തിരുവനന്തപുരം: കത്വവയിൽ എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പെണ്ണിനെ മനുഷ്യത്വമില്ലാതെ ഭോഗചിന്തയുടെ കണ്ണിൽ കൂടി മാത്രം കാണുന്നവരോട് എന്താണ് യഥാർഥ പുരുഷത്വം എന്ന പറയുകയാണ് സൈക്കോളജിസ്റ്റ് കല ഷിബു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ.

ഫേസ്‌ബുക്ക് കുറിപ്പ്:

റിക്ഷാമാമൻ ഇറക്കി വിട്ട സ്‌കൂൾ ബോർഡിങ്ങിനു മുന്നിലെ ഗേറ്റിലൂടെ വലിയ ബാഗും തൂക്കി ഓടുന്ന ഒരു ഒൻപതു വയസ്സുകാരി.കെട്ടിടത്തിന്റെ അകത്തൂടെ കടന്നു സ്‌കൂളിലേയ്ക്ക് ഉള്ള വഴിയിൽ എത്താറായി.എതിരെ വന്ന ഒരു മനുഷ്യനെ അവൾ കാണുന്നില്ല..വൃത്തികെട്ട കൈകൾ നെഞ്ചിൽ അമർത്തി വേദനിപ്പിക്കുമ്പോൾ , പെണ്ണ് എന്ന നിലയ്ക്ക് ആദ്യത്തെ ഭീതി ഉടലെടുത്തു..ഓടി സ്‌കൂളിനുള്ളിൽ കേറി..ക്ലാസ്സിൽ പേടിച്ചു വിറച്ചിരുന്ന ആ ദിവസം.

അന്നത്തെ ആ അവസ്ഥ പലപ്പോഴും, പിന്നെ കാണേണ്ടി വന്നിട്ടുണ്ട്..കേൾക്കേണ്ടി വന്നിട്ടുണ്ട്..എത്രയോ പെൺകുഞ്ഞുങ്ങളുടെ വാക്കുകളിലൂടെ..
അനുഭവങ്ങളിലൂടെ..ഭോഗിക്കണം എന്നൊരു പൈശാചിക ചിന്തവന്നാൽ.അച്ഛൻ , മുത്തച്ഛൻ , മാമൻ, അയൽവാസി ,അദ്ധ്യാപകൻ , അപരിചിതൻ
എല്ലാവർക്കും ഒരേ മനസ്സാണ്...

ആണായി പിറന്ന ഓരോരുത്തനും ലൈംഗികാവയവം പ്രവർത്തനം തുടങ്ങി കഴിഞ്ഞ നിമിഷം മുതൽ അതിന്റെ ശേഷി പൂർണമായും നിലക്കുന്ന വരെ എന്നെ ഒരു'' പുരുഷനായി''' ജീവിക്കാൻ പ്രാപ്തി ഉണ്ടാക്കണമേ എന്നാണ് ആഗ്രഹിക്കേണ്ടത്..അവനവനോട് പ്രാർത്ഥിക്കണം..പുരുഷത്വം എന്താണെന്നു അറിയുന്ന ഒരാൾക്കും ഇതിൽ കൂടുതൽ മനസ്സിലാക്കി കൊടുക്കേണ്ടതില്ല..!

മനസ്സിനേറ്റ രണ്ടാമത്തെ ആഘാതം..കോളേജിൽ എത്തിയപ്പോഴും ബസ്സിൽ യാത്രകൾ കുറവാണു...കൂട്ടുകാരികളോടൊപ്പം കോളേജ് ബസ്സില് പോകും..അതല്ലാതെ പ്രൈവറ്റ് ബസ്സില് യാത്ര വീട്ടിൽ അനുവദിച്ചിട്ടില്ല..അതൊരു കൊതിയായി അവശേഷിക്കേ, ഒരവസരം കിട്ടി..സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..കൂട്ടുകാരിയോടൊപ്പം ബസ്സില് കേറി..ആദ്യത്തെ പ്രൈവറ്റ് ബസ് യാത്ര ആണ്...നല്ല തിരക്കുള്ള ബസ്..ഇടിച്ചു കേറിക്കോ..
കൂട്ടുകാരി എങ്ങോട്ടോ കേറി നിന്നു.

ഓടുന്ന ബസ്സില് ഒട്ടും ബാലൻസ് ഇല്ലാതെ ,ഇപ്പോൾ വീഴും എന്ന് പേടിച്ചു നിൽക്കുക ആണ്..ശരീരത്തിൽ ആരുടെയോ ഒരു കൈ അമർന്നു..
ഒന്നല്ല..തലകറങ്ങുന്നുണ്ട്..തിരിഞ്ഞു നോക്കാനോ ഒന്നും ആകുന്ന അവസ്ഥ അല്ല..മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്നതല്ലാതെ പറ്റുന്നില്ല..ആരും ശ്രദ്ധിച്ചില്ല എന്ന് കരുതാൻ വയ്യ..ദയനീയതയോടെ ഒരു പെൺകുട്ടി നോക്കിയാൽ എന്താ പ്രശ്‌നം എന്ന് ചോദിക്കാനുള്ള മനസ്സ് ആർക്കും ഉണ്ടായില്ല..കോളേജിന്റെ മുന്നിലെ സ്റ്റോപ്പിൽ നിർത്തുമ്പോൾ പകുതി ബോധം നഷ്ടമായിരുന്നു..

എങ്ങനെയോ ഇറങ്ങി..വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ ..അവരെന്നെക്കാളും പ്രായം കുറഞ്ഞവർ തന്നെ ആണ്..
സ്‌കൂൾ കുട്ടികൾ ..എത്രയോ രാത്രികളിൽ ദുഃസ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്..ആരോടെങ്കിലും പ്രശ്‌നങ്ങൾ തുറന്നു പറയാൻ അകാരണമായ പേടി..തുടർന്ന് നേരിടേണ്ടി വരുന്ന മാനസിക പീഡനം കൂടി വയ്യ..വൃത്തികെട്ട ഗന്ധമുള്ള ആ കുപ്പായം പിന്നെ ഇടാൻ അറപ്പായി..എത്ര കഴുകിയാലും ആ ഓർമ്മകളിലെ നാറ്റം പോകില്ല..'അമ്മ കാണാതെ അതിനെ ചുരുട്ടി ഒരു മൂലയ്ക്ക് വെച്ചു..നശിച്ച ഓർമ്മകൾ പോകില്ലല്ലോ..

ഇന്ന് യാത്രകളൊക്കെ ബസ്സില് തന്നെ ആണ്..കൂടെ യാത്ര ചെയ്യുന്ന ഏത് സ്ത്രീയ്ക്കാകട്ടെ, അന്നത്തെപോലെ ഒരു ദുരനുഭവം ഉണ്ടായാൽ ,എത്ര ശക്തമായും പ്രതികരിക്കും..എന്തിനു ഇത്ര പ്രശ്‌നം ഉണ്ടാക്കി..?വല്ലോരുടെയും കാര്യത്തിൽ എന്നൊരു ശാസന എത്ര വട്ടം കേട്ടാലും ഇനിയും പ്രതികരിക്കും..പ്രതികരിച്ചു കൊണ്ടേ ഇരിക്കും..

എന്റെ മകൾക്കു വയസ്സ് 15 ..കഴിഞ്ഞ ദിവസം അവളുടെ കൂട്ടുകാരികൾക്കും അവളോടും ഒപ്പം പുറത്തിറങ്ങുമ്പോൾ ,സന്തോഷം ...
പറഞ്ഞറിയിക്കാൻ വയ്യ..എന്റെ മോൾ..അവളുടെ കൂട്ടുകാരികൾ ...അവരോടൊപ്പം ഞാൻ.,.!പുറത്തിറങ്ങുന്ന നേരം ,ഒരു മുന്നറിയിപ്പ് പോലെ ...
ഒരു മോൾ അല്ല..നാല് പെൺകുഞ്ഞുങ്ങൾ..ഇവരുടെ ഒക്കെ സുരക്ഷിതത്വം എന്റെ കയ്യിൽ..ഉള്ളിൽ ഒരു ശക്തിയാണ് വന്നത്..എന്റെ മോൾക്ക് കൊടുക്കാൻ ഈ ജീവൻ മാത്രമേ ഉള്ളു..അവളെ പോലെ തന്നെ ആണ് എനിക്ക് മറ്റു പെണ്കുഞ്ഞുങ്ങളും.

മരിച്ചു പോയ കുഞ്ഞിന് എന്ത് നീതി കിട്ടുമെന്ന് അറിയില്ല.അവൾ അനുഭവിച്ച യാതനകൾ; എന്റെ ശരീരത്തിൽ എന്ന പോലെ വേദനിപ്പിക്കുന്നുണ്ട്..മയക്കു മരുന്നും മനോരോഗവുംജാതിയും മതവും ഒന്നുമല്ല.. മനുഷ്യന്റെ മനസ്സിലെ കാടത്തം മാത്രമാണ്...എന്തിനു കോടതിയും വക്കീലും..?
ജനങ്ങൾക്ക് നടപ്പിലാക്കാൻ കഴിയണം ..അങ്ങനെ ഒരു അവസരം ഏതെങ്കിലും ഒരു അമ്മയ്ക്ക് കിട്ടട്ടെ..!
അതാണ് മനുഷ്യാവകാശം..!