- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യപ്പെട്ടത് ബ്രയിൻ മാപ്പിങ്; നടത്തിയത് വെറും നുണ പരിശോധനയും; ഏത് ഘട്ടത്തിലാണ് നുണ പരിശോധനയിൽ സഹകരിക്കാത്തതെന്ന് പറയാൻ സിബിഐയ്ക്ക് തന്റേടമുണ്ടോ എന്ന ചോദ്യവുമായി കലാഭവൻ സോബി; കോടതിയിൽ മറുപടി പറയിക്കുമെന്നും വെല്ലുവിളി; ബാലഭാസ്കറിനെ കൊന്നതെന്ന മൊഴിയിൽ ഉറച്ച് കലാഭവൻ സോബി; ഇനി നിർണ്ണായകം കോടതി നിലപാട്
കൊച്ചി: ബാലഭാസ്‌കർ കേസിൽ ഞാൻ പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ സിബിഐ നിലപാട് എടുത്താൽ അതിനെതിരെ നിയമ നടപടി എടുക്കുമെന്ന് കലാഭവൻ സോബി. ഏത് ഘട്ടത്തിലാണ് നുണ പരിശോധനയിൽ സഹകരിക്കാത്തതെന്ന് പറയാൻ സിബിഐയ്ക്ക് തന്റേടമുണ്ടോ എന്നും സോബി ചോദിക്കുന്നു. ഇനി നുണ പരിശോധനയിൽ കോടതിയിൽ സിബിഐ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
എപ്പോഴാണ് ഞാൻ സഹകരിക്കാത്തത് എന്ന് നിങ്ങൾ പറഞ്ഞേ മതിയാകൂ. ഇല്ലെങ്കിൽ കോടതിയിൽ നിങ്ങൾക്ക് മറുപടി പറയേണ്ടി വരും. ബ്രയിൻ മാപ്പിങ് വേണമെന്നാണഅ ഞാൻ ആവശ്യപ്പെട്ടത്. അതിന് സമ്മതിക്കാതെ നുണ പരിശോധനയിൽ ഒതുക്കിയതിൽ തന്നെ ദുരൂഹതയുണ്ട്-കലാഭവൻ സോബി പ്രതികരിച്ചു. കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് സോബിയുടെ പ്രതികരണം. സിബിഐയ്‌ക്കെതിരേയും പരോക്ഷ ആരോപണങ്ങൾ കലാഭവൻ സോബി ഉന്നയിക്കുന്നുവെന്നതാണ് പ്രധാനം.
രണ്ടാഴ്ച മുമ്പ് തന്നെ ഇസ്രയാലിൽ ഉള്ള കോതമംഗലം സ്വദേശിനി ഇപ്പോൾ വന്ന വാർത്തകൾ അതേ പടി നാട്ടിലുള്ള അവരുടെ അടുപ്പക്കാരോട് പറഞ്ഞിരുന്നു. അന്നു തന്നെ സിബിഐ ഡിവൈഎസ് പി സാറിനെ വിളിച്ചു ചോദിക്കുകയും അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിരുന്നുമുണ്ട്. അനന്ദകൃഷ്ണൻ സാറിൽ ഇപ്പോഴും വിശ്വാസമുണ്ട്. ഞാൻ കണ്ട കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അത് ആരു വിചാരിച്ചാലും മാറ്റി പറയാനും ഉദ്ദേശിച്ചിട്ടില്ലെന്ന് കലാഭവൻ സോബി പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ വിവാദങ്ങൾക്ക് വീണ്ടും പുതിയ തലം വരികയാണ്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം ഇന്ന് രാവിലെയാണ് ചാനലുകളിൽ എത്തിയത്. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാൾ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വർണക്കടത്ത് സംഘാംഗം റൂബിൻ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തി.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25നു പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നു സിബിഐ പറയുന്നു.
ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമുണ്ടാകുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കണ്ടിരുന്നു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം.
ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച് ഡിആർഐ അന്വേഷണം നടത്തിയിരുന്നു.
സോബിയുടെ മൊഴി ആസ്പദമാക്കി സിബിഐ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് നുണ പരിശോധനയിലെ ചർച്ചകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും സിബിഐ ഇനിയും നടത്തിയിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.