കൊച്ചി: ഹാസ്യനടനെന്ന നിലയിൽ ശ്രദ്ധേയനായ കലാഭവൻ ഷാജോണെ മലയാളി ഒരു നടനെന്ന തരത്തിൽ അംഗീകരിച്ചതു ദൃശ്യം എന്ന ചിത്രത്തിനുശേഷമാണ്. മോഹൻലാൽ ചിത്രത്തിലെ സഹദേവൻ എന്ന വില്ലൻ പൊലീസുകാരനെ ഷാജോൺ അവിസ്മരണീയമാക്കി.

ഇപ്പോഴിതാ ഒരു സംവിധായകനാകുകയാണു കലാഭവൻ ഷാജോൺ. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ പൃഥ്വിരാജ് നായകനാകും. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.

പൃഥ്വിരാജിനൊപ്പം മൂന്നു സ്ത്രീ കഥപത്രങ്ങൾക്കും പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വർഷം അവസാനം ഷൂട്ടിങ് ജോലികൾ ആരംഭിക്കുംമെന്നു കലാഭവൻ ഷാജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു

ഷാജോൺ ചിത്രം ആയതുകൊണ്ട് പൂർണമായ ഒരു കോമഡി ചിത്രമാകില്ല എന്നാണ് സംവിധായകന്റെ വാദം. കോമഡി ഉള്ള ഒരു കുടുംബ ചിത്രം ആകും തന്റെ ആദ്യ സിനിമ എന്നും ഷാജോൺ പറഞ്ഞു. കഴിഞ്ഞ വർഷം ഏറ്റവും വലിയ കളക്ഷൻ നേടിയെടുത്ത മൾട്ടി സ്റ്റാർ ചിത്രമായിരുന്നു അമർ അക്‌ബർ അന്തോണി. ഇത് സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവർ നായകന്മാരായ ചിത്രം വലിയ ലാഭം ഉണ്ടാക്കി. ഇതിനു ശേഷമാണു കലാഭവൻ ഷാജോൺ പുതിയ ചിത്രവുമായി എത്തുന്നത്. എങ്കിലും അമർ അക്‌ബർ ആന്റണി പോലെ ഒരു ത്രൂ ഔട്ട് കോമഡി ചിത്രമാകില്ല തന്റെ സിനിമ എന്നാണ് ഷാജോൺ പറയുന്നത്.

വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും ആയിരിക്കും തമാശയുമുള്ള തന്റെ ആദ്യ സിനിമയിൽ എന്നും ഷാജോൺ അവകാശപ്പെടുന്നു. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.