കാനഡ: ഒന്റാരിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കല കാനഡ' ഡോ. അബ്ദുൾ കലാമിന്റെ ഓർമ പുതുക്കി. ഓഗസ്റ്റ് 12നു (ബുധൻ) വൈകുന്നേരം 7.30നു ബ്രാംപ്ടൺ ബെസ്റ്റ് വെസ്റ്റ് മീറ്റിങ് ഹാളിൽ ചേർന്ന യോഗത്തിൽ ഇന്ത്യയുടെ സ്വപ്നാടകന്റെ അകാല നിര്യാണത്തിൽ അനുശോചിക്കുകയും പരേതന്റെ ആത്മാവിനു നിത്യശാന്തി നേർന്ന് പ്രാർത്ഥനയും നടത്തി. സഭാ അധ്യക്ഷൻ ഉണ്ണി മേലേതിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജയശങ്കർ പിള്ള, ഡോ. എ.പി.ജെ. അബ്ദുൾ കലാം രാജ്യത്തിനു നൽകിയ സേവനത്തെപറ്റി ഓർമ പുതുക്കി.

കേരളത്തിന്റെ കലകളെയും സംസ്‌കാരത്തെയും വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും അതുവഴി പുത്തൻ തലമുറയിലേക്കു മലയാളത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനുംവേണ്ടി പ്രവർത്തിച്ചുവരുന്ന കല കാനഡയുടെ 2015-16 വർഷത്തെ പ്രവർത്തനങ്ങളെകുറിച്ച് യോഗം വിലയിരുത്തി.

സെപ്റ്റംബർ അഞ്ചിനു നടക്കുന്ന ജയറാം ഷോ 2015ന്റെ വിജയത്തിനുവേണ്ടുന്ന നടപടി ക്രമങ്ങൾ പൂർത്തിയായതായി കമ്മിറ്റി അറിയിച്ചു. ഓക്വിൽ മീറ്റിങ് സെന്ററിൽ നടക്കുന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്പന അവസാനഘട്ടത്തിൽ എത്തി നിൽകുന്നതിനാൽ ഇനിയും ടിക്കറ്റ് എടുക്കാത്തവർ ഉടൻ തന്നെ എടുക്കണമെന്നു സതീഷ് അറിയിച്ചു. സൗജന്യ പാർക്കിങ് സൗകര്യം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.

നിരവധി കുടുംബസിനിമകളിലൂടെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ജയറാം, പ്രേക്ഷകരെ ചിരിയുടെ സാഗരത്തിൽ ആറാടിക്കുന്ന പിഷാരടി- ധർമജൻ-പാഷാണം കൂട്ടുകെട്ട്, ഉണ്ണി മേനോനും സംഘവും അവതരിപ്പിക്കുന്ന അമൃത ഗാനാലാപനം, തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണി പ്രിയാമണി എന്നിവരെ വേദിയിൽ അണിനിരത്തുന്നത് നാദിർഷ ആണ്.

മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന കലാവിരുന്നിലേക്ക് കല കാനഡ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: ദിവാകരൻ 647 669 9714, രാജേന്ദ്രൻ 416 543 2830, സതീഷ് 905 901 4894 എന്ന നമ്പരിലോ http://www.kalacanada.com/#!currentevent/cf3 എന്ന വെബ്‌സൈറ്റുമായോ ബന്ധപ്പെടുക. ഓൺലൈൻ വഴി ടിക്കറ്റ് ആവശ്യമുള്ളവർ http://www.sulekha.com വഴി വാങ്ങാവുന്നതാണ്.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ള