തൃശൂർ: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാത്തത് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ വിഷമത്തിൽ ആക്കുന്നതാണ്. മരണത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതിന് ഇടെ ഒരു ഗാനം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുകയാണ. ആരുടെയും മനസിൽ നൊമ്പരമുണർത്തുന്നതാണ് ഈ ഗാനം. മണിയെ കൊലപ്പെടുത്തിയാണെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെ മണി അവസാനമായി പാടിയ പാടാണേന്നു പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ പാട്ട് പ്രചരിക്കുന്നത്. എന്നാൽ ഇതല്ല, മണിയുടെ അവസാന ഗാനമെന്നും എട്ടു വർഷം മുൻപ് മണി പാടിയ സിഡിയിലെ ഗാനമാണ് ഇപ്പോൾ മണിയുടെ അവസാന ഗാനമെന്ന് പറഞ്ഞ് പ്രചരിക്കുന്നത്.

ഈ ഗാനത്തിലെ വരികൾ ചൂണ്ടിക്കാട്ടി പാട്ട് മണിയുടെ ജീവിതത്തിൽ അറം പറ്റിയെന്ന് പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചത്.

'മേലെ പടിഞ്ഞാറേ സൂര്യൻ ,താനെ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില് തത്തി കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേ പുറത്തെ മുറ്റത്ത് ആറടി മണ്ണിൽ ഉറങ്ങിയല്ലോ
..ആറടി മണ്ണിൽ ഉറങ്ങിയല്ലോ..' - ഇങ്ങനെയാണ് പാട്ട് പോകുന്നത്.

കലാഭവൻ മണി അവസാനം പാടിയ ഗാനമാണെന്നും അതിൽ മണി പാടിയത് പോലെ ജീവിതത്തിലും ചതിയിൽ പെട്ട് ആറടി മണ്ണിൽ കലാഭവൻ മണി ഉറങ്ങി എന്നും പറഞ്ഞു കൊണ്ടായിരുന്നു ഏതാനും ദിവസങ്ങളിലായി ഈ ഗാനം പ്രചരിച്ചത്. പാട്ട് പാടിയത് പോലെ തന്നെയാത് അറം പറ്റിയ പോലെയായി മണിയുടെ ജീവതമെന്നും പറഞ്ഞു ഫേസ് ബുക്കിലും, വാട്‌സ് ആപിലും, യൂട്യൂബിലും ഈ ഗാനം പ്രചരിച്ചു. ഇങ്ങനെ വ്യാപകമായി പാട്ട് പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ തിരക്കി മണിയുടെ പ്രോഗ്രാം കോ-ഓഡിനേറ്റർ ജിന്റോയുമായി മറുനാടൻ ബന്ധപ്പെട്ടപ്പോഴാണ് ഈ ഗാനമല്ല മണിയുടെ അവസാന ഗാനമെന്ന് വ്യക്തമാക്കിയത്. ഇപ്പോൾ പ്രചരിക്കുന്ന ഗാനം എട്ട് വർഷം മുമ്പ് മണി ആലപിച്ചതാണെന്നും ജിന്റോ മറുനാടൻ മലയാളിയോട് പറഞ്ഞു.

കലാഭവൻ മണിയുടെ നാടൻ പാടുകൾ തരംഗമായ കാലം മുതലേ മണിയുടെ ഗാനങ്ങൾ സിഡിയായി ഇറക്കുന്ന മാരുതി കാസെറ്റിനു വേണ്ടി മണി എട്ടു വർഷങ്ങൾക്കു മുൻപ് പാടിയ ഗാനമാണ് 'മേലെ പടിഞ്ഞാറേ സൂര്യൻ'. അന്ന് മണി യാതൊരു വിവാദങ്ങളിലും പെടാതെ നിന്ന കാലമായിരുന്നു. എന്നാൽ ഇപ്പോൾ മണിയുടെ മരണവുമായി ബന്ധപെട്ടു ഉയർന്നുവന്ന ദുഹൂഹതകളുടെ പശ്ചാത്തലത്തിൽ ഈ ഗാനം തെറ്റിദ്ധാരണ പരത്തി പ്രചരിപ്പിക്കുകയായിരുന്നു. ആത്മഹത്യ അല്ലെങ്കിൽ മണിയെ ആരെങ്കിലും അപായപെടുത്തിയതാവാം എന്നുള്ള സാദ്ധ്യതകൾ തുറന്നു കാട്ടാനായും, ഇതു മണിക്ക് മുൻപേ അറിയാമായിരുന്നു എന്നൊക്കെയാണ് പാട്ടിനൊപ്പം പ്രചരിക്കുന്നത്.

മണി അവസാനം പങ്കെടുത്ത പൊതുപരിപാടി പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള ഗാനമേളയായിരുന്നു. ഈ പരിപാടിയിൽ മണി ഈ പാട്ടു അവസാനം പാടിയതെന്നും പ്രചരണമുണ്ട്. എന്നാൽ മണിയുടെ പ്രശസ്തമായ ഗാനങ്ങൾ എല്ലാം അന്ന് പാടിയിരുന്നു. ഇതിൽ ഈ ഗാനം ഉണ്ടായിരുന്നില്ലെന്നും ജിന്റോ വ്യക്തമാക്കി. സാധാരണയായി മണിയുടെ പ്രോഗ്രാമുകളിൽ പാടുന്ന പാട്ടുകൾ മാത്രമാന്നു മണി അവിടെയും പാടിയത്. എല്ലാ വർഷവും ശബരിമല അയ്യപ്പ ഭക്തിഗാനങ്ങൾ ഇറക്കുന്ന മണി ഇക്കുറി അത് ഇറക്കിയിരുന്നില്ല. അവസാനമായി മണി പാടിയ പാട്ട് 'ചിങ്ങമാസത്തിലെ കണ്ണിമാങ്ങ' എന്ന ഓഡിയോ സിഡിക്ക് വേണ്ടിയായിരുന്നു. ഈ ഗാനം ഇനിയും പുറത്തിറങ്ങിയിട്ടില്ല. പുറത്തിറങ്ങാത്ത കലാഭവൻ മണിയുടെ അവസാന ഗാനവും ചിങ്ങമാസത്തിലെ കണ്ണിമാങ്ങയാണ്.

'മേലെ പടിഞ്ഞാറേ സൂര്യൻ ,താനെ മറയുന്ന സൂര്യൻ എന്ന ഗാനം മണിയുടെ അവസാനം പാടിയ ഗാനമാണെന്നും ഇതിൽ തന്നെ മണി മരണത്തെ കുറിച്ചും പ്രസ്താവിക്കുന്നു എന്നൊക്കയാണ് പാട്ടിനൊപ്പം പ്രചാരണം നടക്കുന്നത്. ഈ ഗാനത്തിൽ ആരെയും അതിരുകടന്നു വിശ്വസിക്കാൻ പാടില്ലായെന്നും പാട്ടിന്റെ ഒരിടത്ത് മണി പറയാതെ പറയുന്നു. എന്നാൽ മണി എട്ടു വർഷം മുൻപ് പാടിയ പാട്ട് എങ്ങനെ മണിയുടെ അവസാന ഗാനമാകുമെന്ന് കലാഭവൻ മണിയുടെ അടുത്ത വൃത്തങ്ങൾ ചോദിക്കുന്നതു. ഒപ്പം മണിയുടെ മരണം സുഹൃത്ത്ബന്ധങ്ങളിൽ മണിക്ക് കിട്ടിയ തിരച്ചടി മനസില്ലാക്കി മണി ജീവൻ വേണ്ടിഞ്ഞതാവാം എന്നുള്ള പ്രചാരണം ശക്തിപെടുത്താനുള്ള ചിലരുടെ തന്ത്രമാണ് ഈ പാട്ടു കലാഭവൻ മണിയുടെ അവസാന ഗാനമെന്നു പറഞ്ഞു വൈറലാകുന്നതെന്നും സംശയം ഉയരുന്നുണ്ട്.

അക്രമരാഷ്ട്രീയത്തിനെതിരായ സന്ദേശം പകരുന്ന ഗാനത്തിലെ പല വരികളും ഏറെ ഹൃദയസ്പർശിയായാണ് മണി പാടിയിരിക്കുന്നത്. വീടിനും നാടിനും സൂര്യതേജസായി നിലകൊണ്ട ഒരാൾ ഒടുവിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്നതാണ് പാട്ടിന്റെ ഉള്ളടക്കം. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ചുവളരുകയും രാഷ്ട്രീയ പ്രവർത്തകനായി മാറുകയും ചെയ്യുന്നയാൾ കൊലക്കത്തിക്ക് ഇരയാകുന്നത് നൊമ്പരമുണർത്തുന്ന വരികളിലൂടെ മണി പാടുന്നു. ഓർമകൾ പോയ്മറഞ്ഞു, പാട്ടുകൾ നിന്നു... എന്ന വരികളോടെയാണ് ആറര മിനിറ്റ് നീളുന്ന പാട്ട് അവസാനിക്കുന്നത്.