തൃശൂർ: നൃത്തത്തിനുള്ള കേരള കലാമണ്ഡലത്തിന്റെ എം.കെ.കെ. നായർ പുരസ്‌കാരത്തിന് മഞ്ജുവാര്യർക്ക് എന്ത് അർഹതയാണുള്ളത്? 123 മണിക്കൂറും 15 മിനിട്ടും നിർത്താതെ മോഹിനിയാട്ടം ആടി ഗിന്നസ്ബുക്കിൽ ലോക റെക്കോഡ് നേടിയ ഹേമലത ചോദിക്കുന്നു.

കേരള കലാമണ്ഡലം എം.കെ.കെ. നായർ പുരസ്‌കാരം സിനിമാ നടി മഞ്ജുവാര്യർക്ക് കൊടുത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് വുമൺ പെർഫോമിങ് ആർട്ട്‌സ് അസോസിയേഷൻ സെക്രട്ടറി കൂടിയായ കലാമണ്ഡലം ഹേമലത രംഗത്തെത്തുന്നത്.

കലാമണ്ഡലത്തിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയ പാവം കലാകാരികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരരുത് എന്ന് വ്യക്തമാക്കിയാണ് ഭരതനാട്യത്തിൽ ഭാരതിദാസൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഹേമലത, മഞ്ജുവാര്യർക്ക് എംകെകെ നായർ പുരസ്‌കാരം നൽകുന്നതിൽ പ്രതിഷേധിക്കുന്നത്.

വർഷങ്ങളോളം കലാമണ്ഡലത്തിൽ കഠിന പഠനം നടത്തി ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും നൃത്തം അവതരിപ്പിച്ചും പരിശീലനം കൊടുത്തും ഉപജീവനം കഴിക്കുന്ന കലാമണ്ഡലം കലാകാരികളെ അവഗണിച്ചുകൊണ്ട് വെള്ളിത്തിരയിലെ നായികമാർക്കും നായകന്മാർക്കും പുരസ്‌കാരങ്ങൾ കൊടുക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് ഹേമലത വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷമായി നൃത്തത്തിനുവേണ്ടി മാത്രം ഉഴിഞ്ഞുവച്ച ജീവിതമാണ് ഞങ്ങളെപോലുള്ളവരുടേത്. കഴിഞ്ഞ പതിനഞ്ചുവർഷമായി മഞ്ജു ഞങ്ങളെപോലെ നൃത്തം ചവിട്ടിയിട്ടില്ല. സിനിമകളിൽ അഭിനയിക്കുന്നവർക്കാണോ കലാമണ്ഡലം നൃത്തത്തിനുള്ള അവാർഡ് കൊടുക്കേണ്ടത്? - ഹേമ ചോദിക്കുന്നു. മഞ്ജുവാര്യരുടെ സിനിമാജീവിതത്തിൽ അവർ നൃത്തത്തിന് എന്ത് സംഭാവനയാണ് നൽകിയിട്ടുള്ളത്. പാട്ടുസീനുകളിൽ അഭിനയിക്കുന്നതല്ല നൃത്തം എന്നും ഹേമലത ഓർമ്മപ്പെടുത്തുന്നു.

കലാമണ്ഡലത്തിലെ പരിമിതമായ പഠന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഞങ്ങളെപോലുള്ളവർ നൃത്തം അഭ്യസിച്ചിട്ടുള്ളത്. വൻ തുക കൊടുത്ത് ഏതെങ്കിലും പ്രശസ്തയായ നൃത്താധ്യാപികയുടെ കീഴിൽ നൃത്തം പഠിക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങളെപോലുള്ളവർക്ക് ഇല്ല. ഞങ്ങൾ നൃത്തക്കാരികൾ കുട്ടികളെ പരിശീലിപ്പിച്ചും ഞങ്ങൾക്ക് കിട്ടുന്ന ചെറിയ ചെറിയ വേദികളിൽ നൃത്തം ചെയ്തുമാണ് ഉപജീവനം കഴിക്കുന്നത്. സിനിമകളിൽ നിന്ന് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ലേഡി സൂപർ സ്റ്റാർ ഞങ്ങളെപ്പോലുള്ളവരുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടുവാരുമ്പോൾ ഓർക്കണം. മഞ്ജു ഈ അവാർഡ് സ്വീകരിക്കുന്നതിലല്ല, അത് മടക്കുന്നതിലാണ് അവരുടെ മഹത്വം, ഹേമലത തുടരുന്നു.

ഞങ്ങളിൽ പലരും നൃത്തത്തെ ബലികഴിച്ചുകൊണ്ട് പെട്രോൾ പമ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും മുഖം മറച്ചുകൊണ്ട് ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. ഞങ്ങൾ അസംഘടിതരാണ്. ഞാൻ ഇതിനെതിരെ പ്രതിഷേധിക്കുന്നതുകൊണ്ട് എന്നെയൊന്നും കലാമണ്ഡലം അധികൃതർ ആ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ പോലും കയറ്റുന്നില്ല. ഭരതനാട്യ വേഷമണിഞ്ഞുകൊണ്ട് ഞാൻ കാൽനടയായി പ്രതിഷേധിച്ചിട്ടുണ്ട്. ഞങ്ങളുടെ ശബ്ദമൊക്കെ ആരുകേൾക്കാൻ- ഹേമലത വികാരവായ്‌പ്പോടെ പറയുന്നു.

ഞാൻ 123 മണിക്കൂറും 15 മിനിട്ടും നിർത്താതെ മോഹിനിയാട്ടം ആടി ഗിന്നസ്ബുക്കിൽ ലോക റെക്കോഡ് നേടിയ വ്യക്തിയാണ്. എനിക്ക് ലിംക റെക്കോഡും കിട്ടിയിട്ടുണ്ട്. വേറേയും ഒരുപാട് പുരസ്‌കാരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാൻ ഇതൊക്കെ പറയുന്നത് എനിക്ക് വേണ്ടിയല്ല. 

കുന്നും മലയും ചവിട്ടി പുഴയും കായലും കടന്ന് ഗ്രാമങ്ങളിലും ആദിവാസി കോളനികളിലും മലയോര പ്രദേശങ്ങളിലും പാവപ്പെട്ടവർക്ക് നൃത്തം അഭ്യസിപ്പിക്കുന്ന ഞങ്ങളെപോലെ ഉള്ളവർക്കുവേണ്ടിയാണ്.

ഞങ്ങളുടെയൊക്കെ കീഴിൽ നൃത്തം അഭ്യസിക്കുന്ന കുട്ടികൾക്കും അവസരങ്ങളില്ല. അതിനൊക്കെ വേണ്ടിയാണ് ഞങ്ങൾ വുമൺ പെർഫോമിങ് ആർട്ട്‌സ് അസോസിയേഷൻ ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെ നിന്നുകൊണ്ടുവേണം മഞ്ജുവാര്യരുടെ നൃത്തത്തിനുള്ള സംഭാവനകളെ വിലയിരുത്തേണ്ടത്. ധനസഹായം കൊടുത്തതുകൊണ്ടോ വീട് വച്ചുകൊടുത്തതുകൊണ്ടോ നൃത്തം പരിപോഷിപ്പിക്കപ്പെടുന്നില്ലെന്നും ഹേമലത പറയുന്നു.