ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ കോർപറേഷൻ പൂർണമായും ഇലക്ട്രോണിക്ക് സംവിധാനത്തിലേക്ക് മാറി. കഹ്‌റാമ ഓഫീസുകളിൽ ഇനി കടലാസിലുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഇവിടെ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇനി ഓൺലൈനായി മാത്രമേ നൽകാനാകൂ. ഖത്തർ നാഷണൽ വിഷൻ 2030-യുടെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത്. ഇതുവഴി ഓഫീസ് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിക്കുന്നതിനുമാണ് ഈ മാറ്റം.

ഉപയോക്താക്കളും കരാറുകാരും ഇനി കഹ്‌റാമ വെബ്‌സൈറ്റിലൂടെ ആയിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. വൈകാതെ കഹ്‌റാമ സ്മാർട്ട് ആപ്പ് മൊബൈലിൽ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ ആയി അപേക്ഷിക്കാൻ കഹ്റാമ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകി കഹ്റാമ വെബ്സൈറ്റിൽ അക്കൗണ്ട് എടുക്കാം. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയാണ് അടുത്തപടി. ഇവ പരിശോധിച്ച് ഉറപ്പാക്കിയാൽ വിവരം എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കും. തുടർ ഉപയോഗത്തിനുള്ള പ്രത്യേക നമ്പറും ഈ എസ്എംഎസിൽ ഉണ്ടാവും.