ദോഹ: അൽ തുമാമയിലെ കഹ്‌റാമ അവയർനസ് പാർക്ക് ഉദ്ഘാടനം അടുത്താഴ്ച നടത്തും. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തിങ്കളാഴ്ച മുതൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോക ഭൗമദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന പാർക്കിൽ വൈദ്യുതിയുടേയും ജലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് മുതിർന്നവർക്കും കുട്ടികൾക്കും ത്രിമാന ചിത്രങ്ങളിലൂടെ ബോധവത്ക്കരണം നടത്തും.

ഊർജ സംരക്ഷണത്തെക്കുറിച്ചുള്ള പഠന ബോധവൽക്കരണ പ്രദർശന കേന്ദ്രമായാണു പാർക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. വിവിധ മാതൃകകളിലൂടെയും ത്രിമാന ചിത്രങ്ങളിലൂടെയും ഊർജ, ജല സംരക്ഷണത്തെക്കുറിച്ചു കുട്ടികൾക്കും മുതിർന്നവർക്കും ബോധവൽക്കരണം നടത്തുകയാണു ലക്ഷ്യം. പാരമ്പര്യേതര ഊർജ മാർഗങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിക്കും. ഊർജ സംരക്ഷണത്തെക്കുറിച്ചു ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാനും സൗകര്യമുണ്ട്.

ഏറെ പ്രത്യേകതകളോടെ നിർമ്മിച്ചിരിക്കുന്ന പാർക്ക് ഡിസൈൻ വ്യത്യസ്തത കൊണ്ട് നേരത്തെ തന്നെ ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു. ഇ-റിങ് റോഡിൽ തുമാമ ഇന്റർസെക്ഷന് സമീപമാണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്.