- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കി- ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു; പമ്പയിൽ ജലനിരപ്പ് ഒന്നരയടി വരെ ഉയരും; റാന്നിയിൽ വെള്ളമെത്തുക അഞ്ചുമണിക്കൂറിനകം; ചെറുതോണി അണക്കെട്ട് തുറന്നേക്കും; ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലെർട്ട്; സംസ്ഥാനത്ത് മഴയ്ക്ക് ഇടവേള രണ്ടു ദിവസം മാത്രമെന്നും റിപ്പോർട്ട്
പത്തനംതിട്ട: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കി- ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ഒന്നരയടി വരെ ജലനിരപ്പ് ഉയരും. മൂന്ന് മണിക്കൂറിനുള്ളിൽ വെള്ളം പമ്പ ത്രിവേണി സംഗമത്തിലും അഞ്ചുമണിക്കൂറിനുള്ളിനകം റാന്നിയിലും 11 മണിക്കൂറിനുള്ളിൽ കോഴഞ്ചേരിയിലും 15 മണിക്കൂറിനകം ചെങ്ങന്നൂരിൽ വെള്ളം എത്തും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തി 100 കുമക്സ് മുതൽ 200 കുമക്സ് വരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനിച്ചത്. ജനവാസ മേഖലകളിൽ പരമാവധി 15 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടർച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൈക്ക് അനൗൺസ്മെന്റ് മുഖേന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.
അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീൽദാർമാരെയും വില്ലേജ് ഓഫീസർ മാരെയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ്് ഓഫീസറെയും പട്ടിക ജാതി പട്ടിക വർഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്പോൺസിബിൾ ഓഫീസർ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
അതിശക്തമായ മഴയിൽ ഒരു ദിവസനത്തിനിടെ ഇടുക്കി ജലസംഭരണിയിൽ കൂടിയത് അഞ്ചുശതമാനം വെള്ളം.നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.90 അടിയായി ഉയർന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഇത് 2391.12 അടിയായിരുന്നു. ആറു അടിയോളം വെള്ളമാണ് പെരുമഴയിൽ കൂടിയത്.
കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതായത് നിലവിലെ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ അണക്കെട്ടിൽ ഓറഞ്ച് അലർട്ടാണ്. നീരൊഴുക്ക് തുടർന്നാൽ ഇടുക്കി സംഭരണിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ട് തുറക്കും.
2398.86 അടി പിന്നിട്ടാൽ ചെറുതോണിയിലെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കും. കഴിഞ്ഞ ദിവസം മഴ ശക്തമായി ലഭിച്ച സമയത്ത് ചെറിയ തോതിൽ മാത്രമാണ് ജലനിരപ്പ് കൂടിയത്. എന്നാൽ, ഇന്നലെ ഉച്ചകഴിഞ്ഞതോടെ രണ്ടടിയോളം വെള്ളം വെറും അഞ്ചു മണിക്കൂറിനുള്ളിൽ കുതിച്ചുയർന്നു. വൈകിട്ട് അഞ്ചിന് 2396.04 അടിയായി ജലനിരപ്പുയർന്നു.
91.92 ശതമാനം 2403 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതിന് മുമ്പ് 2018 ആഗസ്തിലാണ് ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവർ പെരിയാർ ഡാമിലേക്കാണ് ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി ആലുവ വഴി കടലിൽ ചേരും.
അതേസമയം ഇന്നു നാളെയും മഴയ്ക്കു നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായർ വരെ മഴ തുടരും. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞെങ്കിലും തുലാവർഷത്തിനു മുന്നോടിയായി മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്തു ജില്ലകളിൽ ബുധനാഴ്ച മുതൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ