കൊച്ചി: അകാലത്തിൽ പൊലിഞ്ഞ മലയാള താരം കലാഭവൻ മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം. ട്വിറ്ററിലൂടെയാണ് മണിക്ക് മോദി ആദരാഞ്ജലി അർപ്പിച്ചത്.

പ്രതീക്ഷകളുടെ കരിയറാണ് അപ്രതീക്ഷിതമായി പൊലിഞ്ഞത്. അഭിനയത്തിന്റെ വിവിധതലങ്ങളിൽ വിരാജിച്ച താരമായിരുന്നു മണിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

തങ്ങളുടെ ജീവന്റെ തന്നെ ഭാഗമായി നിറഞ്ഞുനിന്ന ചാലക്കുടിക്കാരൻ ഓട്ടോഡ്രൈവറുടെ വിയോഗം താങ്ങാനാകാതെ മലയാള സിനിമാലോകവും ഞെട്ടിത്തരിച്ചിരിക്കുകയാണ്. അവിശ്വസനീയമായ വാർത്തയെന്നാണു പലരും കലാഭവൻ മണിയുടെ വിയോഗവാർത്തയോടു പ്രതികരിച്ചത്. മാദ്ധ്യമങ്ങളിൽ നിന്നാണ് പലരും മണിയുടെ വിയോഗവാർത്ത അറിഞ്ഞതുതന്നെ.

കരുത്തിന്റെ പ്രതീകമായിരുന്നു കലാഭവൻ മണി: മമ്മൂട്ടി

കരുത്തിന്റെ പ്രതീകമായിരുന്നു കലാഭവൻ മണിയെന്നു നടൻ മമ്മൂട്ടി അനുസ്മരിച്ചു. നായകൻ, പ്രതിനായകൻ, സ്വഭാവനടൻ, ഹാസ്യനടൻ, ഗായകൻ, ആക്ഷൻ ഹീറോ തുടങ്ങി എല്ലാ മേഖലയിലും വിജയം വരിച്ച വ്യക്തിയാണ് മണിയെന്നു മമ്മൂട്ടി പറഞ്ഞു.

അവിശ്വസനീയമായ വാർത്ത: ജയറാം

അവിശ്വസനീയമായ വാർത്തയാണു കലാഭവൻ മണിയുടെ നിര്യാണമെന്നു നടൻ ജയറാം പറഞ്ഞു. ആദ്യകാലത്ത് തന്റെ ചിത്രങ്ങളിലായിരുന്നു മണി കൂടുതൽ അഭിനയിച്ചിരുന്നതെന്നും ജയറാം ഓർമിച്ചു.

മണിയുമായി രണ്ടുദിവസം മുമ്പുവരെ സംസാരിച്ചിരുന്നതാണെന്ന് ഇടവേള ബാബു പറഞ്ഞു. അവിശ്വസനീയമാണു മരണവാർത്തയെന്നു നടി പ്രവീണ അനുസ്മരിച്ചു.