ബംഗലുരു: ബാഹുബലിയിൽ അഭിനയത്തികവും കൊണ്ടും ഡയലോഗ് കൊണ്ടും കാലകേയൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തെലുങ്കുതാരം പ്രഭാകർ മലയാളത്തിലേക്കും.മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പമാണ് കാലകേയന്റെ മലയാളത്തിലെ അരങ്ങേറ്റം. മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിലാണ് പ്രഭാകർ അഭിനയിക്കുന്നത്.

പരസ്യ സംവിധായകൻ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം ജയിൽ പശ്ചാത്തലമായ കഥയാണ് പറയുന്നത്.റിയലിസ്റ്റിക് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ് പരോൾ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മമ്മൂട്ടിയുടെ റോൾ ഇതിൽ എന്താണെന്ന് വ്യക്തമല്ല.തടവുകാരനാണോ അതോ അന്വേഷണ ഉദ്യോഗസ്ഥനാണോ എന്നതു സംബന്ധിച്ച് യാതൊരു വിവരവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.അതേസമയം ചിത്രത്തിൽ രണ്ടു നായികമാരുണ്ടെന്നാണ് സൂചന.മിയയാണ് നായികമാരിൽ ഒരാൾ.

ആക്ഷൻ ഹീറോ ബിജു ഫെയിം അരിസ്റ്റോ സുരേഷ് ലൊക്കേഷനിൽ ആലപിച്ച 'പരോൾ കാലം' എന്ന പാട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പരോൾ എന്ന പേര് ചിത്രത്തിന് നൽകിയത് എന്നും വാർത്തകളുണ്ട്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ബംഗലുരുവിൽ പുരോഗമിക്കുന്നു.

യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയാണ് പരോൾ. അജിത് പൂജപ്പുരയാണ് തിരക്കഥ. ബംഗളൂരുവിന് പുറമേ കേരളത്തിലും സിനിമ ചിത്രീകരിക്കും. ജയിൽ സീക്വൻസുകളാണ് ബാംഗ്ലൂരിൽ ചിത്രീകരിക്കുന്നത്. ആന്റണി ഡിക്രൂസ് എന്റർടെയ്ന്മെന്റിന്റെയും ജെ.ജെ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജൂഡ് സുധീറും ജൂബി നൈനാനും ചേർന്നാണ് നിർമ്മാണം.