- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്; കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ സംഗീത സംവിധാനം നിർവഹിച്ചത് 20 ഓളം ചിത്രങ്ങൾക്ക്; സ്വതന്ത്ര ചുമതല ജയരാജിന്റെ കണ്ണകിയിൽ

കോഴിക്കോട്: സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. അർബുദബാധയെ തുടർന്ന് കോഴിക്കോട് എം വിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം.
സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
1963ൽ കണ്ണൂർ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതർ), അദിതി അന്തർജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു.പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായിട്ടുണ്ട്. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.
ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.
കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (കണ്ണകി) ലഭിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ... (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.
ഭാര്യ:ഗൗരിക്കുട്ടി. മക്കൾ: അദിതി, നർമദ, കേശവ്.
സഹോദരങ്ങൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (സംഗീതജ്ഞൻ, കോഴിക്കോട്),കൈതപ്രം വാസുദേവൻ നമ്പൂതിരി (റിട്ട. പ്രഥമാധ്യാപകൻ, യോഗാചാര്യൻ, എറണാകുളം), തങ്കം (നീലേശ്വരം പള്ളിക്കര കരക്കാട്), പരേതയായ സരസ്വതി (എടക്കാട് മന മഞ്ചേശ്വരം)
കൈതപ്രം വിശ്വനാഥന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിന്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈതപ്രം വിശ്വനാഥന്റെ വിയോഗത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അനുശോചിച്ചു. പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും ചെയ്ത ഗാനങ്ങളിലൂടെ ആസ്വാദക പ്രീതി പിടിച്ചുപറ്റാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിച്ചു. കണ്ണകിയിലെ ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന ഗാനമൊക്കെ മലയാളികളുടെ മനസിൽ എക്കാലവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


