തിരുവനന്തപുരം: കൈരളി പീപ്പിൽ ടിവിയുടെ ഇന്നോടെക്ക് അവാർഡ് ഏറ്റുവാങ്ങുമ്പോൾ വരുൺ ചന്ദ്രൻ നടത്തിയ പ്രസംഗം പുതുതമുറയ്ക്ക് പ്രചോദനമേകുന്നതാണ്. ചെറുപ്പകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് വരുൺ തുറന്നു പറഞ്ഞപ്പോൾ വേദിയിലും ചടങ്ങിനൊത്തിയവർക്കും നൊമ്പരമായി. കോർപ്പറേറ്റ് 360 എന്ന സ്റ്റാർട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് വരുൺ ഇക്കാര്യങ്ങൾ പറഞ്ഞത്.

അച്ഛൻ ബാലചന്ദ്രന്റെ മാതാവ് പൊന്നമ്മ വാറ്റുചാരായം വിറ്റായിരുന്നു കുടുംബത്തെ പോറ്റിയിരുന്നതെന്നും പിന്നീട് അച്ഛൻ അത് ഏറ്റെടുത്ത് നടത്തിയെന്നും വരുൺ പറഞ്ഞു. പിന്നീട് വാറ്റുചാരായത്തിന്റെ കച്ചവടം ഒഴിവാക്കി പിതാവ് ചുമട്ടുതൊഴിലാളിയായി. ആ സമയത്ത് തനിക്കും ലോഡിങ് തൊഴിലാളിയാകാനായിരുന്നു ആഗ്രഹമെന്നും വരുൺ പറഞ്ഞു. കടബാധ്യതമൂലം നാടുവിട്ട അമ്മയെ കുറിച്ചും വരുൺ മനസുതുറന്നു.

ഇടതുപക്ഷത്തിനൊപ്പം ജീവിക്കുന്ന തന്റെ ഹീറോസ് പിണറായി വിജയനും വി എസ് അച്യുതാനന്ദനാണെന്നും വരുൺ പറഞ്ഞു. പഠനക്കാലത്ത് സംസ്ഥാന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന താൻ, അണ്ടർ 19 ടീമിലെ മികച്ച താരമായും ഒരിക്കൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും വരുൺ പറയുന്നു.

പിന്നീട് ജോലി തേടി ബംഗളൂരു, ഹൈദരാബാദ് വഴി അമേരിക്ക വരെ എത്തിയെന്നും വരുൺ അഭിമാനത്തോടെ പറയുന്നു. അങ്ങനെ ഒരിക്കൽ നടത്തിയ വിമാനയാത്രയിൽ വച്ചാണ് ഭാര്യയായ ഡെമീറ്റാ ഡിക്രൂസിനെ ആദ്യമായി കണ്ടുമുട്ടിയതെന്നും വരുൺ പറയുന്നു.

മമ്മൂട്ടിയും മുകശേഷും ജോൺ ബ്രിട്ടാസുമെല്ലാം വരുണിന്റെ വാക്കുകൾ കേട്ട് വേദിയിലുണ്ടായിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി വേദിയിലേക്ക് വരുണിന്റെ പിതാവ് ബാലചന്ദ്രനെ ക്ഷണിച്ച് ചേർത്ത് നിർത്തി സദസിനു വേണ്ടി ആദരം അറിയിക്കുകയും ചെയ്തു. വരുൺ ഇന്നോടെക്ക് അവാർഡ് ഏറ്റുവാങ്ങുന്നതിന് ഭാര്യ ഡെമീറ്റാ ഡിക്രൂസും സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും സാക്ഷികളായി.

കേരളത്തിലെ ആദ്യ റൂറൽ സ്റ്റാർട്ടപ്പ് ഐടി പാർക്കിന്റെ മേധാവി വരുൺ ചന്ദ്രൻ. 'കോർപ്പറേറ്റ് 360' എന്ന ഐടി സ്ഥാപനം സിംഗപ്പൂർ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമടക്കം ശാഖകളുള്ള കമ്പനി രണ്ടു വർഷത്തിനിടെ 10 ലക്ഷം ഡോളറാണ് വരുമാനമുണ്ടാക്കിയത്. വമ്പൻ കമ്പനികൾക്ക് വിപണിയിൽ മുന്നേറാനുള്ള തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുകയാണ് കോർപ്പറേറ്റ് 360ന്റെ സോഫ്‌റ്റ്‌വെയർ ചെയ്യുന്നത്. ഫുട്‌ബോൾ താരമായിരുന്ന വരുൺ പരിക്കിനെ തുടർന്നാണ് ഐടി രംഗത്തേക്ക് ചുവടുമാറ്റിയത്.