ചെന്നൈ: സിനിമയ്ക്കായി സിക്‌സ് പാക്ക്‌ ബോഡിയുണ്ടാക്കാൻ താരങ്ങൾ ഏറെ പരിശ്രമിക്കുന്ന കാലമാണ് ഇത്. ഐ എന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാൻ നടൻ വിക്രം സഹിച്ച കഷ്ടപ്പാടുകളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് സിക്‌സ് പാക്ക് ബോഡിയുണ്ടാക്കാൻ പ്രത്യേക ഭക്ഷണം കഴിച്ചിരുന്നു. ഹാപ്പി ന്യൂ ഇയറിന് വേണ്ടി ഷാരൂഖ് ഖാനും സിക്‌സ് പാക്കുണ്ടാക്കി. ഇങ്ങനെ താരമൂല്യം നിലനിർത്താൻ വേണ്ടി സൂപ്പർതാരങ്ങൾ സഹിക്കുന്ന കഷ്ടപ്പാടുകൾ ചെറുതൊന്നുമല്ല. കഷ്ടപ്പെട്ടെങ്കിൽ മാത്രമേ തങ്ങളുടെ താരസിംഹാസനങ്ങൾ നിലനിർത്താൻ സാധിക്കൂവെന്ന് ഇവർക്ക് വ്യക്തമായി അറിയാം. താരപുത്രനായിട്ടും സിനിമയിൽ അവസരം നേടാൻ ജയറാമിന്റെ മകൻ കാളിദാസനും ഏറെ പരിശ്രമം നടത്തി.

ബാലതാരമായി ശോഭിച്ച കാളിദാസൻ രണ്ടാം വരവിന് ഒരുങ്ങുന്നത് കഠിനമായ പ്രയത്‌നങ്ങൾക്ക് ഒടുവിലാണ്. യുവതാരങ്ങൾ വിലസുന്ന തമിഴ് സിനിയിലൂടെയാണ് കാളിദാസന്റെ രണ്ടാം വരവ്. സിനിമയിൽ അവസരം കിട്ടാൻ 110 കിലോ തൂക്കമുണ്ടായിരുന്ന കാളിദാസൻ ശരീരഭാരം 72 കിലോയാക്കി കുറച്ചു. അതികഠിനമായ വ്യായാമമുറയിലൂടെയാണ് കാളി ഇത് സാധിച്ചെടുത്തത്. ഒരു സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പിതാവ് ജയറാമാണ് കാളിദാസൻ തടികുറച്ചത് എങ്ങനെയെന്ന് വിവരിച്ചത്.

ആർക്കും മാതൃകയാക്കാവുന്ന ചിട്ടകളാണ് പിന്നീട് കാളിദാസൻ ശീലിച്ചത്. കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കും, കടൽത്തീരത്ത് എട്ടുപത്ത് കിലോമീറ്റർ ഓടും. ജമ്മിൽ പോയി പരീശീലനവും കൂടി ആയപ്പോഴാണ് കാളി സിനിമാ നടന് വേണ്ടുന്ന വിധത്തിലേക്ക് മാറിയതെന്ന് ജയറാം പറുന്നു. മകന്റെ കഠിനപ്രയത്‌നം കണ്ട് പാർവതിക്ക് സങ്കടം തോന്നിയെങ്കിലും മകന്റെ ശ്രമം നല്ലൊരു കാര്യത്തിന് വേണ്ടിയാണെല്ലോ എന്ന് ആശ്വാസം കൊണ്ടു. ക്രമേണ ഒരു വർഷം കൊണ്ട് ഭാരം 72 കിലോയിലേക്ക് മാറ്റാൻ കാളിദാസന് കഴിഞ്ഞു.

അച്ഛനെ പോലെ തന്നെ മിമിക്രിയിലൂടെ സിനിമാ താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാളിദാനസ് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെയും മോഹാൻലാലിനെയും അനുകരിക്കാൻ മിടുക്കനായ കാളിദാസൻ ശരിക്കും സ്റ്റാറായത് വിജയ് ടിവിയുടെ അവാർഡ് ദാന ചടങ്ങിൽവച്ചാണ്. അന്ന് തമിഴകത്തെ സൂപ്പർതാരങ്ങളെ അനുകരിച്ചാണ് കാളിദാസൻ കൈയടി നേടിയത്. ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ് ഈ വീഡിയോ. ലോകത്തെങ്ങുമുള്ള മലയാളികൾക്കിടയിൽ മാത്രമല്ല തെന്നിന്ത്യൻ തമിഴക സൂപ്പർസ്റ്റാറുകളായ വിജയ് - അജിത് - സൂര്യത്രയത്തിന്റെ ആരാധകർക്കിടയിലും കാളിദാസന്റെ പ്രകടനം സൂപ്പർ ഹിറ്റാണ്. വിജയ് അവാർഡ് ദാനച്ചടങ്ങിനെത്തിയ തമിഴ് സിനിമയിലെ സൂപ്പർ താരങ്ങൾക്ക് മാത്രമല്ല അച്ഛൻ ജയറാമിനെയും അമ്പരപ്പിക്കുന്നതായിരുന്നു കാളിദാസന്റെ പ്രകടനം.

ഡിഗ്രി പൂർത്തിയായതോടെയാണ് കാളിദാസൻ സിനിമയിലേക്ക് ചുവടുവെക്കുന്നത്. ഇതേക്കുറിച്ച് ജയറാം പറയുന്നത് ഇങ്ങനെ: ഒന്നര വർഷം മുമ്പാണ് കണ്ണൻ എന്നോട് ഭാവിയെക്കുറിച്ച് സംസാരിച്ചത്. അതിനാൽ തന്നെ അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ അപ്രതീക്ഷിതമായിരുന്നു. ' അപ്പ അടുത്ത വർഷം ഡിഗ്രി ഫൈനൽ ഇയറാണ്. അതുകഴിഞ്ഞ് എനിക്ക് സിനിമയിലൊന്ന് ശ്രമിക്കണമെന്നുണ്ട്. ഇങ്ങോട്ടൊന്നും പറയണ്ട. എന്റെ ശരീരം ഓവർ വെയിറ്റാണെന്ന് എനിക്കറിയാം. അതൊന്ന് മാറ്റണമെന്ന് എനിക്കുണ്ട്. ഒരു ഒന്നൊന്നര വർഷത്തേക്ക് ഒരു ഫോട്ടോയിലോ ഇന്റർവ്യൂവിലോ ഒന്നും ഞാൻ വരാൻ പാടില്ല'.

അതിന് ശേഷമായിരുന്നു കാളിദാസൻ കഠിനപ്രയത്‌നം നടത്തിയതും ശരീരഭാരം കുറച്ചതം. ഒരു പക്ക കഥൈ എന്ന പേരിലുള്ള സിനിമയിലാണ് കാളിദാസൻ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണവും തുടങ്ങിക്കഴഞ്ഞു. ഈ സിനിമയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് കാളിദാസനിപ്പോൾ. തന്റെ കഠിനാധ്വാനം വെറുതേ ആവില്ലെന്ന പ്രതീക്ഷയിലാണ് കാളിദാസനും.