- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി; നിലനിൽക്കാത്ത ആരോപണങ്ങൾ ജനം തിരിച്ചറിയുമെന്നും എ എ റഹീം; നിനിത കണിച്ചേരിയുടെ നിയമന വിവാദം കത്തവെ ന്യായീകരണവുമായി ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: എംബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവകലാശാലയിൽ നിയമനം ലഭിച്ചതിൽ അപാകതയില്ലെന്ന് ഡിവൈഎഫ്‌ഐ. ഇത് സംബന്ധിച്ച് ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചാണ് നിയമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് അസംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ജീവനില്ലാത്ത, നിലനിൽക്കാത്ത ആരോപണങ്ങൾ ഉന്നയിക്കുകയായാണ്. ഇതൊക്കെ ജനം തിരിച്ചറിയും. ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് അക്കാദമിക്ക് സമൂഹം എന്താണ് കാണുകയെന്നും റഹീം ചോദിച്ചു. നിയമനത്തിനെതിരെ ആരോപണം ഉന്നയിച്ച വിദഗ്ധസമിതി അംഗത്തിന് രാഷ്ട്രീയമുണ്ടാകും. ഇന്റർവ്യൂ സമയത്ത് അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങൾ എല്ലാം റെക്കോർഡ് ആണ്. അത് അവിടെ ഉണ്ടാവുമല്ലോ?. അക്കാദമിക്ക് റിക്രൂട്ട്‌മെന്റിൽ സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ ഉണ്ടാവില്ല. യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചാണ് കാലടി സർവകലാശാലയിൽ നിയമനം നടത്തിയതെന്നും റഹീം പറഞ്ഞു.
കാലടി സർവകലാശാലയിലെ സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ വിവാദവും പ്രതിഷധവും കത്തുന്നതിനിടയിലാണ് വിശദീകരണവുമായി റഹീം രംഗത്തെത്തിയത്. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനമാണ് വിവാദമായിരിക്കുന്നത്. ഇവരുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്ധരും ചേർന്ന് വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകി. ഡോ. ഉമർ തറമേലിന് പുറമെ കെഎം ഭരതൻ, പി പവിത്രൻ എന്നിവരാണ് കത്ത് നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂന്ന് പേരും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് നിയമനമെന്ന നിലപാടിലാണ് വൈസ് ചാൻസലർ ധർമരാജ് അടാട്ട്. ഉയർന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്നാണ് എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകൾ കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കമ്പസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ സർവകലാശാല കവാടത്തിന് മുന്നിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാമ്പസിനുള്ളിൽ പ്രവേശിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് കെഎസ്.യു പ്രവർത്തകരാണ് ആദ്യം പ്രതിഷേധ മാർച്ചുമായെത്തിയത്. പിന്നാലെ യുവമോർച്ചാ, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സർവകലാശാലയിലേക്ക് സംഘടിച്ചെത്തി പ്രതിഷേധിച്ചു.
ഉയർന്ന അക്കാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാർഥിയെ തഴഞ്ഞാണ് എ.ബി.രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് ആരോപണം. സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത മട്ടിൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത അനുഭവമാണ് സംസ്‌കൃത സർവകലാശാലയിൽ ഉണ്ടായതെന്ന് സെലക്ഷൻ കമ്മറ്റി അംഗം ഉമർ തറമേൽ പറഞ്ഞു.
നിയമനം നടന്ന രീതിയോടുള്ള കടുത്ത എതിർപ്പും വിമർശനവും മറ്റു വിദഗ്ധസമിതി അംഗങ്ങൾക്കൊപ്പം സർവകലാശാലയെ അറിയിച്ചുവെന്നും ഇനി സബ്ജക്ട് എക്‌സ്‌പെർട്ട് പണിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ കുറിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഉമർ തറമേൽ പറഞ്ഞു. അതേസമയം, നിയമപ്രകാരമാണ് നിയമനമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
കേരളത്തിൽ നിയമനത്തിന് 'കമൽ മാനദണ്ഡമാണ്' പാലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. എന്നാൽ, യോഗ്യതയനുസരിച്ചാണ് നിയമം നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ മറുപടി. എം.ബി.രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രഫസറായി നിയമച്ചതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി.
വിവാദങ്ങളെതുടർന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയായായിരുന്നു രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തിൽ നിയമനം നൽകിയത്. ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് വിമർശനം ഉയർന്നത്.
ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയത്. ഇതിന് പിന്നിൽ ആശ്രിത നിമയനം എന്ന വാദം സജീവമായിരുന്നു. എന്നാൽ യോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് ന്യായികരിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി.
സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ് എക്സ് എംപി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും എക്സ് എംപി പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചിരുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
സംസ്‌കൃത സർവ്വകലാശാലാ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21നാണ് ഇന്റർവ്യു നടന്നത്. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്. ഒന്നാം റാങ്ക് കിട്ടിയത് നിനിത ആറിനായിരുന്നു. രണ്ടാം റാങ്ക് ഹസീന കെ പി എയ്ക്കും മൂന്നാം റാങ്ക് ഹിക്മത്തുള്ള വിക്കുമാണ്. ഈ റാങ്ക് പട്ടിക അട്ടിമറിച്ചാണ് എം.ബി.രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ