2014 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് കങ്കണയെ അർഹയാക്കിയ ചിത്രം ക്വീൻ മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായി റീമേക്കിന് ഒരുങ്ങുകയാണ്. സംസം എന്ന പേരിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. തെലുങ്കിൽ തമന്നയും കന്നടയിൽ പറുൾ യാദവും തമിഴിൽ കാജൽ അഗർവാളുമായി പ്രധാനവേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങളുടെ എല്ലാം ട്രെയിലറുകൾ പുറത്തെത്തിയത്.

ട്രെയിലർ പുറത്തിറങ്ങിയതോടെ കാജൾ അഗർവാൾ പ്രധാനവേഷത്തിലെത്തുന്ന പാരിസ് പാരിസിന്റെ ട്രെയ്ലറിനെതിരേ കടുത്ത വിമർശനം ഉയരുകയാണ്. ചിത്രത്തിൽ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തിൽ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമ വിൽക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലർ അഭിപ്രായപ്പെടുന്നു. യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്ലറിന് താഴെയും വിമർശനമുണ്ട്.

സംഭവം വലിയ ചർച്ചയായതോടെ വിശദീകരണവുമായി സംവിധായകൻ രമേഷ് അരവിന്ദ് രംഗത്തെത്തി. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകർത്തി വച്ചതാണെന്നും അതിൽ മോശമായി ഒന്നുമില്ലെന്നും സംവിധായകൻ പറഞ്ഞു.ഹിന്ദിയിൽ ഇല്ലാത്ത വിവാദമാണ് ഇപ്പോൾ തമിഴിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.