- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമം മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' സുപ്രീംകോടതിയും തള്ളി; കൊല്ലത്തെ ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിലെ വിധി ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: വീട്ടുകാർ തടഞ്ഞുവച്ചിരിക്കുന്ന 21 വയസ്സുള്ള തന്റെ 'ആത്മീയ ജീവിതപങ്കാളിയെ' മോചിപ്പിക്കാൻ കൊല്ലം സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹർജി സുപ്രീം കോടതിയും തള്ളി. ഹർജിക്കാരൻ വിവാഹിതനാണെന്നും ഇയാളുടെ പൂർവകാല ചരിത്രം സംശയാസ്പദമാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടിക്ക് 21 വയസ്സുണ്ടെങ്കിലും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്ന് ഇരുപത്തിയൊന്നുകാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 'ആത്മീയ ഗുരു' നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളിയതിന് കാരണം പൊലീസിന്റെ റിപ്പോർട്ടായിരുന്നു. വിഷാദരോഗത്തിനു കൗൺസലിങ്ങിനു കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനവലയത്തിലാക്കിയതാണെന്നു മാതാപിതാക്കൾ അറിയിച്ചിരുന്നു. തന്റെ ആത്മീയ പങ്കാളിയായ (സ്പിരിച്വൽ പാർട്നർ) പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശിയായ ഡോ. കൈലാസ് നടരാജൻ നൽകിയ ഹർജിയാണു ഹൈക്കോടതി തള്ളയതോടെ സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.
പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കൊല്ലം സ്വദേശി കൈലാസ് നടരാജൻ (42) സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന തന്നെ ആചാര്യനായാണ് പെൺകുട്ടി കരുതുന്നതെന്നും യോഗാ ശിഷ്യയാണെന്നും ഹർജിയിലുണ്ട്. എന്നാൽ, പരാതിക്കാരനെ സ്വന്തം അമ്മയ്ക്കു പോലും വിശ്വാസമില്ലെന്നും പോക്സോ കേസിൽ ഉൾപ്പെട്ടയാൾക്കൊപ്പം എങ്ങനെയാണ് ഒരു പെൺകുട്ടിയെ വിടുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
എന്നാൽ, പെൺകുട്ടിയെ ഒപ്പം വിടണമെന്നതല്ല ആവശ്യമെന്നു കൈലാസിനു വേണ്ടി അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, എ. കാർത്തിക് എന്നിവർ അറിയിച്ചു. ഏതു രക്ഷിതാക്കളാണു മകൾക്കു മാനസിക പ്രശ്നമുണ്ടെന്നു പറയുകയെന്നു ബെഞ്ച് ചോദിച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ജില്ലാ ജഡ്ജി പെൺകുട്ടിയുമായി സംസാരിച്ചു ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിക്കു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
മെഡിക്കൽ പ്രഫഷനിലുണ്ടായിരുന്ന ഹർജിക്കാരൻ ഇപ്പോൾ വേദിക് ആചാര്യൻ എന്നാണ് അവകാശപ്പെടുന്നതെന്നും കുടുംബവീടിന്റെ ഒരുനില ആശ്രമം ആക്കിയിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബവീട്ടിൽ അമ്മയും വാടകവീട്ടിൽ ഭാര്യയും 2 കുട്ടികളും ഉണ്ടെങ്കിലും അവരുമായി കാര്യമായ അടുപ്പമില്ല. ഒരു പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത പോക്സോ കേസിൽ ഹർജിക്കാരനെ മൂന്നാം പ്രതിയാക്കിയെങ്കിലും കുടുതൽ തെളിവു കണ്ടെത്താനാകാതെ ഒഴിവാക്കിയിരുന്നു. ഇതും സുപ്രീംകോടതിയെ സ്വാധീനിച്ചു.
ആധ്യാത്മിക പാതയിൽ രണ്ടര വർഷമായി തങ്ങൾ ഒന്നിച്ചു ജീവിക്കുകയാണെന്നായിരുന്നു 'ആത്മീയ ഗുരുവിന്റെ' വിശദീകരണം. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹർജിക്കാരനൊപ്പം പോകണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഹർജിക്കാരനു മറ്റൊരു ഭാര്യയും 2 കുട്ടികളുമുണ്ട്. വിദഗ്ധാഭിപ്രായം എടുക്കാൻ ഹൈക്കോടതി കോടതി പെൺകുട്ടിയെ കൗൺസലിങ്ങിനു പ്രേരിപ്പിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയിരുന്നില്ല.
ഡോക്ടർ എന്ന വിശ്വാസത്തിലാണ് മകളെ മാതാപിതാക്കൾ ചികിത്സിക്കാൻ ഹർജിക്കാരന്റെയടുത്ത് എത്തിച്ചത്. ആ വിശ്വാസം ലംഘിച്ചതായും ഹൈക്കോടതി വിലയിരുത്തിയിരുന്നു. മികച്ച രീതിയിൽ പഠിക്കുന്ന മകളെ മാനസിക വിഷമങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൗൺസലിങ്ങിന് ആലപ്പുഴ സ്വദേശികളായ മാതാപിതാക്കൾ ഹർജിക്കാരന്റെയടുത്ത് എത്തിച്ചത്. യുവതിയെ തനിച്ച് കൗൺസലിങ്ങിന് വിധേയയാക്കിയതോടെ തന്റെ 'ആത്മീയ ശിഷ്യ'യായി മാറിയെന്നാണ് ഹർജിക്കാരൻ അവകാശപ്പെടുന്നത്.
യുവതിയുമായി രണ്ടരവർഷമായി 'ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പി'ലാണെന്നും യുവതിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. എം.ബി.ബി.എസ്. ബിരുദധാരിയും ഇംഗ്ലണ്ടിൽനിന്ന് സൈക്യാട്രിയിൽ ഉപരിപഠനം നടത്തിയ വ്യക്തിയാണ് യോഗാചാര്യൻ. താൻ 'വേദിക് യോഗാചാര്യ'നായി മാറിയെന്നാണ് കൊല്ലം സ്വദേശിയുടെ അവകാശ വാദം.
മറുനാടന് മലയാളി ബ്യൂറോ