- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളമശ്ശേരി ഉറപ്പിക്കാൻ കെമാൽപാഷയെന്ന ഒറ്റമൂലിയുമായി കോൺഗ്രസ്; ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം അഴിമതി ചർച്ചയാക്കി ചെങ്കൊടി പാറിക്കാൻ ചാനൽ സിംഹം റഹിമിനെ ഇറക്കാൻ സിപിഎം; മകനായി സീറ്റ് ചോദിച്ച് ഇബ്രാഹിംകുഞ്ഞും; കളമശ്ശേരിയിൽ യുഡിഎഫിൽ ചിത്രം അവ്യക്തം; കരുത്തു കാട്ടാൻ ഇടതും
കൊച്ചി: കളമശേരി മണ്ഡലം ലീഗിൽ നിന്ന് ഏറ്റെടുക്കാനുള്ള നീക്കം കോൺഗ്രസ് സജീവമാക്കി. ഹൈക്കോടതി മുൻ ജസ്റ്റീസ് കെമാൽപാഷയെ സ്ഥാനാർത്ഥിയാക്കാനാണ് ഇത്. മുസ്ലിംലീഗ് നിലപാടാകും നിർണ്ണായകം. പാലാരിവട്ടം അഴിമതി കേസിൽ പെട്ട ഇബ്രാഹിംകുഞ്ഞിനെ മത്സരിക്കരുതെന്ന പരോക്ഷ സൂചന ലീഗിനും കോൺഗ്രസ് നൽകിയിട്ടുണ്ട്. ഈ സീറ്റിൽ സിപിഎം നോട്ടമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെമാൽപാഷയെ മത്സരിപ്പിക്കാനുള്ള നീക്കം.
കളമശ്ശേരി കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കൺവീനർക്കും കത്തു നൽകി. ജനവികാരം ഇബ്രാഹിം കുഞ്ഞിനും ലീഗിനും എതിരാണ്. ഇബ്രാഹിം കുഞ്ഞിന്റെ മകൻ മൽസരിച്ചിട്ടും കാര്യമില്ല, ഇടത് സ്ഥാനാർത്ഥിയായി എ.എ. റഹീം രംഗത്തിറങ്ങായാൽ ഇബ്രാഹിം കുഞ്ഞ് തോൽക്കുമെന്നും കത്തിൽ പറയുന്നു. ഷാജഹാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് കളമശേരി നിയോജകമണ്ഡലം കമ്മറ്റിയും രംഗത്തെത്തി.
കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്നു തൃപ്പുണ്ണിത്തുറ. ഇവിടെ എം സ്വരാജിനെ ഇറക്കിയുള്ള പരീക്ഷണം വിജയിച്ചു. ഇതേ മോഡലിലിൽ ഡിവൈഎഫ് ഐ നേതാവ് എ റഹിമിനെ സ്ഥാനാർത്ഥിയാക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ് മത്സരിച്ചാൽ തോൽവിയാകും ഫലം. ഈ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസും നീക്കം നടത്തുന്നത്. കളമശേരിയിൽ കെമാൽപാഷയ്ക്ക് ജയിക്കാനാകുമെന്നും പറയുന്നു. അഴിമതിക്കെതിരായ സിപിഎം വാദങ്ങൾ പൊള്ളയാണെന്ന് ചർച്ച സജീവമാക്കാനും കെമാൽപാഷയിലൂടെ കഴിയും.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ കളമശേരിയിലെ ലീഗിന് കാര്യമായ സ്വാധീനമില്ലെന്ന് മനസിലാക്കാമെന്നും യൂത്ത് കോൺഗ്രസ് പറയുന്നു. നഗരസഭയിലെ പത്ത് സീറ്റിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. ഏലൂർ നഗരസഭയിൽ ഒരാൾ പോലും ജയിച്ചില്ല. കുന്നുകര, കടുങ്ങല്ലൂർ, കരുമാലൂർ പഞ്ചായത്തുകളിലും എന്തിന് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഇടമായ ആലങ്ങാട് പോലും ലീഗിന്റെ പ്രകടനം ദയനീയമായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് പറയുന്നു.
കത്തിന്റെ കോപ്പി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനും യുഡിഎഫ് കൺവീനർ എം.എം. ഹസനും വച്ചിട്ടുണ്ട്. ഈ കത്തിലെ വികാരം ലീഗിനെ കോൺഗ്രസ് അറിയിക്കും. ഈ സീറ്റിൽ ഹസനും നോട്ടമുണ്ട്. എന്നാൽ സീറ്റ് കിട്ടിയാൽ കെമാൽപാഷയ്ക്ക് തന്നെ നൽകും. പുനലൂരിൽ മത്സരിക്കാനാണ് കെമാൽപാഷയെ കോൺഗ്രസ് സമീപിച്ചത്. എന്നാൽ എറണാകുളത്ത് മത്സരിക്കാമെന്ന് അ്‌ദ്ദേഹം അറിയിക്കുകയായിരുന്നു. ജയസാധ്യത കൂടി കണക്കിലെടുത്താണ് ഇത്.
പൊതു സമൂഹത്തിലെ വ്യക്തികൾ കോൺഗ്രസിനൊപ്പം വരുന്നുണ്ടെന്ന് ചർച്ചയാക്കാൻ കെമാൽപാഷയിലൂടെ കഴിയും. സിപിഎമ്മിനെതിരെ കടുത്ത നിലപാട് എടുത്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഇതെല്ലാം പരിഗണിച്ചാണ് കളമശ്ശേരിയിൽ കെമാൽപാഷയ്ക്ക് വേണ്ടി കോൺഗ്രസ് പിടിമുറുക്കുന്നത്. പകരം മലബാറിൽ ജയസാധ്യതയുള്ള സീറ്റുകൾ ലീഗിന് കൊടുക്കാനും സാധ്യതയുണ്ട്. എന്നാൽ എറണാകുളം ജില്ലയിലെ ലീഗിനുള്ള ഏക സീറ്റാണ് കളമശ്ശേരി. അതു വിട്ടുകൊടുക്കുന്നതിൽ ലീഗിലും അതൃപ്തിയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ അബ്ദുൾ ഗഫൂർ ആയിരിക്കും കളമശ്ശേരിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എന്നാണ് ലീഗുകാർ പറയുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ വിഇ അബ്ദുൾ ഗഫൂർ ആണ് മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി. നിലവിലെ സാഹചര്യത്തിൽ അബ്ദുൾ ഗഫൂറിന്റെ പേര് തന്നെയാണ് മണ്ഡലത്തിൽ ഉയരുന്നത്. ഇബ്രാഹിം കുഞ്ഞ് നിർദ്ദേശിക്കുന്ന ആൾ തന്നെ ആയിരിക്കും മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്നും അവർ പറയുന്നു. പാലാരിവട്ടം അഴിമതി ചർച്ചയായിക്കഴിഞ്ഞാൽ മണ്ഡലത്തിലെ വിജയസാധ്യത ചുരുങ്ങുമെന്ന വിലയിരുത്തലും മുസ്ലിം ലീഗിനുണ്ട്. അത് എങ്ങനെ സാധ്യമാക്കും എന്നതിനെ കുറിച്ചും ആലോചന നടക്കുന്നുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ പേരും മണ്ഡലത്തിൽ പരിഗണനയ്ക്ക് വന്നിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എത്തുകയാണെങ്കിൽ, പികെ ഫിറോസ് ലീഗ് സ്ഥാനാർത്ഥിയാകും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ ഇബ്രാഹിംകുഞ്ഞ് അനുകൂലിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ