ലയാള സിനിമ ഒരു കാലത്ത് അടക്കി വാണ താരങ്ങളുടെ മക്കൾ എല്ലാം തന്നെ ഇന്ന് മലയാള സിനിമയിൽ മിന്നി തിളങ്ങുകയാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖറാണ് ആദ്യം എത്തി വെന്നിക്കൊടി പാറിച്ചത്. പിന്നാലെ ഗോകുൽ സുരേഷ് ഗോപിയും തരക്കേടില്ലാത്ത പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു. ഒടുവിലായി സൂപ്പർ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻ ലാലും ആദ്യ സിനിമയിൽ തന്നെ തിളങ്ങി.

എന്നാൽ പ്രണവിനും മുന്നേ മലയാള സിനിമയിൽ അരങ്ങേറിയതാണ് നടൻ ജയറാമിന്റെ മകൻ കാളിദാസ്. കാളിദാസ് അഭിനയിച്ച പൂമരത്തിലെ പാട്ട് ഇരു കൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ആ വരികൾ കൊച്ചു കുട്ടികളുടെ ചുണ്ടിൽ വരെ തത്തി കളിച്ചു. എ്‌നാൽ പാട്ടു റിലീസ് ചെയ്ത് രണ്ടു വർഷം പിന്നിട്ടിട്ടും ഈ സിനിമ ഇപ്പോഴും പെട്ടിയിൽ തന്നെയാണ്.

ഇതിനെ കളിയാക്കി നാളുകളിയാ ഫേസ്‌ബുക്കിലും മറ്റും ട്രോളുകൾ പാറികളിക്കുന്നുണ്ട്. തന്നെ കുറിച്ചുള്ള രസകരമായ ചില ട്രോളുകൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത് കാളിദാസൻ തന്നെയാണ്.

ദുൽഖറും പ്രണവും ഗോകുലുമെല്ലാം സൂപ്പർ കാറിലും ബൈക്കിലുമെല്ലാം പറക്കുമ്പോൾ കാളിദാസൻ ഇപ്പോഴും സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. കാളിദാസ് തന്നെയാണ് ട്രോൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കാളിദാസിന്റെ ട്രോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.