കൊച്ചി: വലിയ സ്വപ്‌നങ്ങൾ ആകുമ്പോൾ തടസ്സങ്ങളും പെരുകും. ശത്രുക്കൾ കരുത്തരാകുമ്പോൾ പോരാട്ടത്തിന്റെ കടുപ്പവും കൂടും. കടുവയുടെ റിലീസ് ഒരാഴ്ച കൂടി നീട്ടിയെന്ന് നടൻ പൃഥിരാജും, സംവിധായകൻ ഷാജി കൈലാസും അറിയിച്ചു. ഈ മാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഒരാഴ്ചകൂടി കഴിഞ്ഞ് ജൂലൈ ഏഴിനായിരിക്കും തിയേറ്ററുകളിലെത്തുക.

ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പൃഥ്വി പറഞ്ഞു. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്‌നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സം?ഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.