കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10.30-ന് കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ നടന്നു. തിരുവണ്ണൂരിലെ സംഗീത വിദ്യാലയത്തിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ വിശ്വനാഥന്റെ ശിഷ്യരും സുഹൃത്തുക്കളുമായി നിരവധി പേർ എത്തിയിരുന്നു.

മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എം കെ രാഘവൻ എംപി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സിനിമ സംവിധായകൻ ജയരാജ്, നടൻ നിഷാന്ത് സാഗർ എന്നിവരും കൈതപ്രം വിശ്വനാഥന് വിട ചൊല്ലാനെത്തി. ജ്യേഷ്ഠ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും സംഗീതജ്ഞനുമായ ദീപാങ്കുരൻ കൈതപ്രം ചിതക്ക് തീ കൊളുത്തി.

അർബുദത്തെ തുടർന്ന് കോഴിക്കോട് എം.വി ആർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു കൈതപ്രം വിശ്വനാഥന്റെ അന്ത്യം. 52 വയസ്സായിരുന്നു. കണ്ണൂർ ജില്ലയിലെ കൈതപ്രമാണ് സ്വദേശമെങ്കിലും കഴിഞ്ഞ നിരവധി വർഷങ്ങളായി കോഴിക്കോട് തിരുവണ്ണൂരിലാണ് അദ്ദേഹം താമസിക്കുന്നത്.