- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ വിട്ടത് രണ്ടു മാസമായി കസ്റ്റംസ് സംശയ നിഴലിൽ നിർത്തിയ യുവതിയെ; അറിയാതെ പെട്ടുപോയതെന്ന് എക്സൈസ് പറഞ്ഞത് ലഹരി കടത്തിലെ ബന്ധം കാരണം വിവാഹ മോചനം തേടി കുടുംബകോടതിയിൽ കേസുള്ള ഭാര്യയെ; കാക്കനാട്ടെ കേസിൽ നടന്നത് വമ്പൻ അട്ടിമറി തന്നെ
തിരുവനന്തപുരം: കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നു 2 തവണയായി എംഡിഎംഎ പിടിച്ച സംഭവം ഒറ്റക്കേസായി എഴുതിയ കേസിൽ എക്സൈസ് വിട്ടയച്ചത് ലഹരി കടത്തിലെ സൂത്രധാരയെ. 2 മാസം മുൻപ് ഈ ലഹരി സംഘം കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ നിരീക്ഷണത്തിലുണ്ടായിരുന്ന സ്ത്രീയെയാണു കേസിൽ നിന്നൊഴിവാക്കിയത്. ഇവർക്കു ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് ഭർത്താവ് കുടുംബ കോടതിയിൽ നൽകിയ വിവാഹ മോചനക്കേസിലും സൂചിപ്പിച്ചിട്ടുണ്ട്.
കസ്റ്റംസും എക്സൈസ് സ്ക്വാഡും സംഘത്തെ വലയിലാക്കുമ്പോൾ 84 ഗ്രാം എംഡിഎംഎയാണു പിടിച്ചത്. അതേ ഫ്ളാറ്റിൽനിന്ന് അന്നു തന്നെ 1.115 കിലോഗ്രാം കൂടി കണ്ടെത്തി. റൂമിൽ നിന്ന് എടുത്ത ഈ ലഹരിയെ റോഡിൽ നിന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയെന്നാണ് ആരോപണം. ഇതിന്റെ സാധ്യതകൾ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇവരുടെ മുറിയിൽ നിന്ന് ലഹരി എടുത്തിട്ട് എന്തിനാണ് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ആക്കിയതെന്ന സംശയം പല ഊഹാപോഹങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
രണ്ട് തവണയായി കണ്ടെത്തിയ ലഹരി വസ്തുക്കളും ചേർത്ത് ഒറ്റ് കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം എറണാകുളം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ അവഗണിച്ചതാണ് അട്ടിമറി സംശയത്തിലേക്കു നയിച്ചത്. കേസ് കണ്ടെത്തിയ കസ്റ്റംസ് പ്രിവന്റിവ് വിഭാഗവും എക്സൈസ് കമ്മിഷണറുടെ സംസ്ഥാന സ്ക്വാഡുമാണ് രണ്ടും ഒറ്റക്കേസായി രജിസ്റ്റർ ചെയ്യണമെന്നും രണ്ടാമത്തെ റിക്കവറി തെളിവു നിയമത്തിലെ 27ാം വകുപ്പ് പ്രകാരം ചേർക്കണമെന്നും നിർദ്ദേശം നൽകിയത്.
84 ഗ്രാം ലഹരി പിടിച്ച അതേ ഫ്ളാറ്റിൽനിന്ന് അന്നു തന്നെ 1.115 കിലോഗ്രാം കൂടി കണ്ടെത്തിയ വിവരം ഇരുകൂട്ടരെയും അറിയിച്ചപ്പോഴായിരുന്നു നിർദ്ദേശം. ഇതു മറികടന്നാണ് 'അൺ ഡിറ്റക്റ്റഡ്' (യുഡി) കേസായി രജിസ്റ്റർ ചെയ്തത്. കേസ് ഏറ്റെടുത്ത എറണാകുളം സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അന്നു തന്നെ ഇതേ ഫ്ളാറ്റിലെ സ്റ്റെയർകേസ് പരിസരത്തുനിന്ന് 1.115 കിലോഗ്രാം കൂടി പിടിച്ചെടുത്തു എന്നാണ് സൂചന.
രണ്ടാമത്തെ റിക്കവറിയെക്കുറിച്ചു വിവരം നൽകിയതിനാലാണ്, ആദ്യം പിടികൂടിയവരിൽ ഒരാളെ ഒഴിവാക്കിയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പ്രതിപ്പട്ടികയിൽ ചേർത്ത ശേഷം മാപ്പുസാക്ഷിയാക്കാൻ കഴിയുമായിരുന്നു എന്നതാണ് വസ്തുത. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ ആ സ്ത്രീയെ മാറ്റി നിർത്തി രക്ഷിച്ചു. എംഡിഎംഎ 10 ഗ്രാമിനു മുകളിലേക്കു പിടിച്ചാൽ പ്രതികൾക്കു 10 വർഷത്തിലധികം തടവുശിക്ഷ കിട്ടാൻ വകുപ്പുണ്ട്.
ഒരു കിലോഗ്രാം പിടിച്ചതു യുഡി കേസാണെങ്കിലും ആദ്യ കേസിലെ ശിക്ഷയിൽനിന്നു പ്രതികൾക്കു രക്ഷപ്പെടാനാകില്ല. ഏഴിൽ 2 പ്രതികളെ ഒഴിവാക്കിയതിന്റെയും തെളിവും പ്രതിയുമുള്ള കേസ് യുഡി കേസാക്കിയതിന്റെയും പേരിൽ എറണാകുളം സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടായേക്കും. എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് ഈ ഉദ്യോഗസ്ഥൻ. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.
കാക്കനാട്ടെ അപാർട്ട്മെന്റിൽനിന്നു ലഹരിമരുന്നു പിടിച്ച കേസിലെ പ്രതികളുടെ എണ്ണത്തിലും പിടികൂടിയ ലഹരി പദാർഥത്തിന്റെ വിലയുടെ കാര്യത്തിലും ആദ്യഘട്ടം മുതൽ അന്വേഷണ ഏജൻസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. സംഭവ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡും വെവ്വേറെ പത്രക്കുറിപ്പുകൾ പുറത്തിറക്കി. എൻഫോഴ്സ്മെന്റ് സ്ക്വാഡ് നൽകിയ പത്രക്കുറിപ്പിൽ പ്രതികളായി നൽകിയിരുന്നതു 2 സ്ത്രീകളുൾപ്പെടെ 7 പേരുടെ പേര്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ നിലത്തിരിക്കുന്ന 7 പ്രതികളുടെയും ചിത്രങ്ങളും പ്രസിദ്ധീകരണത്തിനായി നൽകി.
എന്നാൽ, എറണാകുളം സ്ക്വാഡ് നൽകിയ കുറിപ്പിൽ പ്രതികളുടെ എണ്ണം അഞ്ചായി. പ്രതിപ്പട്ടികയിൽനിന്ന് ഒരു സ്ത്രീയെയും ഒരു പുരുഷനെയും ഒഴിവാക്കി. ഒപ്പം നൽകിയ ചിത്രത്തിൽ പക്ഷേ, 6 പേരുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടായതോടെ മാധ്യമങ്ങൾ എക്സൈസ് സ്ക്വാഡുമായി ബന്ധപ്പെട്ടപ്പോൾ 7 പേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും 2 പേരെ വിട്ടയച്ചുവെന്നു വിശദീകരണം നൽകി. തുടർന്ന് 5 പേരുടെ മാത്രം ചിത്രം നൽകി. കസ്റ്റംസിന്റെ പത്രക്കുറിപ്പിൽ പ്രതികളുടെ എണ്ണം വ്യക്തമാക്കിയിരുന്നില്ല. പിടികൂടിയ ലഹരിയുടെ വിവരങ്ങൾ കൂടുതലായി പറഞ്ഞിരുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വിലയുടെ കാര്യത്തിലും കസ്റ്റംസും എക്സൈസും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. 11 കോടി രൂപയുടെ ലഹരിയാണു പിടികൂടിയതെന്നു കസ്റ്റംസ് പറയുമ്പോൾ, 4 കോടി രൂപയുടെ പിടികൂടിയെന്നാണു എക്സൈസിന്റെ നിലപാട്. എംഡിഎംഎയെന്ന പേരിൽ കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യുന്ന ലഹരിവസ്തുവിനു ആഗോള കമ്പോളത്തിലെ വില കണക്കാക്കാൻ കഴിയില്ലെന്നാണ് എക്സൈസിന്റെ നിലപാട്.
പുലർച്ചെ നടന്ന റെയ്ഡിൽ പ്രതികളുടെ കാർ കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചിരുന്നെങ്കിലും വൈകിട്ടു വരെ വാഹനം അപാർട്ട്മെന്റിനു മുന്നിലുണ്ടായിരുന്നു. ഇതിനുള്ളിൽ ലഹരിക്കടത്തിനു മറയായി ഉപയോഗിച്ച 3 നായ്ക്കളുമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ