുകുന്ന പാമ്പാറിലെ കുളിരാർന്ന ജലം സ്വപ്നംകണ്ട് ഞങ്ങൾ കാടിറങ്ങി.

കാടും കാമറയും
എൻ.എ. നസീർ
മാതൃഭൂമി ബുക്‌സ്
2015, വില: 1000 രൂപ