രാജ്യത്ത് വെള്ളവും വൈദ്യുതിയും പാഴാക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. പുതിയ നിയമം ഖത്തർ അമീർ അംഗീകരിച്ചതോടെ നിയമലംഘകരെ കാത്തിരിക്കുന്നത് 2000 ഖത്തർ റിയാൽ വരെ പിഴയാണ്. ഒരു വർഷം മുമ്പാണ് പുതിയ നിയമം കാബിനറ്റിന്റെ അംഗീകാരം നേടിയത്. ഖത്തറിന്റെ യൂട്ടിലിറ്റി പ്രൊവൈഡർ ആയ ഖഹ്രാമ അതിന്റെ ചാർജ്ജ് വർദ്ധിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പിലാക്കുന്നതായും പ്രഖ്യാപനം വരുന്നത്. ലോകത്തിൽ ഏറ്റവും അധികം ജലഉപഭോഗമുള്ള രാജ്യമാണ് ഖത്തർ. പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് നാല് മടങ്ങും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പത്ത് മടങ്ങുമാണ് ഖത്തറിലെ ജല ഉപഭോഗം.

കഹ്രാമയുടെ നേതൃത്വത്തിൽ നടത്തിവന്ന തർഷീദ് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളത്തിന്റെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനായിട്ടുണ്ട്. രാവിലെ 7 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വീടിന് പുറത്ത് വൈദ്യുതി പ്രകാശിപ്പിക്കുന്നത് ഖത്തറിലെ നിയമം അനുസരിച്ച് ഇപ്പോൾ തന്നെ കുറ്റകരമാണ്. ഇതിന് പുറമെ പൂന്തോട്ടം നനയ്ക്കാനും കാറ് കഴുകാനുമെല്ലാം വെള്ളം അനാവശ്യമായി ചെലവാക്കുന്നതും പിഴ നൽകേണ്ട കുറ്റമാണ്. എന്നാൽ പുതിയ നിയമം പ്രകാരം ഇതിനൊക്കെയുള്ള കൂടിയ പിഴ ഇരട്ടിയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.

കുടിക്കാനുള്ള വെള്ള കാർ കഴുകാനും മുറ്റം വൃത്തിയാക്കാനും ഉപയോഗിക്കുന്നവർക്ക് 20000 റിയാൽ വരെയാവും പിഴ ചുമത്തുക. ഇതിന് പുറമെ വെള്ളം നഷ്ടപ്പെടുന്ന രീതിയിൽ പൈപ്പിന് കേടുപാട് സംഭവിച്ചാലും ഇതു തന്നെയാവും പിഴ. ഇതിന് പുറമെ പകൽ സമയത്ത് പുറത്ത് ലൈറ്റ് ഇടുന്നവർ 10000ഖത്തർ റിയാൽ വരെ പിഴ നൽകേണ്ടിവരും.