കൊച്ചി: മാലിന്യസംസ്‌കരണത്തിനും കൃഷിക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാധാന്യം നൽകി പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുകയാണ് കാലടി പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ വിവിധ പദ്ധതികളെക്കുറിച്ചും ഭാവി കാഴ്ചപ്പാടുകളെകുറിച്ചും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി ആന്റണി വിശദീകരിക്കുന്നു

മാലിന്യമുക്ത കാലടി ലക്ഷ്യം

മാലിന്യമുക്ത കാലടി എന്ന ലക്ഷ്യം മുന്നിൽകണ്ട് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഹരിതകർമസേന വഴി വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുന്നു. തരംതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിൽപ്പന നടത്തുന്നു. മാലിന്യസംസ്‌കരണത്തെകുറിച്ച് പഞ്ചായത്തിലെ വീടുകളിൽ നിർദ്ദേശം നൽകിവരുന്നുണ്ട്. ഇതുവഴി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴിവാക്കുകയും അവ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് നൽകുകയും ചെയ്യുന്നു. മാലിന്യം ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

ശക്തമായ കോവിഡ് പ്രതിരോധം

മികച്ച രീതിയിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തിച്ചു. ഈ കാലയളവിൽ ജനകീയ ഹോട്ടൽ വഴി രോഗികൾക്കും, വീടുകളിൽ ക്വാറന്റീനിൽ ഇരിക്കുന്നവർക്കും ഭക്ഷണം എത്തിച്ചുനൽകി. പഞ്ചായത്ത് പരിധിയിലെ കാലടി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നത്. ഇതിന് ആവശ്യമായ തുക പഞ്ചായത്ത് നൽകി. 100% വാക്‌സിനേഷൻ പൂർത്തിയാക്കാക്കി വാക്‌സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ വാർഡ് തലങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

മികച്ച പ്രവർത്തനവുമായി ആയുർവേദ മേഖല

ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാലടി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി കാഴ്ചവയ്ക്കുന്നത്. ആയുർവേദ മേഖലയിൽ 100 ശതമാനം പദ്ധതി തുകയും ചെലവഴിക്കാൻ പഞ്ചായത്തിനായി. ആയുർവേദ ആശുപത്രി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. രോഗികൾക്ക് സൗജന്യമായി ചികിത്സയും ഔഷധവും ഇവിടെ നിന്ന് നൽകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആയുർവേദ മേഖലയുടെ സേവനം പ്രയോജനപ്പെടുത്താനായി. കോവിഡാനന്തര പ്രശ്‌നങ്ങൾക്കുള്ള ചികിത്സയും ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

കൃഷിക്ക് മുൻതൂക്കം

കൃഷിക്ക് ഏറെ പ്രാധാന്യം നിറഞ്ഞ പ്രദേശമാണ് കാലടി. പ്രദേശത്തെ പ്രധാന കാർഷികവിളയാണ് ജാതി. നിരവധി അരി വ്യാപാരകേന്ദ്രങ്ങൾ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. കർഷകർക്ക് കൈത്താങ്ങായി നിരവധി പദ്ധതികൾ കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്നു. ജാതി, വാഴ, തെങ്ങ് കർഷകർക്കായി വളങ്ങൾ വിതരണം ചെയ്യുന്നു. കൃഷിഭവൻ വഴി പച്ചക്കറിത്തൈകൾ, ഫലവൃക്ഷത്തെകൾ, തെങ്ങിൻതൈകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്യുന്നു. പശു, ആട്, കോഴി എന്നിവയും വിതരണം ചെയ്യുന്നു.

ജനകീയമായി ജനകീയ ഹോട്ടൽ

മാതൃകാപരമായാണ് പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. കുറഞ്ഞ വിലയിൽ ഗുണനിലവാമുള്ളതും രുചികരവുമായ ഭക്ഷണം ജനകീയ ഹോട്ടലിൽ ലഭ്യമാണ്. നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. കോവിഡ് രൂക്ഷമായ കാലഘട്ടത്തിൽ ജനകീയ ഹോട്ടൽ വഴി വീടുകളിൽ ഭക്ഷണം എത്തിക്കാൻ സാധിച്ചു. മികച്ച രീതിയിലാണ് പഞ്ചായത്തിൽ കുടുംബശ്രീയുടെ പ്രവർത്തനം. നിരവധി സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ വഴി കൃഷിയും നടത്തിവരുന്നു.

തൊഴിലുറപ്പ്

പെരിയാറിന്റെ തീരത്തോട് ചേർന്ന് കിടക്കുന്ന കാലടി പഞ്ചായത്ത് 2018ലെ മഹാപ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ്. നദിയുടെ കൈവഴിയായ ചെറുതോടുകളും, ചാലുകളും കവിഞ്ഞൊഴുകിയതായിരുന്നു വെള്ളപ്പൊക്കത്തിന് പ്രധാനകാരണം. ഇനി ഈ സാഹചര്യം ഒഴിവാക്കാൻ തൊഴിലുറപ്പ് പദ്ധതിവഴി തോടുകളും, നീർച്ചാലുകളും, വൃത്തിയാക്കുകയും, ആഴം കൂട്ടുകയും ചെയ്യുന്നു. മഴക്കുഴി നിർമ്മാണം, ആട്ടിൻ കൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, കമ്പോസ്റ്റ് നിർമ്മാണം, റോഡ് നിർമ്മാണം, തോടുകളുടെ അരിക് കെട്ടി സംരക്ഷിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

എല്ലാവർക്കും സംരക്ഷണം

വിവിധ പദ്ധതികളിലൂടെ എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഒരുക്കുകയാണ് പഞ്ചായത്ത്. ശിശു സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അങ്കണവാടികൾ വഴി പോഷകാഹാര വിതരണം നടക്കുന്നു. പാലിയേറ്റീവ് കെയർ വഴി കിടപ്പുരോഗികൾക്കും, വയോജനങ്ങൾക്കും സേവനം നൽകുന്നു. സാമൂഹ്യക്ഷേമ പെൻഷനുകൾ കൃത്യമായി നൽകിവരുന്നു.

തീർത്ഥാടകർക്ക് വിശ്രമകേന്ദ്രം

തീർത്ഥാടനകേന്ദ്രങ്ങളാൽ പ്രസിദ്ധമാണ് കാലടി ഗ്രാമപഞ്ചായത്ത് . പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മലയാറ്റൂരും, കാഞ്ഞൂരും തീർത്ഥാടന കേന്ദ്രങ്ങളാണ്. മണ്ഡലകാലത്ത് നിരവധി ശബരിമല തീർത്ഥാടകരും പ്രദേശത്തുകൂടെ കടന്നുപോകുന്നു. തീർത്ഥാടന കാലത്ത് അവർക്ക് ആവശ്യമായ സൗകര്യങ്ങളും, വിശ്രമകേന്ദ്രവും പഞ്ചായത്ത് ഒരുക്കി നൽകുന്നുണ്ട്.

കാർഷിക മേഖലയ്ക്കും, മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് പദ്ധതികൾ നടപ്പിലാക്കും

തരിശുനിലം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നു. നിലവിൽ പഞ്ചായത്തിന്റെ കീഴിൽ മത്സ്യ , മാംസ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെ പച്ചക്കറി മന്തയും നിർമ്മിക്കും. കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചാണ് നിർമ്മാണം . ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ ആസ്തി വികസനം ലക്ഷ്യമിട്ട് പുതിയൊരു ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നു.