തിരുവനന്തപുരം: കൈരളി ടിവിയുടെ ചെയർമാനായി പത്മശ്രീ മമ്മൂട്ടിയും മാനേജിങ് ഡയറക്ടറായി ജോൺ ബ്രിട്ടാസും വീണ്ടും തുടരും. മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഇരുപതാമത് വാർഷിക പൊതുയോഗത്തിൽ ഇരുവരെയും വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ടി ആർ അജയൻ, അഡ്വ. സി. കെ. കരുണാകരൻ, അഡ്വ. എം. എം. മോനായി, വി കെ മുഹമ്മദ് അഷ്‌റഫ്, എ. വിജയരാഘവൻ, എ. കെ. മൂസ മാസ്റ്റർ എന്നിവരെ വീണ്ടും ഡയറക്ടർമാരായി തെരഞ്ഞെടുത്തു. എഫ്. ആർ. ജി അസോഷ്യേറ്റ്‌സ് ഓഡിറ്റർമാരായി തുടരും.

കൈരളി അതിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുമെന്ന് ചെയർമാൻ മമ്മൂട്ടി പറഞ്ഞു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികമണ്ഡലങ്ങളിലെ ഇടപെടൽ ചാനൽ വർധിപ്പിക്കും. സാമൂഹികപ്രതിബദ്ധത ഉയർത്തിപ്പിടിക്കും. ഓഹരിയുടമകളുടെ നിർലോഭമായ സഹായസഹകരണങ്ങളോടെ കോവിഡ് കാല പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രത്യാശയും മമ്മൂട്ടി പ്രകടിപ്പിച്ചു. കോവിഡ് കാല പ്രശ്‌നങ്ങൾ ഉണ്ടായിട്ടും കമ്പനിയുടെ പ്രകടനം ആശാവഹമാണെന്ന് എംഡി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മുന്നിലുള്ള പ്രതിസന്ധി തരണം ചെയ്യാൻ കമ്പനി അശ്രാന്തപരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം നടന്നത് ഓൺലൈനിലായിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഓൺലൈൻ പൊതുയോ​ഗം. ഇതിനുള്ള ഔദ്യോഗിക ഏജൻസിയായ സെൻട്രൽ ഡെപ്പോസിറ്ററി സർവ്വീസ് ലിമിറ്റഡ് ആയിരുന്നു സംഘാടകർ.