ചാലക്കുടി: ആരും മാറിനിന്നില്ല. ആർക്കും വരാതിരിക്കാനും കഴിയുമായിരുന്നില്ല. പ്രിയ നടനും സഹപ്രവർത്തകനുമായ കലാഭവൻ മണിയെ ഓർക്കാൻ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള എല്ലാവരും ഒത്തുകൂടി. ചാലക്കുടിക്ക് മുഴുവൻ ഓർമകളിലൂടെ നാട്ടുകാരനായ കലാകാരനെ ഓർത്തെടുക്കാനുള്ള ദിനമായിരുന്നു ഇന്നലെ. കലാഭവൻ മണിയുടെ ഓർമകളിൽ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു താരങ്ങളും ജനപ്രതിനിധികളും സുഹൃത്തുക്കളും പ്രിയ താരത്തെ ഓർത്തു. കാർമൽ സ്‌കൂൾ സ്‌റ്റേഡിയത്തിൽ ആയിരങ്ങളാണ് മണിയെ അനുസ്മരിക്കാൻ ഒത്തുകൂടിയത്.

ഇന്നസെന്റ് എംപി, ബി.ഡി. ദേവസി എംഎ‍ൽഎ, നഗരസഭ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, തമിഴ്‌നടൻ വിക്രം, സംവിധായകൻ കമൽ, ലാൽ ജോസ്, സിബി മലയിൽ, കരുണാസ്, ഹരിശ്രീ അശോകൻ, ആസിഫ് അലി, നരേൻ, ഉണ്ടപക്രു, ഭാഗ്യലക്ഷ്മി, ലിജോ പെല്ലിശേരി, മുൻ കലക്ടർ വിശ്വംഭരൻ, കോട്ടയം നസീർ, ഐ.എം. വിജയൻ, ബിനീഷ് കോടിയേരി, സുരാജ് വെഞ്ഞാറമൂട്, മേജർ രവി, സുരേഷ് കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു. മണി പഠിച്ച ചാലക്കുടി സർക്കാർ ബോയ്‌സ് ഹൈസ്‌കൂളിനു മണിയുടെ പേർ നൽകണമെന്ന് യോഗത്തിൽ സമന്വയസാംസ്‌കാരിക വേദി നഗരസഭ ചെയർപേഴ്‌സണോടു പ്രമേയത്തിലൂടെ ആഭ്യർഥിച്ചു.

ഇത്തരത്തിലുള്ളൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ഏറ്റവും സങ്കടമുള്ള കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു. സത്യസന്ധതയുടെ, സ്‌നേഹത്തിന്റെ, നന്മയുടെ സ്‌നേഹിതനെയാണ് നഷ്ടമായത്. മണി തനിക്കു കുറെ നല്ല ഭക്ഷണം പാകം ചെയ്ത് തന്നിട്ടുണ്ട്. തന്നോട് മണിക്ക് സ്‌നേഹമായിരുന്നു, ബഹുമാനമായിരുന്നു. ഇങ്ങനെയുള്ള സ്‌നേഹിതരെ കണ്ടുകിട്ടുക അത്ര എളുപ്പമല്ലെന്നും ലാൽ പറഞ്ഞു. മണിയുടെ ദുഃഖത്തിൽ പങ്കുചേരാൻ മാത്രമല്ല തന്റെ ദുഃഖത്തിൽ നിങ്ങളെ കൂടി പങ്കുചേർക്കാനാണ് താനിവിടെ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. സഹോദരനായും ജേഷ്ഠനായും മണി തന്നേയും താൻ മണിയേയും സ്‌നേഹിച്ചിരുന്നു. ആ ഓർമ എന്നും മനസിൽ സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടം. ഒരു ഞെട്ടലോടെ മാത്രമാണ് മണിയുടെ മരണം തനിക്ക് ഓർക്കാനാകൂവെന്നും മമ്മൂട്ടി പറഞ്ഞു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കണ്ടാണ് മണിയെ കൂടുതൽ അറിയുന്നതെന്ന് തമിഴ് സൂപ്പർതാരം വിക്രം പറഞ്ഞു. ജമിനിയിൽ വില്ലനായി മണിയെ വിളിച്ചതും ഈ അഭിനയ മികവ് കണ്ടിട്ടാണ്. എവിടെ വച്ചു കണ്ടാലും ആദ്യകാലത്തെ ആദരവ് മണി എപ്പോഴും കാണിച്ചിരുന്നു. മാസങ്ങൾക്കു മുമ്പ് ചാലക്കുടിയിലെത്തിയപ്പോൾ മണി വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ മണി തന്നെ കൂട്ടികൊണ്ടു പോയത് മണിയുടെ പഴയ വീട്ടിലേക്കായിരുന്നു. പുതിയ വീടിന്റെ പത്രാസ് കാണിക്കാതെ വന്ന വഴി മറക്കാത്ത മണി തന്നെ പഴയ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത് എനിക്ക് അദ്ഭുതമാണ് നൽകിയതെന്നും വിക്രം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മണി തന്നെ കാര്യമായി സഹായിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് എംപി. പറഞ്ഞു. എംപിയായാൽ തന്റെ നാട്ടുകാരായ വയോധികർക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവിടാനായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന് മണി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 17 ലക്ഷം രൂപ ചെലവിൽ നഗരസഭയിൽ വയോധികമന്ദിരം നിർമ്മിച്ച് താൻ വാക്കുപാലിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു.