- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മങ്ങാട് സ്വദേശിനിയെ വിളിച്ച് ജിബിനുമായുള്ള പ്രണയത്തിൽ നിന്ന് സുഹൃത്തിനോട് പിന്മാറണമെന്ന് പറയണമെന്ന് ആവശ്യപ്പെട്ടത് തിരുവമ്പാടിക്കാരി; കാപ്പുംതല സ്വദേശിനിയെ ഇത് അറിയിച്ചതോടെ പ്രശ്‌നം തുടങ്ങി; കടുത്തുരുത്തിയെ ഞെട്ടിച്ച വീടാക്രമണത്തിന് പിന്നിൽ പ്ലസ് വണ്ണുകാരിയുടെ പ്രതികാരം
കടുത്തുരുത്തി: പ്രണയ തർക്കത്തിന്റെ പേരിൽ കൂട്ടുകാരിയുടെ വീട്ടിൽ ആക്രമണം നടത്തിയവർ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം. കേസിൽ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥിനിക്കെതിരെ ജുവനൈൽ കേസാകും എടുക്കുക.
അറസ്റ്റിലായ വിദ്യാർത്ഥിനിയുടെ കൂട്ടുകാരിയുടെ മങ്ങാട്ടെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. അറസ്റ്റിലായ പെൺകുട്ടിയുടെ സുഹൃത്താണ് ജിബിൻ. ജിബിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നു മങ്ങാട് സ്വദേശിനി സുഹൃത്തുക്കളോടു പറഞ്ഞുവെന്ന് ആരോപിച്ചാണ് ഞായറാഴ്ച രാത്രി എട്ടരയ്ക്ക് സംഘം ആക്രമണം നടത്തിയത്. ജിബിൻ അടക്കമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. വ്യക്തമായ പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം.
ആക്രമണത്തിന് നേതൃത്വം നൽകിയ പ്ലസ് വൺ വിദ്യാർത്ഥിനി, സുഹൃത്ത് കുറിച്ചി ഇത്തിത്താനം പുതുവേലിൽ എണ്ണക്കച്ചിറ ജിബിൻ രാഹുൽ (21), ജിബിന്റെ സുഹൃത്തുക്കളായ കുറിച്ചി ഫ്രഞ്ച് മുക്ക് കൊച്ചുപറമ്പിൽ സുധീഷ് സുഗതൻ (23), മാമ്മൂട് മാടപ്പള്ളി പഴത്തോട്ടത്തിൽ കൃഷ്ണകുമാർ രാമകൃഷ്ണൻ (രാഹുൽ (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുകാരിയെ ജുവനൈൽ കോടതിയിലും സുഹൃത്തുക്കളെ കോടതിയിലും ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു. സംഘാംഗമായ മാമ്മൂട് സ്വദേശി ഷിബിൻ (26) ഒളിവിലാണ്.
ബോംബും മരാകായുധങ്ങളും ഈ സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. സ്‌ഫോടക വസ്തു കിട്ടിയത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കും. വിദ്യാർത്ഥിനിയുടെ പിതാവിനെയും മാതാവിനെയും സംഘം മർദിച്ചു. അക്രമം തടുക്കാൻ ശ്രമിച്ച അയൽവാസിയായ അശോകനെ കുത്തി. നാട്ടുകാർ ഓടിയെത്തിയതോടെ സ്‌ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം ചിതറി ഓടി. വിദ്യാർത്ഥിനിയെയും രണ്ടു പേരെയും നാട്ടുകാർ പിടിച്ചു. ഒരാൾ കടന്നു കളഞ്ഞു.
നെഞ്ചിനു കുത്തേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തു. കൈക്കു പരുക്കേറ്റ ജിബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കോട്ടയത്തു നിന്നും എത്തിയ ഫൊറൻസിക് വിദഗ്ദ്ധർ ശേഖരിച്ചു. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പ്രതികൾ എത്തിയ കാറും പിടികൂടി.
പ്ലസ്ടു വിദ്യാർത്ഥിനികളായ കടുത്തുരുത്തി മങ്ങാട് സ്വദേശിനിയും കാപ്പുംതല സ്വദേശിനിയും സുഹൃത്തുക്കളായിരുന്നു. ഇവർക്കിടയിൽ ഉടലെടുത്ത തർക്കത്തെ തുടർന്നായിരുന്നു വീട് കയറിയുള്ള ആക്രമണവും കത്തിക്കുത്തും. കാപ്പുംതല സ്വദേശിനി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ജിബിനുമായി പ്രണയത്തിലായിരുന്നു. ജിബിന്റെ മുൻകാമുകിയാണെന്നവകാശപ്പെട്ട് തിരുവമ്പാടിക്കാരിയായ പെൺകുട്ടി എത്തിയതാണ് തർക്കങ്ങളുടെ തുടക്കം. ഈ പെൺക്കുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ച് ജിബിനുമായുള്ള പ്രണയത്തിൽ നിന്ന് സുഹൃത്തിനോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. മങ്ങാട് സ്വദേശി ഇക്കാര്യം സുഹൃത്തായ കാപ്പുംതല സ്വദേശിനിയെ അറിയിച്ചു.
ആരോപണങ്ങൾ ജിബിൻ നിഷേധിച്ചതോടെ കൂട്ടുകാരികൾ ഇടഞ്ഞു. വീട്ടുകാരും ഇടപെട്ടതോടെ വിഷയം വഷളായി. കാപ്പുംതല സ്വദേശിനി കാമുകനായ ജിബിനും മറ്റ് രണ്ട് സുഹൃത്തുക്കളോടുമൊപ്പം ചർച്ചയ്ക്കായി കൂട്ടുകാരിയുടെ മങ്ങാട്ടെ വീട്ടിലെത്തി. ഇതിനിടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ജിബിൻ മങ്ങാട് സ്വദേശിനിയുടെ പിതാവിനെ മർദിച്ചു. കൂടെയുള്ളവർ കയ്യിലുണ്ടായിരുന്ന സ്‌ഫോടക വസ്തു എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ ഓടിയെത്തിയ അയൽവാസി ബാനർജി ഭവനിൽ അശോകനെ അക്രമിസംഘം നെഞ്ചിൽ കുത്തിവീഴ്‌ത്തി.
സംഭവസ്ഥലത്ത് നിന്ന് തന്നെ ജിബിനെയും കാമുകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്കുമായി കടന്നുകളഞ്ഞ പ്രതികളായ സുധീഷ്, കൃഷ്ണകുമാർ എന്നിവരെയും പൊലീസ് പിന്നീട് പിടികൂടി. കടുത്തുരുത്തി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ