ന്യൂഡൽഹി: ഇന്നലെ വരെ ആരുമായിരുന്നില്ല കൈലാഷ് സത്യാർഥിയെന്ന മനുഷ്യൻ. മാദ്ധ്യമങ്ങളോ നാട്ടുകാരോ ഈ മനുഷ്യനെ പരിഗണിച്ചിരുന്നേയില്ല. സത്യാർഥിയുടെ ട്വിറ്റർ പേജിൽ ആകെയുണ്ടായിരുന്നത് 200 ഫോളോവേഴ്‌സ് മാത്രം.

എന്നാൽ ഒറ്റദിവസം കൊണ്ടാണ് സത്യാർഥി ലോകത്തിന്റെ സ്വന്തമായത്. നൊബേൽ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഒറ്റ രാത്രികൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം പതിനായിരം കവിഞ്ഞു. അന്വേഷണങ്ങളുടെ എണ്ണം താങ്ങാനാകാതെ അദ്ദേഹത്തിന്റെ വെബ്‌സൈറ്റും പണിമുടക്കി.

നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ സംഘടനയായ ബച്പൻ ബചാവോ ആന്ദോളന്റെ വെബ്‌സൈറ്റ് തകരാറിലായത്. ലോകമെങ്ങും നിന്നുള്ളവർ സൈറ്റിൽ കയറാൻ ശ്രമിച്ചതോടെയാണ് വെബ്‌സൈറ്റ് ഡൗണായത്. ട്വിറ്റർ അക്കൗണ്ടിലും ഫോളോവേഴ്‌സ് നിറഞ്ഞുകവിയുകയാണ്. ഇരുപതിനായിരത്തോളം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.

നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിനുശേഷവും ഇന്ത്യയിലെ മാദ്ധ്യമങ്ങളെല്ലാം ആരാണീ കൈലാഷ് സത്യാർഥി എന്ന് തിരക്കിയുള്ള പാച്ചിലിൽ ആയിരുന്നു. മാദ്ധ്യമങ്ങൾക്ക് വാർത്തയാകാൻ വേണ്ടി മാത്രം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. സർക്കാർ പോലും വേണ്ട രീതിയിൽ അദ്ദേഹത്തിന് പരിഗണന നൽകിയിരുന്നില്ല. പുരസ്‌കാരങ്ങൾക്കൊന്നും അദ്ദേഹം ശുപാർശ ചെയ്യപ്പെട്ടിരുന്നുമില്ല. കടുത്ത അവഗണയുടെ നാളുകളിൽ നിന്നാണ് പുരസ്‌കാര ലബ്ധിയിലൂടെ അദ്ദേഹം ലോകശ്രദ്ധയിൽ എത്തിയത്.