കൊച്ചി: പള്ളി വികാരി അന്യായ തടങ്കലിൽ വെച്ചിരിക്കുന്ന ഭാര്യയെ വിട്ടുകിട്ടണമെന്ന ഭർത്താവിന്റെ ഹേബിയസ് കോർപസ് ഹരജിയിൽ ഹൈക്കോടതി അടിയന്തിര നോട്ടീസിന് ഉത്തരവായി. വരാപ്പുഴ അതിരൂപത ബിഷപ്പ് അടക്കമുള്ളവരെ എതിർകക്ഷികളാക്കി ചേർത്തിട്ടുള്ള ഹരജി പരിഗണിച്ച കോടതി അദ്ധ്യാപികയായ ഹരജിക്കാരന്റെ ഭാര്യയെ ഈ മാസം 10 ന് കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു.

കേസ് വീണ്ടും 10 ന് പരിഗണിക്കാൻ മാറ്റി. സ്‌കൂൾ അദ്ധ്യാപിക കൂടിയായ പ്രസ്റ്റീന ജൂലിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് എളങ്കുന്നപ്പുഴ സ്വദേശിയായ ഭർത്താവാണ് ഹരജി നൽകിയിരിക്കുന്നത്. ഞാറക്കലിലെ സ്വകാര്യ സ്‌കൂളിൽ ജോലിക്കു പോയ പ്രസ്റ്റീന തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ കളമശേരി പത്താം പീയൂസ് പള്ളി വികാരി ഫാ. ആന്റണി പോൾ കീരംപള്ളിക്കൊപ്പം പോകുന്നതായി ഇവർ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് പിതാവ് ഞാറക്കൽ പൊലീസിൽ പരാതി നൽകി.

രണ്ട് ദിവസത്തിന് ശേഷം വരാപ്പുഴ സ്വദേശി റെക്സി ഡിക്രൂസിനൊപ്പം അദ്ധ്യാപിക സ്റ്റേഷനിൽ ഹാജരായി. ആസാമിൽ ജോലി അന്വേഷിച്ച് പോയതാണെന്നും കിട്ടാതായപ്പോൾ തിരികെ വന്നതാണെന്നും പൊലീസിനേയും മജിസ്ട്രേറ്റിനേയും അറിയിച്ചു. തുടർന്ന് പോകാൻ അനുവദിച്ചെങ്കിലും കോതമംഗലം ധർമഗിരി വികാസ്ഭവൻ കോൺവെന്റിലേക്കാണ് സ്ത്രീ പോയതെന്ന് ഹരജിയിൽ പറയുന്നു.

കോതമംഗലത്തെ കോൺവെന്റിൽ ഫാ. ആന്റണി പോൾ കീരംപള്ളിയുടെ നിർദേശ പ്രകാരം പ്രസ്റ്റീന ജൂലിയെ അന്യായ തടവിൽ വെച്ചിരിക്കുകയാണ്. ഇതിന് റെക്സിയും ധർമഗിരി വികാസ്ഭവൻ കോൺവെന്റ് മദർ സുപ്പീരീയറും എല്ലാ സഹായവും നൽകുകയാണ്. സ്വന്തം സഭക്ക് കീഴിലെ വികാരി അദ്ധ്യാപികയെ അന്യായ തടങ്കലിൽ വെച്ചത് സംബന്ധിച്ച് മറുപടി പറയാൻ വരാപ്പുഴ അതിരൂപതാ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ എതിർകക്ഷിയാക്കിയിരിക്കുന്നത്.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ, ഞാറക്കൽ, കോതമംഗലം എസ്.ഐമാർ എന്നിവർക്ക് വേണ്ടി സർക്കാർ അഭിഭാഷകൻ നോട്ടീസ് സ്വീകരിച്ചു. ബിഷപ്പ്,ആരോപണ വിധേയനായ വികാരിയടക്കമുള്ള മറ്റ് എതിർകക്ഷികൾ എന്നിവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടു.