ബ്രിസ്‌ബേൻ: ബ്രിസ്‌ബെനിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ കൈരളിയുടെ ഈസ്റ്റർ-വിഷു ആഘോഷങ്ങൾക്ക് അന്തിമരൂപം നൽകി. 30ന് ശനിയാഴ്ച വൈകിട്ട് ഡ്യൂറാക്കിലെ ആസ്‌ട്രേലിയൻ ഇസ്ലാമിക് ഇന്റർനാഷണൽ കോളേജിന്റെ വിശാലമായ ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിസ്‌ബെനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾക്ക് തങ്ങളുടെ പരിപാടികൾ അവതരിപ്പിക്കാനുള്ള വിശാല വേദിയായാണ് കൈരളിയെ ബ്രിസ്‌ബെൻ മലയാളികൾ കാണുന്നത്. ഇക്കുറിയും നൂറോളം പ്രതിഭകളാണ് കലാപരിപാടികൾക്കായി തയ്യാറാകുന്നത്. 6 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബ്രിസ്‌ബെനിലെ പ്രമുഖർ പങ്കെടുക്കും.

വിശാലമായ സൗജന്യ പാർക്കിംഗും വൈവിധ്യമാർന്ന ഭക്ഷണവും വിവിധ സ്‌പോൺസർമാരുടെ സ്റ്റാളുകളും പ്രത്യേകതയാണ്. ഓരോ വർഷവും വൈവിധ്യമുള്ള പരിപാടികൾ അവതരിപ്പിച്ചു മലയാളികളുടെ അംഗീകാരവും വിശ്വാസ്യതയും നേടുകയെന്നതാണ് കൈരളിയുടെ മുഖ്യലക്ഷ്യമെന്ന് പ്രസിഡന്റ് ഷാജി തെക്കിനേത്തും സെക്രട്ടറി ഹണി പൈനാടത്തും പറഞ്ഞു.