- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സർവീസ് പൂർത്തിയാക്കിയ അഗ്‌നിവീരന്മാർക്ക് ബിജെപി ഓഫിസുകളിൽ സുരക്ഷാ ജോലിക്ക് മുൻഗണന'; ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ; പരാമർശം വളച്ചൊടിച്ചെന്ന് കൈലാഷ് വിജയ് വർഗിയ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ബിജെപി. നേതാക്കളുടെ പരാമർശം വിവാദത്തിൽ. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയയും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുമാണ് വിവാദ പരാമർശം നടത്തിയത്.
അഗ്‌നിവീരന്മാർക്ക് സർവീസ് പൂർത്തിയാക്കിയാൽ ബിജെപി. ഓഫീസുകളിൽ സുരക്ഷാ ജീവനക്കാരായി ജോലി ലഭിക്കുമെന്ന രീതിയിലായിരുന്നു കൈലാഷ് വിജയ വർഗിയയുടെ വാക്കുകൾ. ബിജെപി. ഓഫീസിന് സുരക്ഷാജീവനക്കാരെ ആവശ്യമാണെങ്കിൽ അഗ്‌നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്കവും ഉത്തരവുകൾ പാലിക്കലും സേനയുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഗ്നിവീറുകൾ നാലു വർഷത്തെ സേവനത്തിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരെ ബിജെപി ഓഫിസുകളിൽ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നതിനു മുൻഗണന നൽകുമെന്ന് കൈലാഷ് വിജയ് വർഗിയ വ്യക്തമാക്കിയത്.
''അഗ്‌നിവീർ 21-ാം വയസ്സിൽ സേനയിൽ ചേരുന്നു എന്ന് കരുതുക. സേനയിൽ നിന്ന് പുറത്തുവരുമ്പോൾ അയാൾക്ക് 25 വയസ് തികയും. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചിൽ അഭിമാനത്തിന്റെ 'അഗ്‌നിവീർ' മെഡലും. ഇവിടെയുള്ള ബിജെപി ഓഫിസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടിവന്നാൽ, ഞാൻ മുൻഗണന നൽകുക അഗ്‌നിവീറിനായിരിക്കും' അദ്ദേഹം പറഞ്ഞു.
ബിജെപി. നേതാവിന്റെ പരാമർശം വിവാദമായതോടെ ആം ആദ്മി പാർട്ടിയും ശിവസേനയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് കൈലാഷ് വിജയ വർഗിയയോട് ആവശ്യപ്പെട്ടു.
''രാജ്യത്തെ യുവജനങ്ങളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുത്. ജീവിതകാലം മുഴുവൻ രാജ്യത്തെ സംരക്ഷിക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം സൈന്യത്തിൽ ചേരുന്നതിനായി എഴുത്തുപരീക്ഷകൾക്കായും കായികക്ഷമതാ പരീക്ഷകൾക്കായും കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മുടെ യുവജനങ്ങൾ. അല്ലാതെ ബിജെപി ഓഫിസുകൾക്ക് സംരക്ഷണം നൽകാനല്ല അവരുടെ ഈ അധ്വാനം' കേജ്‌രിവാൾ പറഞ്ഞു.
വിജയ് വർഗിയയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനങ്ങളും ഉയർന്നു. 'നമ്മുടെ സേന അഗ്‌നിവീരന്മാരെ സുരക്ഷാ ഗാർഡുകളാകാൻ പരിശീലിപ്പിക്കും' എന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു. അഗ്‌നിവീരന്മാരെ ബിജെപി കാണുന്നത് കൂലിക്ക് വാങ്ങുന്ന ചൗക്കിദാർമാരായി മാത്രമാണെന്നത് വ്യക്തമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. ബിജെപി നേതാവു കൂടിയായ വരുൺ ഗാന്ധിയും തന്റെ സഹപ്രവർത്തകന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞു. ഇതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വിമർശനവുമായി രംഗത്തെത്തിയത്.
അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ബിജെപി. ജനറൽ സെക്രട്ടറി തീർത്തുനൽകിയെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ശിവസേന എംപി. പ്രിയങ്ക ചതുർവേദിയും ബിജെപി. നേതാവിനെതിരേ രംഗത്തെത്തി.




