വിയന്ന:  ഓണം വരുമ്പോൾ വിദേശനാടുകളിൽ ഉള്ള മലയാളികൾ എതെങ്കിലുമൊക്കെ തരത്തിൽ അത് ആഘോഷിക്കാൻ സമയം കണ്ടെത്താറുണ്ട്. എന്നാൽ പലപ്പോഴും ഓണാഘോഷത്തിന്റെ കാതലായ സദ്യ അത് പരമ്പരാഗതമായ രീതിൽയിൽ ഒരുക്കി ഉണ്ണാന്നുള്ള അവസരം പല കാരണങ്ങൾ കൊണ്ട് ആഗ്രഹമായി തന്നെ അവശേഷിക്കാറുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഓസ്ട്രിയയിലെ മൾട്ടി കൾച്ചറൽ സംഘടനയായ കലാ വിയന്നയുടെ ഓണാഘോഷവും ഓണ സദ്യയും കേരളത്തിന്റെ തനി നാടൻ കലവറ കൂട്ടുകളുടെ അകമ്പടിയോടെ വിയന്ന മലയാളികൾക്ക് വേണ്ടി ഒരുക്കുന്നത്.

വർഷങ്ങളായി കലാവിയന്ന തുടരുന്ന ഓണസദ്യ ഈ വർഷം ഓഗസ്റ്റ് 30ന് പതിനഞ്ചാമത്തെ ജില്ലയിലുള്ള ഓവർസീസ് സ്ട്രാസെ 2 സിയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഇരുപതിൽ അധികം വിഭവങ്ങളുമായി തെന്നിന്ത്യൻ വെജിറ്ററിയൻ ഫുഡ് ഫെസ്റ്റിവലായി ആഘോഷിക്കുന്ന പരിപാടിയിൽ ഓണസദ്യയോടോപ്പം കേരളീയ സംസ്‌കൃതിയുടെ ഓർമ്മകൾ സമ്മാനിക്കുന്ന കലാപരിപാടികളും അവതരിപ്പിക്കും. മലയാളികൾ അമരക്കാരായ  മൾട്ടി കൾച്ചറൽ സംഘടനയുടെ ഓണസദ്യ പ്രവാസികൾക്കെന്നപോലെ ഓസ്ട്രിയക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. മറ്റു സംസ്‌കാരങ്ങളിൽ നിന്നും വിയന്നയിൽ ജീവിക്കുന്നവർക്കും കേരളത്തിന്റെ പ്രിയപ്പെട്ട ആഘോഷത്തെപ്പറ്റി വിവരിക്കാനും മലയാളികളുടെ സാംസ്‌കാരിക നന്മകളും പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരമായിട്ടാണ് സംഘടന ഓണാഘോഷത്തെ അവതരിപ്പിക്കുന്നത്.  

സംഘടനയുടെ പ്രസിഡന്റ് സ്റ്റീഫൻ ചെവ്വൂക്കാരൻ, സെക്രട്ടറി സിജിമോൻ പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റായ തോമസ് കാരയ്ക്കാട്ട്, ജോയിന്റ് സെക്രട്ടറി സിമ്മി ചിറയത്ത്, ഫിൺ ആർട്‌സ് സെക്രട്ടറി സിമ്മി ഗ്രേഷ്മ പള്ളിക്കുന്നേൽ, ട്രേഷറർ ഔസേപ്പച്ചൻ പേഴുംക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷത്തിന്റെ ക്രമീകരണങ്ങൾ പുരോഗമിച്ചു വരുന്നു. സീറ്റുകൾ ബുക്ക് ചെയുന്നതിന് വിളിക്കുക:

069910245335, 06644167516,019744444