- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫലം വാങ്ങാതെ ബ്രാൻഡ് അംബാസഡറാകാമെന്നു മമ്മൂട്ടി; സർക്കാരിന്റെ എല്ലാ സഹായവും നൽകുമെന്നു കുഞ്ഞാലിക്കുട്ടി: യുവ വനിതാ സംരംഭകർക്ക് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത് കൈരളി- പീപ്പിൾ ജ്വാല പുരസ്കാര ദാനച്ചടങ്ങിൽ
തിരുവനന്തപുരം: പുതിയ സംരംഭകർക്ക് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും. കൈരളി - പീപ്പിൾ ചാനലിന്റെ യുവ വനിതാ സംരംഭക അവാർഡിലൂടെ ആദരിക്കപ്പെട്ട സംരംഭകരീതിക്കാണ് വ്യവസായമന്ത്രിയുടെയും മഹാനടന്റെയും പിൻതുണാപ്രഖ്യാപനവും സഹായവാഗ്ദാനവും. അവാർഡിലൂടെ ആദരിക്കപ്പെട്ട വേറിട്ട മാതൃകാ
തിരുവനന്തപുരം: പുതിയ സംരംഭകർക്ക് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും. കൈരളി - പീപ്പിൾ ചാനലിന്റെ യുവ വനിതാ സംരംഭക അവാർഡിലൂടെ ആദരിക്കപ്പെട്ട സംരംഭകരീതിക്കാണ് വ്യവസായമന്ത്രിയുടെയും മഹാനടന്റെയും പിൻതുണാപ്രഖ്യാപനവും സഹായവാഗ്ദാനവും.
അവാർഡിലൂടെ ആദരിക്കപ്പെട്ട വേറിട്ട മാതൃകാ സംരംഭങ്ങൾക്കും അവ പിൻതുടരുന്ന ശൈലിക്കും പിന്തുണ അറിയിക്കാനായി വീണ്ടും വീണ്ടും പ്രസംഗപീഠത്തിൽ എത്തുകയായിരുന്നു ഇരുവരുമെന്നതു കൗതുകമായി. തിരുവനന്തപുരത്ത് കൈരളി- പീപ്പിൾ ടിവിയുടെ ജ്വാല അവാർഡ് വേദിയാണ് ഈ കാഴ്ചകൾക്കു സാക്ഷ്യം വഹിച്ചത്.
പ്രഥമ ജ്വാലാ അവാർഡുകൾക്ക് വി എം ഷൈനി, കെ. ബിന്ദു, ലക്ഷ്മി എൻ. മേനോൻ എന്നിവരാണ് അർഹരായത്. പൊതു സംരംഭക മേഖലയിലെ അവാർഡാണ് ഷൈനിക്കു ലഭിച്ചത്.
വരാപ്പുഴയിൽ ചാവറ എന്റർപ്രൈസസ് എന്ന വനിതാസംരംഭം നടത്തുകയാണ് ഷൈനി. ആശുപത്രികളിൽ ശസ്ത്രക്രിയാ വേളയിൽ ഡോക്ടർമാർക്കും രോഗികൾക്കും ഉപയോഗിക്കാനുള്ള ഗൗണുകളാണ് ഈ സ്ഥാപനത്തിന്റെ ഉൽപന്നം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ മേധാവിത്വമുള്ള ഒരു മേഖലയിൽ, വൈദ്യശാസ്ത്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുന്നേറുന്ന ഒരു ചെറുകിട സംരംഭത്തിന് നേതൃത്വം നൽകുന്നതാണ് ഷൈനിയെ അവാർഡിന് അർഹയാക്കിയത്.
നവാഗത സംരംഭ മേഖലയിലെ അവാർഡാണ് ബിന്ദുവിനു ലഭിച്ചത്. ബിന്ദു തേങ്കുറുശ്ശിയിൽ മഹാരാജാ ഇക്കൊ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം നടത്തുന്നു. തേങ്ങയിൽ നിന്ന് പൗഡറും ഫ്‌ളേക്‌സും തയ്യാറാക്കുന്ന സംരംഭമാണിത്. ഒരു ദിവസം പതിനായിരം തേങ്ങ കൈകാര്യം ചെയ്യുന്നു. ഒരു നവാഗത വനിതാ കൂട്ടായ്മയിലൂടെ നാടിനു ചേർന്ന ഒരു വൻ സംരംഭം കാഴ്ചവച്ചു എന്ന നിലയ്ക്കാണ് ബിന്ദു അവാർഡ് ജേതാവായത്.
സാമൂഹിക പ്രസക്തിയുള്ള സംരംഭത്തിന്റെ മേധാവി എന്ന നിലയ്ക്കാണ് ലക്ഷ്മി അവാർഡ് നേടിയത്. എറണാകുളം ജില്ലയിലെ കുലയേറ്റിക്കരയിൽ അമ്മൂമ്മത്തിരി എന്ന വിളക്കുതിരി സംരംഭത്തിനാണ് ലക്ഷ്മി നേതൃത്വം നൽകുന്നത്. സാമൂഹികക്ഷേമ വകുപ്പിന്റെ വയോധികസദനങ്ങളിലെ അന്തേവാസികളായ അമ്മൂമ്മമാരാണ് ഈ സംരംഭത്തിലെ ഉല്പാദകർ. ലാഭം ഉല്പാദകർക്കു തന്നെ തിരിച്ചു നൽകുന്ന ഈ സംരംഭം അതിലെ മനുഷ്യസ്‌നേഹം മുൻനിർത്തിയാണ് അവാർഡ് നേടിയത്.
ജനകീയ നാമനിർദ്ദേശത്തിലൂടെ സമാഹരിച്ച പ്രവേശകങ്ങൾ പരിശോധിച്ച്, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജെ. ലളിതാംബികയും സംസ്ഥാന ആസൂത്രണ ബോർഡംഗം ജി. വിജയരാഘവനും ചേർന്നാണ് അവാർഡുകൾ നിശ്ചയിച്ചത്. വിധികർത്താക്കൾ തന്നെയാണ് ചടങ്ങിൽ അവാർഡ് പ്രഖ്യാപിച്ചത്.
വേറിട്ട സംരംഭവും മാതൃകാപരമായ പ്രസ്ഥാനവും ആണ് ഈ പുരസ്‌കാരമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നെഗറ്റീവ് ആയ വാർത്തകൾക്കു മാത്രം പ്രാധാന്യം നൽകുന്ന മാദ്ധ്യമങ്ങൾക്കുള്ള മികച്ച മാതൃകയാണിത്. ഇത്തരം സംരംഭങ്ങൾക്ക് എന്തു തരത്തിലുള്ള സഹായവും നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
അവാർഡിന് അർഹമായതു പോലുള്ള സംരംഭങ്ങളെ സഹായിക്കാൻ താൻ തയ്യാറാണെന്ന് ഉദ്ഘാടകൻ മമ്മൂട്ടിയും പറഞ്ഞു. അവയ്ക്കു പണം വാങ്ങാതെ ബ്രാൻഡ് അംബാസഡറാകുന്നതു മുതൽ എന്തു സഹായവും ചെയ്യാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഔപചാരികപ്രസംഗങ്ങൾക്കു ശേഷം അവാർഡ് ജേതാക്കളുടെ വിവരങ്ങൾ മനസ്സിലാക്കുകയും അവരുടെ വാക്കുകൾ കേൾക്കുകയും ചെയ്തപ്പോൾ ഈരണ്ടു തവണ വീതം പ്രസംഗപീഠത്തിനരികെ എത്തിയാണ് ഇരുവരും ഈ വാഗ്ദാനങ്ങൾ വച്ചത്. ഒരു തവണ മമ്മൂട്ടിയും കുഞ്ഞാലിക്കുട്ടിയും പ്രസംഗപീഠത്തിലെ ഇരട്ടമൈക്കുകളിൽ ഓരോന്നു പങ്കിട്ടു സംസാരിച്ചതും കൗതുകമായി.
ചടങ്ങിൽ കൈരളി എം ഡി ജോൺ ബ്രിട്ടാസ് അധ്യക്ഷനായി. കേരളത്തിൽ സംരംഭകത്വത്തിലെ യാഥാസ്ഥിതികത്വം മറികടക്കുന്ന സംരംഭകനവോത്ഥാനം നടക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു. കയറ്റുമതി ചെയ്യുന്നതിനു പകരം മലയാളികളുടെ ബുദ്ധിയും പ്രതിഭയും നാട്ടിൽത്തന്നെ ഉപയോഗിക്കുന്ന നില ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർ കെ. ചന്ദ്രിക, കെഎസ്‌ഐഡിസി എംഡി എം ബീന ഐഎഎസ് എന്നിവർ ആശംസയർപ്പിച്ചു. കൈരളി ടിവി ഡയറക്ടർമാരായ ടി ആർ അജയൻ, എ. കെ. മൂസമാസ്റ്റർ, വി കെ അഷ്‌റഫ്, എ വിജയരാഘവൻ, എം എം മോനായി എന്നിവരും പങ്കെടുത്തു.