കൊച്ചി: ജനലക്ഷങ്ങൾ ഏറ്റുവാങ്ങിയ കേരളത്തിന്റെ സ്വന്തം കാശുവണ്ടി - 'ഉടൻ പണം' ഒന്നും ഒന്നും മൂന്നിലെത്തി! റിമി ടോമി അവതാരകയായ ക്രിസ്മസ് സ്‌പെഷൽ എപ്പിസോഡ് ഏവരേയും ആകർഷിച്ചു. ഉടൻ പണത്തിന്റെ അവതാരകരായ കലേഷും മാത്തുക്കുട്ടിയും ആയിരുന്നു ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയത്. മൂന്നുപേരും കൂടിച്ചേർന്നപ്പോൾ അതൊരു ക്രിസ്മസ് വിഭവവുമായി.

അവതാരകനും പാചക വിദഗ്ധനുമായ കലേഷിനും ആർജെ ആയിരുന്ന മാത്തുക്കുട്ടിക്കും ആദ്യം തന്നെ അസ്സലൊരു പണി കൊടുത്താണ് റിമി പരിപാടിയിലേക്കു വരവേറ്റത്. എന്താണെന്നല്ലേ? രുചികരമായ ഒരു കാപ്പിയുണ്ടാക്കുക എന്നതായിരുന്നു ആ ടാസ്‌ക്. ഇതു സിംപിളല്ലേ എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വേദിയിൽ നിർത്തിയിരുന്ന ആടിന്റെ പാൽ അപ്പോൾ തന്നെ കറന്ന് അതിന്റെ പാലെടുത്തു വേണമായിരുന്നു കാപ്പിയുണ്ടാക്കൽ.

രണ്ട് ആടുകളെ വേദിയിൽ കൊണ്ടു വന്നു. ഈ ആടിൽ നിന്ന് പാല് കറന്ന് കാപ്പിയുണ്ടാക്കി. പാചക കലയിലെ രാജകുമാരനാണ് കലേഷ്. എളുപ്പത്തിൽ ആട് കലേഷിന് വഴങ്ങി. മാത്തുക്കുട്ടിയും വിട്ടുകൊടുത്തില്ല. ആട്ടിൻപാലിന്റെ പ്രത്യേകതകൾ വിശദീകരിച്ച് ഉടമകളും വേദിയിൽ അങ്ങനെ തീർത്തും വ്യത്യസ്തമായ അവതരണം. അങ്ങനെ ക്രിസ്മസ് എപ്പിസോഡ് അടിപൊളിയാക്കി. പോരാത്തതിന് മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ നിന്ന് റിമി ടോമിയുടെ പാട്ടും. അങ്ങനെ അടിപൊളി.

പാചകവും അവതരണവും പോലെ തന്നെയുള്ള കലേഷിന്റെ മറ്റൊരു വീക്‌നസ് ആണ് മാജിക്. റിമി ടോമിയെയും മാത്തുക്കുട്ടിയെയും ഞെട്ടിച്ചുകൊണ്ട് പച്ചവെള്ളം വീഞ്ഞാക്കുന്ന മാജിക് ആണ് കലേഷ് അവതരിപ്പിച്ചത്. പാത്രത്തിലേക്ക് അക്ഷയപാത്രം പോലെ വറ്റാതെ വീഞ്ഞു നിറക്കുന്ന കാഴ്ചകണ്ട് റിമിയും മാത്തുക്കുട്ടിയും അത്ഭുതപ്പെട്ടു. ഈ മാജിക്കുമായായിരുന്നു ഷോയ്ക്ക് തുടക്കമായത്.

ഉടൻ പണത്തിന്റെ അവതാകരെത്തുമ്പോൾ പണവുമായി മടക്കാതെ വിടുന്നതെങ്ങനെ? ഉടൻ പണത്തിലേതിനു സമാനമായ എടിഎം ബോക്‌സിൽ നിന്ന് റിമി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നയാൾക്ക് പണവും ലഭിച്ചു. യാത്രകളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന കല്ലുവും മാത്തുവും തങ്ങളുടെ ഓർമയിലെ മറക്കാനാവാത്ത യാത്രകളെക്കുറിച്ചും റിമിയുമായി പങ്കുവച്ചു.