- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികളുടെയും കന്നുകാലികുടെയും വിഹാര കേന്ദ്രമായി മാറി ലക്ഷങ്ങൾ ചെലവാക്കി പണിത സ്വിമ്മിങ് പൂൾ; മാലിന്യങ്ങൾ നിറഞ്ഞ കക്കാട് പുഴയിൽ നിന്ന് വെള്ളം ഒഴുകിയെത്തി തകർത്തത് 50 ലക്ഷത്തിന്റെ നീന്തൽക്കുളം
കണ്ണൂർ: 2016-ൽ സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ കണ്ണൂർ കക്കാട് ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ച സ്വിമ്മിങ് പൂൾ ഇന്ന് പട്ടികളുടെയും കന്നുകാലികുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. പല സ്ഥലത്തും കാടുകയറിയ നിലയിലുമാണ്. കണ്ണൂർ സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് ആർക്കും വേണ്ടാതെ എന്തിനോ വേണ്ടി പണികഴിപ്പിച്ച ഈ സിമ്മിങ് പൂൾ ഇന്ന് നിലനിൽക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ജനങ്ങൾക്കായി തുറന്നുകൊടുത്ത ഒരു സ്വിമ്മിങ് പൂളാണിത്. ആ സമയത്ത് നിരവധി പേർ ഇവിടെ നിന്ന് നീന്തൽ അഭ്യസിച്ച് പോവുകയും ചെയ്തിരുന്നു. ജില്ലാതര നീന്തൽ ടൂർണമെന്റുകൾ അടക്കം നടത്തിയ പൂൾ. എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്.
പണി തുടങ്ങുന്ന സമയത്തെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സ്പോർട്സ് കൗൺസിലിന്റെ അരികിൽ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു ഈ പ്രദേശത്ത് മാലിന്യങ്ങൾ നിറഞ്ഞ കക്കാട് പുഴയുള്ളതിനാൽ ഈ സ്വിമ്മിങ് പൂൾ ഇവിടെ പ്രവർത്തിപ്പിക്കുന്നത് അത്ര ശുഭകരമല്ല എന്ന്. എന്നാൽ ഈ വാക്കുകൾക്ക് വില കൊടുക്കാതെ സ്പോർട്സ് കൗൺസിൽ അന്ന് ഇവിടെത്തന്നെ സ്വിമ്മിങ് പൂൾ പണി തീർത്തു.
പക്ഷേ ആദ്യത്തെ പ്രളയത്തിൽ തന്നെ സിമ്മിങ് പൂളിന്റെ പ്രവർത്തനം അവതാളത്തിലായി. മാലിന്യങ്ങൾ നിറഞ്ഞ കക്കാട് പുഴയിൽ നിന്ന് വെള്ളം ഒഴുകിയെത്തി സ്വിമ്മിങ് പൂളിളിലെ വെള്ളം മലിനമായി. ആർക്കും വേണ്ടാത്ത നിലയിലേക്ക് ഇപ്പോൾ മാറുകയും ചെയ്തു.
രണ്ടാമത്തെ പ്രളയം വന്നപ്പോഴും വെള്ളം കയറി കൂടുതൽ അവതാളത്തിലായി പൂളിന്റെ അവസ്ഥ. ഇന്ന് അധികാരികൾ ആരും ഈ വഴിക്ക് തിരിഞ്ഞു നോക്കുന്നില്ല. 50 ലക്ഷം ചെലവാക്കി പണികഴിപ്പിച്ച ഈ പൂളിൽ ഇന്ന് പരിസരങ്ങളിൽ അറക്കാനായി കൊണ്ടുവരുന്നമാടുകൾ കയറി വിലസുകയാണ്. സ്വിമ്മിങ് പഠിക്കാനും മറ്റു മത്സരങ്ങൾക്കുമായി പണിത പൂളിനാണ് ഈ ദുരവസ്ഥ.
കണ്ണൂർ ജില്ലയിലെ വാരത്തെ ഇൻഡോർ സ്റ്റേഡിയത്തിന് അകത്തുള്ള സ്വിമ്മിങ് പൂളിലാണ് ഇപ്പോൾ കാര്യമായ മത്സരങ്ങളും മറ്റു കാര്യങ്ങളും നടക്കാറ്. അപ്പോൾ അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം മാത്രം. എല്ലാവരുടെയും വാക്ക് അവഗണിച്ച് എന്തിനായിരുന്നു 50 ലക്ഷം രൂപ ചെലവാക്കി സ്പോർട്സ് കൗൺസിൽ ഇങ്ങനെ ഒരു സ്വിമ്മിങ് പൂൾ ഇവിടെ പണിതത് എന്തിന് എന്നതാണ് ഉയരുന്ന ചോദ്യം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്