ഇടുക്കി: ഇടുക്കി ജില്ലയുടെ മലയോര മേഖലകളിലെ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നതിന് പിന്നിൽ വൻ ഉദ്യോഗസ്ഥ ഭുമാഫിയ. അനധികൃതമായി മണ്ണെടുപ്പിനുള്ള അനുമതിക്ക് കൈക്കൂലി വാങ്ങിയ പീരുമേട് തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും ഒളിക്യാമറയിൽ കുടുങ്ങി. കൈരളി പീപ്പിൾ ടിവിയാണ് വാർത്ത പുറത്തുവിട്ടത്.

വീട്‌വയ്ക്കുവാൻ വേണ്ടി മണ്ണ് നികത്തണം എന്ന ആവശ്യവുമായി തഹസിൽദാരുമായി പരാതിക്കാരൻ പലപ്പോഴും ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതിനായുള്ള നടപടികൾ എടുക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് ഏജന്റ് വഴി തഹസിൽദാരുമായി ബന്ധപ്പെടാം എന്ന് കണ്ടെത്തിയത്. തുടർന്ന് ഏജന്റിലൂടെ സംഘം തഹസിൽദാരെ നേരിട്ടുകാണുന്നു. എന്നാൽ ഡെപ്യൂട്ടി തഹസിൽദാർ പറയുന്നതിനനുസരിച്ച് മാത്രമേ താൻ പ്രവർത്തിക്കുകയുള്ളുവെന്ന് തഹസിൽദാർ പറഞ്ഞു.

തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ ഉഷയെ നേരിട്ട് കാണുകയും സംസാരിക്കുകയുമായിരുന്നു. പിന്നീട് ഉഷയും താസിൽദാർ ദാസും പരാതിക്കാരനിൽ നിന്നും പരസ്യമായി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പീപ്പിൾ ടിവി പകർത്തിയത്. ഇരുവർക്കുമായി 5000 രൂപ വീതമാണ് നൽകിയത്. ഇടനിലക്കാരനായി നിന്നയാൾക്ക് 3000 രൂപയും നൽകി.

പീരുമേട് ഡെപ്യൂട്ടി തഹസിൽദാർ ഉഷ മുൻപും ഇതേകാരണത്താൽ സർവ്വീസിലിരിക്കേ സസ്‌പെൻഷനിലായിട്ടുണ്ട്. ഇവരെ കുറിച്ചുള്ള പരാതികൾ നിരന്തരം മേൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഭരണാനുകൂല സംഘടനയിലായിരുന്നതിനാൽ ഇവരെ സംരക്ഷിക്കുന്നതിനായി ആളുകളുണ്ടെന്ന വാദമാണ് പരക്കെകേൾക്കുന്നത്.

വാർത്ത പുറത്ത് വന്നതോടെ, കുറ്റക്കാർക്കെതിരെ കർശനനടപടി എടുക്കമെന്ന് മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയെന്നും അദ്ദേഹം പറഞ്ഞു.