ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷൻ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാൽപ്പത്തൊന്നാമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 26-നു ശനിയാഴ്ച ആഘോഷിക്കും.നോർവാക്കിലെ പയനിയർ ബുളവാഡിലെ സനാദാൻ ധർമ്മ ടെമ്പിൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേൺ കാലിഫോർണിയയിലുള്ള മലയാളി സമൂഹം ഒന്നായി 'കല'യുടെ ഓണാഘോഷങ്ങളിൽ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയാണ്.

ഓണസദ്യയ്ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വരവേൽക്കും. കാലിഫോർണിയയിലെ ഓണാഘോഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് നൂറ്റൊന്ന് വനിതകൾ ചേർന്നൊരുക്കുന്ന മെഗാ തിരുവാതിര ഈവർഷത്തെ ഓണത്തിന്റെ പ്രധാന ഇനമാണ്.മെഗാ തിരുവാതിരയ്ക്കുശേഷം ഓണപ്പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഗാനമേള, സ്‌കിറ്റ് തുടങ്ങി വൈവിധ്യമാർന്ന വിവിധ പരിപാടികൾ അരങ്ങേറുന്നു.

രശ്മി നായരുടെ നേതൃത്വത്തിൽ റോഷൻ പുത്തൻപുരയിലും, അനു റോഷനും ചേർന്നു മെഗാ തിരുവാതിര ചിട്ടപ്പെടുത്തുന്നു. ഓണാഘോഷത്തിനു മാറ്റുകൂട്ടുവാനായി ഫിറോസ് മുസ്തഫയുടെ ചുമതലയിൽ ഒപ്പനയും നടക്കും. ജോൺസൺ ചീക്കൻപാറ നയിക്കുന്ന വാദ്യമേളം മാവേലിയുടെ എഴുന്നള്ളത്ത് പ്രൗഢഗംഭീരമാക്കും. സുജ ഔസോയ്ക്കാണ് താലപ്പൊലിയുടെ ചുമതല.

ആനന്ദ് കുഴിമറ്റം, സേവ്യർ പടയാട്ടിൽ, ജിമ്മി കീഴാരം, ജോസഫ് പി.ജെ, ജോർജുകുട്ടി പുല്ലാപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ.ജോൺ മത്തായി (റെജി), ജോൺ മാത്യു മുട്ടം എന്നിവർ ഓണാഘോഷത്തിന്റെ കൺവീനേഴ്സായി പ്രവർത്തിക്കുന്നു.

'കല'യുടെ നാൽപ്പതാം വർഷത്തെ ഓണാഘോഷങ്ങളിൽ പങ്കുചേർന്ന് വിജയപ്രദമാക്കുവാൻ പ്രസിഡന്റ് സോദരൻ വർഗീസ്, സെക്രട്ടറി അൻജു ദീപു, ട്രഷറർ സണ്ണി നടുവിലേക്കുറ്റ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ എല്ലാവരേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.