തിരവനന്തപുരം: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ' അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ ഏഴിനായിരുന്നു ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്. തുടർച്ചയായി പൃഥ്വിയുടെ രണ്ട് സിനിമകളാണ് അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയത്.പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയും 50 കോടി നേടിയിരുന്നു.

എന്നു നിന്റെ മൊയ്തീൻ, എസ്ര, ജന ഗണ മന എന്നീ ചിത്രങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയാണ് കടുവ.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിൽ വിവേക് ഒബ്‌റോയ് ആയിരുന്നു വില്ലൻ.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ,കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ എന്നിവരാണ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. ജേക്‌സ് ബിജോയ് ആണ് സംഗീതം. കലാസംവിധാനം മോഹൻദാസ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിച്ച ചിത്രമാണ് കടുവ.