കൊച്ചി: കാളിദാസ് ജയറാം നായകനായ പൂമരം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒന്നര വർഷത്തെ ഷൂട്ടിങ്ങിനൊടുവിലാണ് ചിത്രം പൂർത്തിയായത്. വളരെ ട്രോൾ ചെയ്യപ്പെട്ട ചിത്രത്തിന് തീയറ്ററുകളിൽ നിന്ന സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സിനിമ കാണാൻ കാളിദാസിന്റെ കൂടെ മാതാപിതാക്കളായ ജയറാമും പാർവതിയും എത്തിയിരുന്നു. ചിത്രം മികച്ചതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

'എനിക്ക് കണ്ണൻ ചെറുപ്പകാലത്ത് സ്റ്റേജിൽ ചെയ്യുന്ന സ്‌കിറ്റുകളൊക്കെ കണ്ട് കരച്ചിൽ വരുമായിരുന്നു. അതുകൊണ്ട് പൂമരം സിനിമയുടെ ആദ്യ അരമണിക്കൂർ ഞാൻ കരഞ്ഞിട്ടേയില്ല. പിന്നെ ഞാൻ ഇമോഷനലായിപ്പോയി. വളരെ മികച്ചൊരു സിനിമയാണ് പൂമരം. ഞാൻ വളരെ സന്തോഷവതിയാണ്. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഒന്നൊന്നര വർഷത്തോളം ഒരുപരാതിയുമില്ലാതെ കൂടെ നിന്നൊരു നിർമ്മാതാവും ഉണ്ടായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.'-പാർവ്വതി പറയുന്നു.

'ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാൻ സാധിച്ചത് മഹാഭാഗ്യം. മകൻ അഭിനയിച്ചതിൽ കൂടുതൽ ഇങ്ങനെയൊരു നല്ല സിനിമയുടെ ഭാഗമാകാൻ സാധിച്ചു. മകന്റെ മുന്നിൽ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണുന്ന ആളാണ് ഞാൻ. എബ്രിഡ് ഷൈൻ ജനങ്ങളെ എവിടെയെങ്കിലും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാൽ മോൻ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയെന്ന് ജയറാമും കൂട്ടിച്ചേർത്തു.